വലത് കാലിനു ശസ്‌ത്രക്രിയ റോജർ ഫെഡറർ 4 മാസത്തോളം പുറത്ത്

- Advertisement -

വലത് കാൽ മുട്ടിനു ശസ്‌ത്രക്രിയക്ക് വിധേയനായ റോജർ ഫെഡറർ ഏതാണ്ട് നാല് മാസത്തോളം ടെന്നീസ് മൈതാനത്ത് നിന്നും പുറത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഫെഡറർ തന്നെയാണ് വിവരം പുറത്ത് വിട്ടത്. ഈ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പൺ അവസാന എട്ടിൽ അമേരിക്കൻ താരം ടെന്നിസ് സാന്ദ്രനു എതിരായ മാരത്തോൺ മത്സരത്തിനിടെ ആണ് ഫെഡറർക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് വക വക്കാതെ ടൂർണമെന്റ് പൂർത്തിയാക്കാൻ ഫെഡറർക്ക് ആയിരുന്നു. അതിനു ശേഷം നദാലിന് ഒപ്പം ആഫ്രിക്കക്ക് ആയി സൗഹൃദമത്സരത്തിൽ ഏർപ്പെട്ടു എങ്കിലും ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിനു ശേഷം ടെന്നീസ് കളത്തിൽ തിരിച്ചു വന്നിട്ടില്ല. ഇന്നലെ ആയിരുന്നു ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഫെഡറർ കാൽ മുട്ടിനായുള്ള ശസ്ത്രക്രിയക്ക് വിധേയനായത്.

വിജയകരമാണ് ശസ്‌ത്രക്രിയ എന്നു പ്രതികരിച്ച ഫെഡറർ പക്ഷെ പുൽ മൈതാനത്തെ സീസൺ തുടങ്ങും വരെ കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്ന് വ്യക്തമാക്കി. അടുത്ത ആഴ്ച ദുബായ് ഓപ്പണിൽ കളത്തിലേക്ക് തിരിച്ചു വരും എന്ന് പ്രതീക്ഷിച്ച ഫെഡറർക്ക് ഇതോടെ ദുബായ് ഓപ്പൺ, ഇന്ത്യൻ വെൽസ്, ബൊഗോറ്റ, മിയാമി ഓപ്പൺ എന്നിവ നഷ്ടമാവും. കൂടാതെ ഫ്രഞ്ച് ഓപ്പണിലും ഫെഡറർ കളിക്കില്ല, കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനലിൽ എത്താൻ ഫെഡറർക്ക് ആയിരുന്നു. ഇതോടെ ഏതാണ്ട് 4 മാസം ടെന്നീസ് കളത്തിൽ നിന്ന് ഫെഡറർ പുറത്ത് ആവും. വിംബിൾഡണിൽ അതിശക്തമായി തിരിച്ചു വരാൻ ഫെഡറർക്ക് ആവും എന്നാണ് ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരുടെ പ്രതീക്ഷ.

Advertisement