ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ബാർട്ടി കിരീടം നേടി. സീഡ് ചെയ്യപ്പെടാത്ത വോണ്ട്രുസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം കീഴ്പ്പെടുത്തിയാണ് ബാർട്ടി കിരീടം നേടിയത്. സ്‌കോർ 6-1, 6-3. ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തോടെ എട്ടാം റാങ്കിൽ നിൽക്കുന്ന താരം തിങ്കളാഴ്ച വരുന്ന പുതിയ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും. ഒരിക്കൽ ക്രിക്കറ്റിന് വേണ്ടി ടെന്നീസ് ഉപേക്ഷിച്ചു പോയതാണ് ബാർട്ടി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
പുരുഷ വിഭാഗത്തിന്റെ ഫൈനലിൽ ഡൊമിനിക് തിം നദാലിനെ നേരിടും. മഴമൂലം ഇന്നലെ പുനരാരംഭിച്ച സെമി ഫഫൈനൽ മത്സരത്തിൽ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് തിം ഫൈനൽ നേട്ടം ആവർത്തിച്ചത്. കഴിഞ്ഞ വർഷവും തിം ഫൈനലിൽ എത്തിയിരുന്നു. പക്ഷേ നദാലിനോട് തോൽക്കാനായിരുന്നു വിധി. ഇത്തവണ വലിയ വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിലാണ് തിം ഇറങ്ങുന്നത്. റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന നദാലിനെ പിടിച്ചു കെട്ടുക അതും ക്ലേ കോർട്ടിൽ, അത്ര എളുപ്പമല്ലതാനും.