ചെറുപ്പകാലം മുതൽ സ്വപ്നം കണ്ട കിരീടം സ്വന്തമാക്കി സ്വന്തം നാട്ടിൽ ഓസ്ട്രിയൻ യുവതാരം ഡൊമനിക് തീം. വിയന്നയിൽ എ.ടി. പി 500 കിരീടം തന്റെ പ്രിയ സുഹൃത്ത് ആയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാനെ മറികടന്ന് ആണ് തീം നേടിയത്. രണ്ടര മണിക്കൂറിൽ ഏറെ നീണ്ടു നിന്ന 3 സെറ്റ് കടുത്ത പോരാട്ടത്തിന് ശേഷമാണ് തീം തന്റെ സ്വപ്നകിരീടം ഉയർത്തിയത്. ടൂർണമെന്റിൽ മൂന്നാം തവണയും സെമിഫൈനലിൽ എന്ന പോലെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു ഡൊമനിക് തീം കിരീടം ഉയർത്തിയത്. തീമിന്റെ സർവീസ് ആദ്യമെ ഭേദിച്ച അഞ്ചാം സീഡ് ഷ്വാർട്ട്സ്മാൻ 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ തിരിച്ചു വരാൻ ഉറച്ച ഒന്നാം സീഡ് ആയ തീമിൽ നിന്ന് മികച്ച പ്രകടനം ആണ് പിന്നീട് കണ്ടത്.
രണ്ടാം സെറ്റിൽ ഷ്വാർട്ട്സ്മാന്റെ കടുത്ത പോരാട്ടം അതിജീവിച്ച തീം സർവീസ് ഭേദിച്ച് 6-4 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. തീമിനായി ആർത്ത് വിളിച്ച കാണികൾ കൂടിയായപ്പോൾ ഷ്വാർട്ട്സ്മാനു മത്സരം കടുത്തു. മൂന്നാം സെറ്റിൽ ഷ്വാർട്ട്സ്മാന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച തീം തന്റെ മികവ് മുഴുവൻ പുറത്ത് എടുത്തു. പൊരുതാൻ ഉറച്ച ഷ്വാർട്ട്സ്മാന്റെ സർവീസ് ഒരിക്കൽ കൂടി ഭേദിച്ച തീം 6-3 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. സ്വന്തം മണ്ണിൽ ആദ്യ കിരീടനേട്ടം ആയി തീമിനു ഇത്. മത്സരശേഷം തങ്ങളുടെ സൗഹൃദം വ്യക്തമാക്കിയ ഇരുതാരങ്ങളും തല ഉയർത്തി തന്നെയാണ് കളം വിട്ടത്. വരും വർഷങ്ങളിൽ ടെന്നീസ് ലോകം ഭരിക്കും എന്ന് കരുതപ്പെടുന്ന താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം തന്നെയാണ് വിയന്നയിൽ പുലർത്തിയത്.