ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി. ജയത്തോടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് എത്താനും ഈ ഓസ്ട്രിയക്കാരന് സാധിച്ചു.
കഴിഞ്ഞ വർഷവും ഫെഡറർ ഇവിടെ ഫൈനലിൽ തോറ്റിരുന്നു. ആദ്യ സെറ്റ് പൂർണ്ണമായ ആധിപത്യത്തോടെ കളിച്ച ഫെഡറർ രണ്ടും മൂന്നും സെറ്റുകളിൽ അലസമായി കളിച്ചത് മുതലെടുത്താണ് തിം ജയിച്ചു കയറിയത്. ഇതിന് മുന്നേ നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലിലും തോറ്റ ശേഷമാണ് തിം കിരീടം നേടിയത്.