മിയാമി ഓപ്പൺ സെമിഫൈനലിൽ ഗ്രിഗർ ദിമിട്രോവിനെ 6-2, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെ നൊവാക് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറി. ഇതോടെ തന്റെ കരിയറിലെ 100-ാം കിരീടത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ജോക്കോവിച്. സെർബിയൻ താരം വെറും 69 മിനിറ്റിനുള്ളിൽ സെമി ഫൈനൽ ഫിനിഷ് ചെയ്തു.

ദിമിട്രോവിനെതിരായ തന്റെ ഹെഡ് ടു ഹെഡ് റെക്കോർഡ് 13-1 ആയി ഉയർത്താനും ജോക്കോവിചിനായി. 37-ാം വയസ്സിൽ, എടിപി മാസ്റ്റേഴ്‌സ് 1000 ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോക്കോവിച്ച് മാറി. ജിമ്മി കോണേഴ്‌സ് (109), റോജർ ഫെഡറർ (103) എന്നിവർക്ക് ശേഷം 100 എടിപി കിരീടങ്ങൾ എന്ന നാഴികക്കല്ല് എത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ വ്യക്തിയാകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അദ്ദേഹം ജാക്കുബ് മെൻസിക്കിനെയോ ടെയ്‌ലർ ഫ്രിറ്റ്‌സിനെയോ നേരിടും.