ഹാലെപ്പിന് കാലമായില്ല; കരോളിൻ വോസ്നിയാക്കിക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ കിരീട പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റുമാനിയയുടെ സിമോണ ഹാലെപ്പിന് തോൽവി. ആദ്യ രണ്ടു സീഡുകൾ തമ്മിലുള്ള ആവേശ പോരാട്ടത്തിൽ രണ്ടാം സീഡ് ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാക്കിയാണ് സിമോണയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 7-6, 3-6, 6-4.

ഈ വിജയത്തോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന റാങ്കിങ്ങിൽ ആറു വർഷങ്ങൾക്ക് ശേഷം ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാനും വോസ്നിയാക്കിക്കായി. അഞ്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒന്നാം സ്ഥാനം തിരികെ നേടിയ സെറീന വില്ല്യംസിന്റെ റെക്കോർഡ്‌ ഇതോടെ വോസ്നിയാക്കി മറികടന്നു. വനിതകളിൽ പലപ്പോഴും ഏകപക്ഷീയമായ ഫൈനൽ മത്സരങ്ങൾ കണ്ടു ശീലിച്ച ആസ്വാദകർക്ക് വിരുന്നായിരുന്നു ഇന്നത്തെ മത്സരം. രണ്ടുതാരങ്ങളും ഒന്നാംസ്ഥാനം സ്വന്തമാക്കുകയും ഗ്രൻഡ്സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്തവരാണ് എന്നുള്ളത് മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിച്ചു എന്നുവേണം പറയാൻ.

വർഷങ്ങൾക്ക് മുൻപ് അറുപതിലധികം ആഴ്ചകൾ ഒന്നാംസ്ഥാനം കയ്യാളുകയും ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്ത താരമെന്ന ദുഷ്‌പേര് മായ്ക്കാനും വോസ്നിയാക്കിക്ക് ഈ വിജയത്തോടെ സാധിച്ചു. ആദ്യ സെറ്റ് വോസ്നിയാക്കി അനായാസമായി നേടുമെന്ന് തോന്നിപ്പിച്ച അവസരത്തിൽ സെമി ഫൈനലിൽ കെർബർക്കെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ഹാലെപ്പ് ആവർത്തിച്ചതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച ഹാലെപ്പ് രണ്ടാം സെറ്റ് 6-3 ന് നേടി. പക്ഷേ മൂന്നാം സെറ്റിൽ ഉണർന്നു കളിച്ച വോസ്നിയാക്കി സെറ്റും മത്സരവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടുകയും ഗ്രൻഡ്സ്ലാം കിരീടം നേടാതിരിക്കുകയും ചെയ്ത താരമെന്ന മോശം റെക്കോർഡ് മറികടക്കാൻ ഹാലെപ്പിന് ഇനിയും കാത്തിരിക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement