ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ലൈനപ്പ് പൂർത്തിയായി. നിലവിലെ ചാമ്പ്യൻ റോജർ ഫെഡററും, നദാലും ഒരേ ഹാഫിൽ ആണെന്നുള്ളത് ഫൈനലിന് മുന്നേയുള്ള ഫൈനൽ ആകും എന്നത് തീർച്ച. പക്ഷേ സെമി വരെ എത്തുക എന്നത് ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള നദാലിനും, പ്രായം അത്യാവശ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫെഡറർക്കും എളുപ്പമാകില്ല. മറുവശത്ത് മിന്നും ഫോമിലുള്ള ജോക്കോവിച്ച് ടൂർ ഫൈനൽസിൽ തന്നെ പരാജയപ്പെടുത്തിയ സ്വരേവിന്റെ ഹാഫിലാണ്. പക്ഷേ മേജർ ടൂർണമെന്റുകളിൽ യുവനിരയ്ക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്താൻ സാധിക്കുന്നില്ല എന്നത് കണക്കിലെടുത്താൽ ജോക്കോവിച്ച് ഫൈനൽ വരെ എത്തുമെന്ന് തന്നെ കണക്ക് കൂട്ടാം. പരിക്കിൽ നിന്ന് മുക്തനായി മറെയും എത്തുന്നുണ്ട്. ഇതോടെ കുറേ കാലങ്ങൾക്ക് ശേഷം ‘ബിഗ് ഫോർ’ ഒരുമിച്ച് കളത്തിൽ ഇറങ്ങുന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും ഓസ്‌ട്രേലിയൻ ഓപ്പണിനുണ്ട്.
വനിതകളിൽ സിമോണ ഹാലെപ്, സെറീന എന്നിവർ ഒരേ ഹാഫിലാണ്. ആദ്യ മത്സരത്തിൽ സിമോണ നേരിടുന്നത് കനേപ്പിയെ ആണെന്നത് തുടക്കം മുതൽ ഒന്നാം സീഡിന് കാര്യങ്ങൾ അവതാളത്തിലാക്കും.
പ്രവചനം : കഴിവിനൊത്ത് ഉയരാത്ത യുവനിര ഇത്തവണ പുരുഷന്മാരുടെ ഫൈനലിൽ എത്തുകയോ, കപ്പ് ഉയർത്തുകയോ ചെയ്താൽ അത്ഭുതപ്പെടാനില്ല. പുരുഷ ടെന്നീസിൽ മാറ്റങ്ങൾക്ക് സമയമായി എന്നുതന്നെയാണ് കഴിഞ്ഞ വർഷം നൽകുന്ന സൂചന.