11 ദിവസത്തിനു ഇടയിൽ തുടർച്ചയായി 9 ജയങ്ങൾ, സുമിത് നാഗൽ മറ്റൊരു ഫൈനലിൽ

Wasim Akram

ഇന്ത്യൻ ഒന്നാം നമ്പർ സുമിത് നാഗൽ പെരുഗിയ എ.ടി.പി ചലഞ്ചർ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 11 ദിവസത്തിനു ഇടയിൽ തുടർച്ചയായ ഒമ്പതാം ജയം ആണ് ഇന്ത്യൻ താരത്തിന് ഇത്. കഴിഞ്ഞ ആഴ്ച ഹെയിൽബ്രോം ചലഞ്ചറിൽ കിരീടം നേടിയ നാഗൽ മറ്റൊരു കിരീടം ആണ് ലക്ഷ്യം വെക്കുന്നത്. സെമിഫൈനലിൽ സുഹൃത്ത് കൂടിയായ സ്പാനിഷ് താരം ബെർണബെ സാപ്റ്റ മിറാലസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് നാഗൽ മറികടന്നത്.

സുമിത് നാഗൽ

ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ നാഗൽ രണ്ടാം സെറ്റ് 1-6 നു കൈവിട്ടെങ്കിലും മൂന്നാം സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ ആറാം സീഡ് ആയ നാഗൽ ഒന്നാം സീഡ് ഇറ്റാലിയൻ താരം ലൂസിയാനോ ദാർദെറിയെ ആണ് നേരിടുക. കരിയറിൽ ആദ്യമായി ആണ് നഗാൽ തുടർച്ചയായി 9 ജയങ്ങൾ ജയിക്കുന്നത്. 2019 നു ശേഷം തുടർച്ചയായി രണ്ടു ചലഞ്ചറിൽ ഫൈനലിൽ എത്തുന്നതും ഇത് ആദ്യമായാണ്. നിലവിൽ 70 മത്തെ റാങ്കിലേക്കും നാഗൽ ഉയരും. കരിയറിൽ 61 മത്തെ റാങ്കിലേക്ക് ഉയരുക എന്ന നാഗലിന്റെ സ്വപ്നം താരത്തിന് നിലവിൽ അത്ര അകലെയല്ല.