റോട്ടർഡാമിൽ കിരീടം നിലനിർത്തി മോൻഫിൽസ്

- Advertisement -

റോട്ടർഡാം എ. ടി. പി മാസ്റ്റേഴ്സ് 500 ൽ കിരീടം നിലനിർത്തി ഫ്രഞ്ച് താരവും മൂന്നാം സീഡുമായ ഗെയിൽ മോൻഫിൽസ്. 19 വയസ്സ് കാരൻ ആയ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്മെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ കിരീടാനേട്ടം. 2020 ൽ മികച്ച ഫോമിൽ തുടരുന്ന ഫ്രഞ്ച് താരത്തിന്റെ ഈ വർഷത്തെ രണ്ടാം കിരീടം ആണ് ഇത്. ഇത് കരിയറിൽ ആദ്യമായാണ് 33 കാരനായ താരം ഒരു കിരീടം നിലനിർത്തുന്നതും രണ്ട് കിരീടങ്ങൾ ഒരു സീസണിൽ നേടുന്നതും. ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം തന്റെ തുടർച്ചയായ 9 ജയം കണ്ടത്തിയ താരത്തിന്റെ ടൂർണമെന്റിലെ തുടർച്ചയായ പത്താമത്തെ ജയം കൂടിയായിരുന്നു ഫൈനലിലേത്. 2020 ൽ കളിച്ച 15 ൽ 13 ലും ജയം കാണുകയും ചെയ്തു മോൻഫിൽസ്.

എന്നാൽ കളിച്ച നാലാമത്തെ ഫൈനലിലും നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങാൻ ആയിരുന്നു ഫെലിക്‌സിന്റെ വിധി. ആദ്യ സെറ്റിൽ ഫെലിക്‌സ് ചിത്രത്തിലെ ഇല്ലായിരുന്നു, സർവീസ് ബ്രൈക്കുകൾ കണ്ടത്തിയ മോൻഫിൽസ് 6-2 നു ആദ്യ സെറ്റ് നേടി മത്സരത്തിൽ ആധിപത്യം പിടിച്ചു. രണ്ടാം സെറ്റിൽ ആദ്യത്തെ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത മോൻഫിൽസ് കിരീടത്തിലേക്ക് അടുത്തു. ഒരിക്കൽ കൂടി ബ്രൈക്ക് വഴങ്ങിയ കനേഡിയൻ താരം 4 മാച്ച് പോയിന്റുകൾ രക്ഷിച്ച് മത്സരത്തിൽ തിരിച്ചു വരാൻ ശ്രമിച്ചു എങ്കിലും 6-4 നു രണ്ടാം സെറ്റിൽ കീഴടങ്ങുക ആയിരുന്നു. തോറ്റു എങ്കിലും 19 കാരനായ ഫെലിക്‌സ് തന്റെ കാലം വരാനിരിക്കുന്നത് ആണെന്ന വ്യക്തമായ സൂചനയാണ് നൽകിയത്. അതേസമയം സ്ഥിരത ഇല്ലായ്മക്ക് നിരന്തരം പഴി കേൾക്കുന്ന മോൻഫിൽസിന് ഈ കിരീടാനേട്ടം വലിയ നേട്ടം തന്നെയാണ്.

Advertisement