കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഫോകിന, സാഷയെ തകർത്തു സിറ്റിപാസും ഫൈനലിൽ

എ.ടി.പി 1000 മാസ്റ്റേഴ്സ് മോണ്ടെ കാർലോ ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി സ്പാനിഷ് താരം അലഹാൻഡ്രോ ഡേവിഡോവിച് ഫോകിന. കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനൽ ആണ് സ്പാനിഷ് താരത്തിന് ഇത്. സെമിഫൈനലിൽ ഗ്രിഗോർ ദിമിത്രോവിനെയാണ് ഫോകിന തോൽപ്പിച്ചത്. ടൂർണമെന്റിൽ ജ്യോക്കോവിച്ചിനെ അട്ടിമറിച്ച താരം സെമിയിൽ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ജയം കണ്ടത്.

20220417 014001

ആദ്യ സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം രണ്ടാം സെറ്റിൽ 5-3 നു മുന്നിൽ ആയെങ്കിലും ടൈബ്രേക്കറിൽ സെറ്റ് കൈവിട്ടു. മൂന്നാം സെറ്റ് പക്ഷെ 6-3 നു നേടിയ താരം ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. അതേസമയം രണ്ടാം സീഡ് അലക്‌സാണ്ടർ സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് നിലവിലെ ജേതാവും മൂന്നാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് തകർത്തു. തീർത്തും ഏകപക്ഷീയമായ പ്രകടനം പുറത്ത് എടുത്ത സിറ്റിപാസ് 6-4, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത ഗ്രീക്ക് താരം 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ സാഷയെ ബ്രൈക്ക് ചെയ്തു. കിരീടം നിലനിർത്താൻ ഇറങ്ങുന്ന സിറ്റിപാസിന് ഫോകിന വെല്ലുവിളി ആവുമോ എന്നു കണ്ടറിയണം.