ആഷ് ബാർട്ടി വിരമിച്ചതോടെ ലോക ഒന്നാം നമ്പർ ആയ ഇഗ സ്വിയാറ്റക് തന്റെ സമീപകാല മികവ് തുടരുന്നു. മിയാമിയിൽ രണ്ടാം സീഡ് ആയിരുന്ന ഇഗ 6-3, 6-3 എന്ന സ്കോറിന് 28 സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ തകർത്തു ആണ് സെമിയിൽ എത്തിയത്. 21 വയസ്സ് ആവുന്നതിനു മുമ്പ് തന്റെ നാലാം ഡബ്യു.ടി.എ 1000 സെമിയിൽ എത്തിയ പോളണ്ടിൽ നിന്നുള്ള ആദ്യ ലോക ഒന്നാം നമ്പർ എന്ന നേട്ടം ആഘോഷിക്കുക ആണ്. സെമിയിൽ അഞ്ചാം സീഡ് പൗള ബഡോസ പരിക്കേറ്റു പിന്മാറിയതോടെ സെമിയിൽ എത്തിയ പതിനാറാം സീഡ് ജെസിക്ക പെഗുല ആണ് ഇഗയുടെ എതിരാളി. ആദ്യ സെറ്റിൽ 4-1 ജെസിക്ക മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു പൗള മത്സരത്തിൽ നിന്നു പിന്മാറിയത്.
പുരുഷന്മാരിൽ രണ്ടാം സീഡ് അലക്സാണ്ടർ സാഷ സെരവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ച ആറാം സീഡ് കാസ്പർ റൂഡ് സെമിയിൽ എത്തി. ആദ്യ സെറ്റ് 6-3 നു നേടിയ റൂഡ് രണ്ടാം സെറ്റ് 6-1 നു കൈവിട്ടു എങ്കിലും മൂന്നാം സെറ്റ് 6-3 നു നേടി മത്സരം കയ്യിലാക്കുക ആയിരുന്നു. കരിയറിലെ ഏറ്റവും വലിയ ജയം ആണ് 23 കാരനായ റൂഡ് കുറിച്ചത്. കരിയറിൽ നാലാം എ.ടി.പി 1000 മാസ്റ്റേഴ്സ് സെമിഫൈനൽ ആണ് റൂഡിന് ഇത്. സെമിയിൽ സീഡ് ചെയ്യാത്ത അർജന്റീന താരം ഫ്രാൻസിസ്കോ സെറുഡോള ആണ് റൂഡിന്റെ എതിരാളി. ക്വാർട്ടറിൽ ഒമ്പതാം സീഡ് യാനിക് സിന്നർ പരിക്കേറ്റു പിന്മാറിയതോടെ ആണ് ഫ്രാൻസിസ്കോ സെമിയിൽ എത്തിയത്. ആദ്യ സെറ്റിൽ ഫ്രാൻസിസ്കോ 4-1 നു മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു സിന്നറുടെ പിന്മാറ്റം. ഇത് വരെ ടൂർണമെന്റിൽ കളിച്ച നാലു എതിരാളികളും പരിക്കേറ്റു പിന്മാറിയതിനാൽ സെമിയിൽ എത്തിയ ഫ്രാൻസിസ്കോ ഭാഗ്യത്തിന്റെ അകമ്പടിയോടെ ആണ് മിയാമിയിൽ അവസാന നാലിൽ എത്തിയത് എന്നതാണ് വാസ്തവം.