ഭാവി സൂപ്പർ താരം എന്ന പ്രതീക്ഷകൾ ശരി വച്ചു മികവ് തുടർന്ന് 18 കാരൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ. മൂന്നാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെതിരെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് അൽകാരസ് ഇന്ന് മിയാമിയിൽ പുറത്ത് എടുത്തത്. സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് താരം മറികടന്നത്. മികച്ച റാലികളും മനോഹരമായ ഷോട്ടുകളും നിറഞ്ഞ മത്സരത്തിൽ 14 സീഡ് ആയ അൽകാരസ് തന്റെ മികവ് കാണിക്കുക ആയിരുന്നു.
കടുത്ത പോരാട്ടം ആണ് ആദ്യ സെറ്റിൽ കണ്ടത്. എങ്കിലും അവസാനം നിർണായക ബ്രൈക്ക് കണ്ടത്തിയ അൽകാരസ് 7-5 നു സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ കൂടുതൽ മുൻതൂക്കം കണ്ടത്തിയ സ്പാനിഷ് യുവതാരം സെറ്റ് 6-3 നു നേടി മിയാമിയിൽ അവസാന എട്ടിൽ ഇടം പിടിക്കുക ആയിരുന്നു. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത സിറ്റിപാസിനെ നാലു തവണയാണ് അൽകാരസ് ബ്രൈക്ക് ചെയ്തത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയ സ്പാനിഷ് താരം 11 ബ്രൈക്ക് അവസരങ്ങൾ ആണ് സിറ്റിപാസിന്റെ സർവീസിൽ സൃഷ്ടിച്ചത്. എ.ടി.പി 1000 മാസ്റ്റേഴ്സിൽ തുടർച്ചയായ രണ്ടാം തവണയാണ് അൽകാരസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. അതേസമയം 11 സീഡ് ടെയിലർ ഫ്രിറ്റ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു മിയോമിർ കെച്മനോവിച്ചും ക്വാർട്ടറിൽ എത്തി.