എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവ് ഫൈനലിൽ. അഞ്ചാം സീഡ് ഉമ്പർട്ട് ഹുർകാഷിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് റൂബ്ലേവ് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഹുർകാഷ് സെറ്റ് 6-3 നു സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ പക്ഷെ ഹുർകാഷിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത റൂബ്ലേവ് സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. വാശിയേറിയ പോരാട്ടം ആണ് മൂന്നാം സെറ്റിൽ കാണാൻ ആയത്. ഇരു താരങ്ങളും ബ്രൈക്ക് വഴങ്ങാതിരുന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. മികച്ച പോരാട്ടം കണ്ട ടൈബ്രേക്കറിൽ ജയം കണ്ട റഷ്യൻ താരം അവസാനം ഫൈനലിലേക്ക് മുന്നേറി.
മത്സരത്തിൽ 27 ഏസുകൾ ആണ് ഹുർകാഷ് റൂബ്ലേവിനു എതിരെ ഉതിർത്തത്. രണ്ടാം സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചു സെമിയിൽ എത്തിയ ജിറി വെസ്ലി ആറാം സീഡ് ഡെന്നിസ് ഷപോവലോവിനെയും സെമിയിൽ വീഴ്ത്തി. മൂന്നു ടൈബ്രേക്കറുകൾ കണ്ട സെമിയിൽ വെസ്ലി 19 ഏസുകൾ ആണ് ഉതിർത്തത്. രണ്ടു തവണ ബ്രൈക്ക് കണ്ടത്താൻ ഇരു താരങ്ങൾക്കും മത്സരത്തിൽ ആയെങ്കിലും ടൈബ്രേക്കറുകൾ വഴി ആണ് മത്സരത്തിലെ ഓരോ സെറ്റിലും വിധി എഴുതിയത്. ഫൈനലിൽ വെസ്ലി അട്ടിമറി തുടരുമോ മറ്റൊരു കിരീടം നേടാൻ റൂബ്ലേവിനു ആവുമോ എന്നു കണ്ടറിയാം.