മാഴ്സെയിൽ ഒരു സെറ്റ് പോലും വഴങ്ങാതെ കിരീടം നിലനിർത്തി സ്റ്റിസ്റ്റിപാസ്

എ. ടി. പി ടൂറിൽ മാഴ്സെ ഓപ്പണിൽ തന്റെ കിരീടം നിലനിർത്തി ഗ്രീക്ക് താരവും രണ്ടാം സീഡും ആയ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. ടൂർണമെന്റിൽ ഒരു സെറ്റ് പോലും വഴങ്ങാതെ ആയിരുന്നു ഗ്രീക്ക് താരത്തിന്റെ കിരീടാനേട്ടം. കരിയറിൽ ഇത് ആദ്യമായാണ് സ്റ്റിസ്റ്റിപാസ് ഒരു കിരീടം നിലനിർത്തുന്നത്. 2020 തിലെ തന്റെ ആദ്യ കിരീടം ഉയർത്തിയ സ്റ്റിസ്റ്റിപാസിന്റെ കരിയറിലെ അഞ്ചാം കിരീടം കൂടി ആയിരുന്നു ഇത്. കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ അലിയാസ്‌മെയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന സ്റ്റിസ്റ്റിപാസ് കനേഡിയൻ താരത്തിന് തുടർച്ചയായ അഞ്ചാം ഫൈനലിലും തോൽവി സമ്മാനിച്ചു.

ആദ്യ സെറ്റിൽ ഫെലിക്സിന്റെ സർവീസുകൾ ബ്രൈക്ക് ചെയ്തു തുടങ്ങിയ സ്റ്റിസ്റ്റിപാസിന് നല്ല തുടക്കം ആണ് ലഭിച്ചത്. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ചു പൊരുതാൻ ഫെലിക്‌സ് ശ്രമിച്ചു എങ്കിലും 6-3 നു ഈ സെറ്റ് നേടിയ സ്റ്റിസ്റ്റിപാസ് മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിലും സമാനമായ പ്രകടനം തുടർന്ന ഗ്രീക്ക് താരം 6-4 നു ഈ സെറ്റും സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. 2020 ൽ നിലവിലെ ഫോമിൽ തുടർന്ന് കൂടുതൽ കിരീടങ്ങൾ ആവും സ്റ്റിസ്റ്റിപാസ് ലക്ഷ്യം വക്കുക. അതേസമയം കളിച്ച 5 ഫൈനലുകളിലും ഇതുവരെ ഒരു സെറ്റ് പോലും നേടാൻ ആവാത്തത് 19 കാരനായ ഫെലിക്സിനു വലിയ നിരാശ സമ്മാനിക്കും.