എ.ടി.പി 500 മാസ്റ്റേഴ്സ് ആയ സെർബിയൻ ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ജ്യോക്കോവിച്ച് ജയം കണ്ടത്. മൂന്നാം സീഡ് ആയ കാരൻ ഖാചനോവിന് എതിരെ ആദ്യ സെറ്റ് 6-4 നു ജ്യോക്കോവിച്ചിന് നഷ്ടമായി. എന്നാൽ രണ്ടാം സെറ്റ് 6-1 നു തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് മൂന്നാം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.
ഫൈനലിൽ മറ്റൊരു റഷ്യൻ താരവും രണ്ടാം സീഡും ആയ ആന്ദ്ര റൂബ്ലേവിനെയാണ് ജ്യോക്കോവിച്ച് നേരിടുക. സെമിഫൈനലിൽ ആറാം സീഡ് ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആന്ദ്ര റൂബ്ലേവ് വീഴ്ത്തിയത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് റൂബ്ലേവ് കാണിച്ചത്. 5 ഏസുകൾ ഉതിർത്ത താരം 4 തവണ എതിരാളിയെ ബ്രൈക്കും ചെയ്തു. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. ഞായറാഴ്ച 5.30 നു ആണ് ഫൈനൽ മത്സരം നടക്കുക.