അട്ടിമറികൾ കണ്ട് മെക്സിക്കൻ ഓപ്പൺ, സെരവും ഫെലിക്‌സും പുറത്ത്

- Advertisement -

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ രണ്ടാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവും നാലാം സീഡ് കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്‌മെയും ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടോമി പോളിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെരവിന്റെ തോൽവി. മത്സരത്തിൽ 10 സർവീസ് ഇരട്ടപിഴവുകൾ ആണ് സെരവ് വരുത്തിയത്. സർവീസിലെ ഈ പിഴവുകൾ തന്നെയാണ് ജർമ്മൻ താരം പരാജയപ്പെടാനും കാരണം. ഓരോ സെറ്റിലും ഓരോ വീതം സർവീസ് ബ്രൈക്ക് വഴങ്ങിയ സെരവ് 6-3, 6-4 എന്ന സ്കോറിന് ആണ് മത്സരം കൈവിട്ടത്. കരിയറിൽ ആദ്യമായാണ് ടോമി പോൾ ആദ്യ പത്തിൽ ഉള്ള ഒരു താരത്തെ തോല്പിക്കുന്നത്.

അതേസമയം ബ്രിട്ടീഷ് താരം കെയിൽ എഡ്മണ്ടിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാലാം സീഡ് ഫെലിക്‌സ് വീണത്. 13 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഫെലിക്‌സിന് എതിരെ ഓരോ സെറ്റിലും ഓരോ ബ്രൈക്ക് വീതം നേടിയ ബ്രിട്ടീഷ് താരം 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ഫെലിക്സിനെ വീഴ്ത്തി. കഴിഞ്ഞ 2 ടൂർണമെന്റിലും ഫൈനൽ കളിച്ച ഫെലിക്സിന് മെക്സിക്കോ നിരാശ ആയി. അതേസമയം നാട്ടുകാരൻ ആയ മാർക്കോസിനെ മറികടന്ന അഞ്ചാം സീഡ് ആയ അമേരിക്കൻ താരം ജോൺ ഇസ്നറും അവസാന എട്ടിൽ ഇടം പിടിച്ചു. 6-3, 7-6 എന്ന സ്കോറിന് ആയിരുന്നു ഇസ്‌നറിന്റെ ജയം.

Advertisement