മെക്സിക്കൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി സെരവും ഫെലിക്‌സും

- Advertisement -

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവ്. ജേസൻ ജൂങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് സെരവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ ടൈബ്രെക്കറിലേക്ക് നീട്ടിയ എതിരാളി മികച്ച പോരാട്ടം ആണ് നടത്തിയത്. എന്നാൽ ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ സെരവ് രണ്ടാം സെറ്റിൽ പക്ഷെ എതിരാളിയെ നിലം തൊടീച്ചില്ല. 6-1 നു രണ്ടാം സെറ്റ് നേടി മത്സരം കൈക്കലാക്കി സെരവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 12 ഏസുകൾ ആണ് മത്സരത്തിൽ സെരവ് ഉതിർത്തത്. എന്നാൽ സെരവിന്റെ സഹോദരൻ മിച്ച സെരവ് ആദ്യ റൗണ്ടിൽ പുറത്ത് ആയി.

അഞ്ചാം സീഡ് ആയ അമേരിക്കൻ താരം ജോൺ ഇസ്‌നറിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മിച്ച തോറ്റത്. ആദ്യ സെറ്റ് 6-3 നു നേടിയ ഇസ്‌നർ രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെയും നേടി മത്സരം സ്വന്തമാക്കി. വലിയ സർവീസുകൾക്ക് പേരു കേട്ട ഇസ്നർ 22 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. മറ്റൊരു മത്സരത്തിൽ ജയം കണ്ട് കാനഡയുടെ 19 കാരനും നാലാം സീഡും ആയ ഫെലിക്‌സ് ആഗർ അലിയാസ്‌മെയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം അലക്സ് ബോൾട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫെലിക്‌സ് മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ ഫെലിക്‌സ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ ആണ് സ്വന്തമാക്കിയത്.

Advertisement