മെക്സിക്കൻ ഓപ്പണിൽ നദാൽ രണ്ടാം റൗണ്ടിൽ, ക്യൂരിയോസ് പരിക്കേറ്റു പിന്മാറി

- Advertisement -

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ ഒന്നാം സീഡ് റാഫേൽ നദാൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നാട്ടുകാരൻ ആയ പാബ്ലോ അന്ദുജാറെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് സ്പാനിഷ് താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 2 തവണ സർവീസ് ബ്രൈക്ക് വഴങ്ങി എങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത നദാൽ ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-2 നും സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. മെക്സിക്കോയിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന നദാലിന് ടൂർണമെന്റിൽ ഇത് വളരെ നല്ല തുടക്കം ആണ്. അതേസമയം നിലവിലെ ജേതാവ് ആയ ഓസ്‌ട്രേലിയൻ താരം നിക്ക് ക്യൂരിയോസ് ആദ്യ റൗണ്ടിൽ തന്നെ പരിക്കേറ്റു മത്സരത്തിൽ നിന്ന് പിന്മാറി.

ആദ്യ സെറ്റ് ഉഗോ ഹുമ്പർട്ടിനോട് 6-3 നു നഷ്ടമായ ശേഷം ആയിരുന്നു ആറാം സീഡ് കൂടിയായ ഓസ്‌ട്രേലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്. മറ്റൊരു മത്സരത്തിൽ ദാമിറിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ഏഴാം സീഡ് ആയ ഗ്രിഗോർ ദിമിത്രോവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു ബൾഗേറിയൻ താരത്തിന്റെ ജയം. മറ്റൊരു മത്സരത്തിൽ അമേരിക്കൻ താരം സ്റ്റീവ് ജോൺസനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന് ക്രൊയേഷ്യയുടെ എട്ടാം സീഡ് തുസാൻ ദജോവിച്ചും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു 6-4, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കിയ ക്രൊയേഷ്യൻ താരത്തിന്റെ ജയം.

Advertisement