ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റൂബ്ലേവും സിന്നറും അടക്കമുള്ളവർ

20220223 142322

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റഷ്യയുടെ രണ്ടാം സീഡ് ആന്ദ്ര റൂബ്ലേവ്. പരസ്പരം ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ രണ്ടു മത്സരത്തിലും ജയം കണ്ട ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇത്തവണ റൂബ്ലേവ് ഒന്നാം റൗണ്ടിൽ തകർത്തത്. മികച്ച പോരാട്ടം നൽകിയ ബ്രിട്ടീഷ് താരത്തിന് എതിരെ 6-4, 7-5 എന്ന സ്കോറിന് റഷ്യൻ താരം ജയം കണ്ടു. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത റൂബ്ലേവ് 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

സ്പാനിഷ് താരം ഫോകിനയെ 4-6, 7-6, 6-3 എന്ന കടുത്ത മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് നാലാം സീഡ് ആയ ഇറ്റാലിയൻ താരം യാനിക് സിന്നർ രണ്ടാം റൗണ്ടിൽ എത്തിയത്. ഫുക്ഷോവിഷിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തിരിച്ചു വന്നു തോൽപ്പിച്ച ആറാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവും രണ്ടാം റൗണ്ടിൽ എത്തി. അഞ്ചാം സീഡ് ഹുർകാഷ്, ഏഴാം സീഡ് അസ്ലൻ കാരസ്‌തേവ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അലക്‌സ് ഡി മിനാറിനെ വീഴ്ത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ റഷ്യൻ താരം കാരൻ ഖാചനേവിനും ആയി. രണ്ടാം റൗണ്ടിൽ ജ്യോക്കോവിച്ച് ആണ് റഷ്യൻ താരത്തിന്റെ എതിരാളി.