ദുബായ് ഓപ്പണിൽ സെമിയിലേക്ക് മുന്നേറി സ്റ്റിസ്റ്റിപാസ്, റൂബ്ലേവിനെ അട്ടിമറിച്ച് ഇവാൻസും സെമിയിൽ

- Advertisement -

ദുബായ് ഓപ്പണിൽ രണ്ടാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് സെമിയിൽ. സീഡ് ചെയ്യാത്ത ജർമ്മൻ താരം ലനാർഡ് സ്ട്രഫിനോട് ആദ്യ സെറ്റ് വഴങ്ങിയ ശേഷം ആയിരുന്നു സ്റ്റിസ്റ്റിപാസിന്റെ ജയം. ആദ്യ സെറ്റിൽ ഗ്രീക്ക് താരത്തെ ബ്രൈക്ക് ചെയ്തു 6-4 നു സെറ്റ് സ്വന്തമാക്കിയ ജർമ്മൻ താരം അട്ടിമറിയുടെ സൂചന നൽകി. എന്നാൽ അടുത്ത രണ്ടു സെറ്റുകളിലും ഓരോ തവണ വീതം എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത സ്റ്റിസ്റ്റിപാസ് 6-4, 6-4 എന്ന സ്കോറിന് മത്സരം തിരിച്ചു പിടിച്ചു. മത്സരത്തിൽ ജർമ്മൻ താരം 9 ഏസുകൾ ഉതിർത്തപ്പോൾ 6 ഏസുകൾ ആണ് സ്റ്റിസ്റ്റിപാസ് ഉതിർത്തത്.

അതേസമയം മറ്റൊരു ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ അട്ടിമറിച്ച് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും സെമിഫൈനലിലേക്ക് മുന്നേറി. 2 ബ്രൈക്ക് പോയിന്റുകൾ വഴങ്ങി എങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ബ്രിട്ടീഷ് താരം 6-2, 7-6 എന്ന സ്കോറിന് ആണ് റഷ്യൻ താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റിൽ നിറം മങ്ങി എങ്കിലും രണ്ടാം സെറ്റിൽ ടൈബ്രെക്ക് വരെ മത്സരം കൊണ്ട് പോയ റൂബ്ലേവ് മത്സരത്തിൽ തിരിച്ചു വരാൻ സകല ശ്രമവും നടത്തി. എന്നാൽ വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്ന ബ്രിട്ടീഷ് താരം മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് തന്നെ സ്വാന്തമാക്കി സെമിഫൈനൽ ഉറപ്പിച്ചു.

Advertisement