തോൽവിയുടെ വക്കിൽ നിന്നു ഉയിർത്ത് എണീറ്റ് ജ്യോക്കോവിച്ച്, ദുബായ് ഓപ്പൺ ഫൈനലിൽ

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തി ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഈ വർഷം ഇത് വരെ പരാജയം അറിയാത്ത ജ്യോക്കോവിച്ചിനു എതിരെ തുടർച്ചയായ തന്റെ 12 മത്തെ ജയം തേടി ഇറങ്ങിയ മൂന്നാം സീഡ് ഗെയിൽ മോൻഫിൽസ് കടുത്ത പോരാട്ടം ആണ് പുറത്ത് എടുത്തത്. ഇത് വരെ പരസ്പരം ഏറ്റു മുട്ടിയതിൽ 16 തവണയും തോൽവി വഴങ്ങിയ മോൻഫിൽസ് പക്ഷെ ആദ്യ സെറ്റിൽ തന്നെ ജ്യോക്കോവിച്ചിനെ ഞെട്ടിച്ചു. ജ്യോക്കോവിച്ചിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത താരം തന്റെ മികച്ച ഫോമിൽ തുടർന്നു. തുടർന്ന് ഒരിക്കൽ കൂടി ഈ സെറ്റിൽ ജ്യോക്കോവിച്ചിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഫ്രഞ്ച് താരം 6-2 നു സെറ്റ് സ്വന്തമാക്കി മത്സരത്തിൽ മുൻതൂക്കം നേടി.

നിരവധി അനാവശ്യ പിഴവുകൾ വരുത്തിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റിലും തുടക്കത്തിൽ തന്നെ ബ്രൈക്ക് വഴങ്ങിയതോടെ ആരാധകർ ഒരു അട്ടിമറി മണത്തു. എന്നാൽ ശാരീരികമായി തളർച്ച കാണിച്ച മോൻഫിൽസിന് എതിരെ ബ്രൈക്ക് തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് സെറ്റിൽ ഒപ്പമെത്തി. തുടർന്ന് മോൻഫിൽസിന്റെ 2 സർവീസുകളിൽ 5 സെറ്റ് പോയിന്റുകൾ സൃഷ്ടിച്ച ജ്യോക്കോവിച്ച് പോരാട്ടം കൂടുതൽ കടിപ്പിച്ചു. എന്നാൽ 5 സെറ്റ് പോയിന്റുകൾ രക്ഷിച്ച മോൻഫിൽസ് മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി. ടൈബ്രെക്കറിൽ മികച്ച റെക്കോർഡ് ഉള്ള ജ്യോക്കോവിച്ചിനെ ഞെട്ടിച്ച് 3 മാച്ച് പോയിന്റുകൾ മോൻഫിൽസ് സൃഷ്ടിച്ചു.

എന്നാൽ ശാരീരികമായി തളർന്ന ഫ്രഞ്ച് താരത്തിൽ നിന്ന് അവിശ്വസനീയമായി മാച്ച് പോയിന്റുകൾ രക്ഷിച്ച ജ്യോക്കോവിച്ച് സെറ്റ് ടൈബ്രെക്കറിലൂടെ സ്വന്തമാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. 11 മത്സരങ്ങൾക്ക് ശേഷം ആദ്യമായി ആയിരുന്നു മോൻഫിൽസ് ഒരു സെറ്റ് വഴങ്ങുന്നത്. ഏതാണ്ട് ചടങ്ങ് തീർക്കുന്ന ലാഘവത്തോടെ മൂന്നാം സെറ്റ് ജയിക്കുന്ന ജ്യോക്കോവിച്ചിനെ ആണ് പിന്നീട് മത്സരത്തിൽ കണ്ടത്. മൂന്നാം സെറ്റിൽ മൂന്ന് തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് സെറ്റ് 6-1 നു സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. 2020 തിലെ തുടർച്ചയായ 17 മത്തെ ജയം ആയിരുന്നു ജ്യോക്കോവിച്ചിനു ഇത്. 17 മത്തെ തവണ ജ്യോക്കോവിച്ചിനെ ആദ്യമായി തോൽപ്പിക്കാൻ ലഭിച്ച വലിയ അവസരം കളഞ്ഞ നിരാശ മോൻഫിൽസിന് ഉണ്ടാവും. ദുബായിയിൽ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു ഫൈനലിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് ആണ് എതിരാളി.

Advertisement