മോണ്ട കാർലോയിലെ കളിമണ്ണ് കോർട്ടിൽ നദാൽ വീണു, റുബ്ലേവിനു സ്വപ്നജയം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

11 തവണ ജയിച്ച മോണ്ട കാർലോ മാസ്റ്റേഴ്‌സിൽ റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ പുറത്ത്. കളിമണ്ണ് കോർട്ടിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം തോൽവി വഴങ്ങുന്ന നദാൽ റഷ്യൻ യുവ താരം ആന്ദ്ര റുബ്ലേവിനോട് ആണ് 3 സെറ്റ് പോരാട്ടത്തിൽ തോൽവി വഴങ്ങിയത്. തന്റെ ആദ്യ മാസ്റ്റേഴ്സ് കിരീടം ലക്ഷ്യം വക്കുന്ന റുബ്ലേവ് ആദ്യ സെറ്റിൽ നദാലിനെ ഞെട്ടിക്കുന്ന പ്രകടനം ആണ് പുറത്ത് എടുത്തത്. ഒന്നിലേറെ ബ്രൈക്ക് കണ്ടത്തിയ ആറാം സീഡ് കൂടിയായ റഷ്യൻ താരം സെറ്റ് 6-2 നു നേടി മത്സരത്തിൽ ആധിപത്യം പിടിച്ചു. രണ്ടാം സെറ്റിലും തുടക്കത്തിൽ ബ്രൈക്ക് കണ്ടത്തുന്ന റുബ്ലേവിനെ ആണ് കാണാൻ ആയത്. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ചു മികച്ച തിരിച്ചു വരവ് നടത്തിയ നദാൽ സെറ്റ് 6-4 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ തന്റെ മികവ് തുടർന്നു റുബ്ലേവ്.

ബ്രൈക്കുകൾ കണ്ടത്തിയ റഷ്യൻ താരം സെറ്റ് 6-2 നു നേടി സെമിഫൈനൽ പ്രവേശനം ഉറപ്പിച്ചു. ഇത് രണ്ടാം തവണ മാത്രം മാസ്റ്റേഴ്സ് സെമിഫൈനലിൽ എത്തുന്ന റുബ്ലേവ് ആദ്യ മാസ്റ്റേഴ്സ് കിരീടം ആണ് മോണാക്കയിൽ ലക്ഷ്യം വക്കുന്നത്. മത്സരത്തിൽ 7 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ നദാൽ 7 ബ്രൈക്കുകൾ ആണ് വഴങ്ങിയത്. ഈ തിരിച്ചടി തുടർന്നുള്ള കളിമണ്ണ് സീസണിൽ ആവർത്തിക്കാതിരിക്കാൻ ആവും നദാലിന്റെ ശ്രമം. ഫോകിനയെ മറികടന്നു നാലാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും സെമിഫൈനലിലേക്ക് മുന്നേറി. ആദ്യ സെറ്റ് നേടിയ സ്റ്റിസ്റ്റിപാസിന് എതിരെ പരിക്ക് മൂലം എതിരാളി രണ്ടാം സെറ്റിൽ പിന്മാറുക ആയിരുന്നു. 11 സീഡ് ഡേവിഡ് ഗോഫിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-4 എന്ന സ്കോറിന് മറികടന്നു ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് തന്റെ ആദ്യ മാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് മുന്നേറി. 15 സീഡ് ഫാബിയോ ഫോഗ്നിയെ 6-4, 6-3 എന്ന സ്കോറിന് മറികടന്നു സീഡ് ചെയ്യാത്ത കാസ്പർ റൂഡും സെമിഫൈനലിലേക്ക് മുന്നേറി.