പോളണ്ടിൽ ദേശീയ ഡെക്കാത്‌ലൺ റെക്കോർഡ് തിരുത്തി തേജസ്വിൻ ശങ്കർ


പോളണ്ടിലെ വൈസ്‌ലാ ജാപിയേവ്‌സ്‌കി മെമ്മോറിയൽ മീറ്റിൽ 7826 പോയിന്റ് നേടി തേജസ്വിൻ ശങ്കർ പുതിയ ഡെക്കാത്‌ലൺ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇതോടെ 7800 പോയിന്റ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി 26 വയസ്സുകാരനായ തേജസ്വിൻ. 1500 മീറ്റർ ഓട്ടത്തിൽ 4:31.80 എന്ന മികച്ച സമയം കുറിച്ച അദ്ദേഹം 100 മീറ്ററിൽ 11.02 സെക്കൻഡും ലോംഗ് ജമ്പിൽ 7.57 മീറ്ററും ഹൈജമ്പിൽ 2.18 മീറ്ററും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. വേൾഡ് അത്‌ലറ്റിക്സ് കമ്പൈൻഡ് ഇവന്റ്സ് ടൂർ ഗോൾഡ് മീറ്റിൽ തേജസ്വിൻ നാലാം സ്ഥാനത്തെത്തി.


2023-ലെ ഏഷ്യൻ ഗെയിംസിൽ 7666 പോയിന്റ് നേടി വെള്ളി മെഡൽ നേടിയതായിരുന്നു ശങ്കറിന്റെ ഇതിന് മുൻപുള്ള റെക്കോർഡ്. കരിയറിന്റെ തുടക്കത്തിൽ പരിക്കുകൾ അലട്ടിയിട്ടും, ഡെൽഹി സ്വദേശിയായ ഈ താരം ഇന്ത്യൻ അത്‌ലറ്റിക്സിന്റെ നിലവാരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ ഹൈജമ്പിൽ വെങ്കലം നേടിയ അദ്ദേഹം, ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷ നൽകുന്ന മൾട്ടി-ഇവന്റ് അത്‌ലറ്റുകളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.

ബെൽജിയത്തിൽ നടന്ന ഇൻ്റർനാഷണൽ ഹൈജമ്പ് ഗാലയിൽ തേജസ്വിൻ ശങ്കർ സ്വർണം നേടി

ബെൽജിയത്തിൽ നടന്ന ഇൻ്റർനാഷണൽ ഹൈജമ്പ് ഗാല എൽമോസിൽ ഇന്ത്യൻ ഹൈജമ്പ് സെൻസേഷൻ തേജസ്വിൻ ശങ്കർ സ്വർണ്ണത്തിലേക്ക് കുതിച്ചു. വേൾഡ് അത്‌ലറ്റിക്‌സ് ഇൻഡോർ ടൂർ ചലഞ്ചർ ലെവൽ ഇനത്തിൽ 2.23 മീറ്റർ ചാടിയാണ് ശങ്കർ സ്വർണം നേടിയത്.

മറ്റൊരു ഇന്ത്യൻ താരമായ ജെസ്സി സന്ദേശ് 2.09 മീറ്റർ ഉയരത്തിൽ 10-ആം സ്ഥാനത്തെത്തി. 2.20 മീറ്റർ ചാടിയ അന്റോണിയോസ് മെർലോസ് വെള്ളിയും റൊബേർടോ വിൽചസ് വെങ്കലവും നേടി.

ഹൈജംപിൽ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കറിന്റെ വെങ്കല നേട്ടം

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഹൈജംപ് മെഡൽ നേടി തേജസ്വിന്‍ ശങ്കര്‍. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 2.22 മീറ്റര്‍ ദൂരം താണ്ടിയാണ് തേജസ്വിന്‍ ശങ്കര്‍ ഈ ചരിത്ര നേട്ടം ഇന്ത്യയ്ക്കായി നേടിയത്.

താരത്തിനെ ആദ്യം ഗെയിംസിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തിയില്ലെങ്കിലും പിന്നീട് കോടതി വിധി സമ്പാദിച്ചാണ് താരം ടീമിലേക്ക് എത്തുന്നത്. യോഗ്യത നിലവാരം ഉണ്ടായിട്ടും താരത്തെ സ്ക്വാഡിൽ ഉള്‍പ്പെടുത്തുവാന്‍ അധികൃതര്‍ തുനിഞ്ഞിരുന്നില്ല.

ഈ പോരാട്ടങ്ങള്‍ക്കൊടുവിലാണ് താരത്തിന്റെ ഈ വെങ്കല മെഡൽ നേട്ടം.

Exit mobile version