സ്വപ്ന ബര്‍മ്മനു പുതിയ ഷൂവെത്തുന്നു, അഡിഡാസ് വക

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്വപ്ന ബര്‍മ്മന്റെ ഏറ്റവും വലിയ വെല്ലുവിളി തന്റെ കാലിനു പറ്റിയ ഷൂ ഇല്ലായിരുന്നു എന്നതായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ കാലുകളില്‍ വിരലുകള്‍ ആറെണ്ണമാണെന്നതിനാല്‍ പാകമുള്ള ഷൂ എന്നും ഒരു തലവേദനയായിരുന്നു. പലപ്പോഴും അത് താരത്തിനു വേദന സമ്മാനിക്കുമ്പോളും അതെല്ലാം മറികടന്നാണ് താരം അത്‍ലറ്റിക്സ് ട്രാക്കില്‍ മികച്ച വിജയങ്ങള്‍ കൊയ്തിരുന്നത്.

ഇപ്പോള്‍ ഈ തലവേദനയ്ക്ക് അറുതി വന്നിരിക്കുകയാണ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ഷൂ കമ്പനിയായ അഡിഡാസുമായി കരാറിലെത്തിയതോടെ താരത്തിനു തന്റെ കാലുകള്‍ക്ക് പാകമായ പ്രത്യേകം ഷൂകള്‍ ഇനി മുതല്‍ ലഭിക്കുമെന്നാണ് അറിയുന്നത്. ഇത് താരത്തിനു ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

ഹെപ്റ്റാത്തലണിലും സ്വര്‍ണ്ണം, പ്രതീക്ഷ കാത്ത് സ്വപ്ന ബര്‍മ്മന്‍

ഹെപ്റ്റാത്തലണില്‍ നിന്ന് ഇന്ത്യയ്ക്ക് ഗെയിംസിലെ 11 ാം സ്വര്‍ണ്ണം. അവസാന മത്സരയിനമായ 800 മീറ്ററില്‍ ചൈനീസ് താരത്തിനെക്കാള്‍ മുന്നില്‍ റേസ് അവസാനിപ്പിച്ചത് വഴി ഇന്ത്യയുടെ സ്വപ്ന ബര്‍മ്മന്‍ തന്റെ സ്വര്‍ണ്ണ നേട്ടം ഉറപ്പാക്കുകയായിരുന്നു. രണ്ടാം ഹീറ്റ്സില്‍ നാലാം സ്ഥാനത്ത് അവസാനിപ്പിച്ചത് വഴി 808 പോയിന്റാണ് ബര്‍മ്മന്‍ സ്വന്തമാക്കിയത്.

ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്രാം ഹീറ്റ്സില്‍ മൂന്നാം സ്ഥാനത്തെത്തി. വെള്ളി മെഡല്‍ ജേതാവായ ചൈനീസ് താരം കിംഗ്ലിംഗ് വാംഗ് ഹീറ്റ്സില്‍ അവസാന സ്ഥാനക്കാരിയായ മത്സരം പൂര്‍ത്തിയാക്കി.

വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ സാധ്യത

ഒരു മത്സരം മാത്രം അവശേഷിക്കെ വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ. അല്പ സമയം മുമ്പ് നടന്ന ജാവലിന്‍ മത്സരത്തിനു ശേഷം രണ്ടാം സ്ഥാനത്തുള്ള ചൈനീസ് താരത്തിനെക്കാള്‍ 63 പോയിന്റിന്റെ ലീഡ് നേടിയ സ്വപ്ന ബര്‍മ്മന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. തന്റെ വ്യക്തിഗത മികവായ 50.63 മീറ്റര്‍ എറിഞ്ഞാണ് സ്വപ്ന ലീഡ് നേടിയത്.

800 മീറ്ററാണ് ഇനി ശേഷിക്കുന്ന മത്സരം. ചൈനീസ് താരത്തെക്കാള്‍ മികച്ച സമയം സ്വന്തമായിട്ടുള്ള സ്വപ്ന അതില്‍ ജയം നേടി ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.40നാണ് ഹെപ്റ്റാത്തലണിലെ 800 മീറ്റര്‍ മത്സരം നടക്കുക. ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്രാം നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്.

Exit mobile version