ശനക ഒറ്റയ്ക്ക് പൊരുതി! ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ

ഇന്ത്യക്ക് എതിരായ മൂന്ന് ഏകദിന ടി20യിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ 12 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. അവിടെ നിന്ന് ക്യാപ്റ്റൻ ദാസുൻ ശാനക ആണ് ശ്രീലങ്കയെ കരകയറ്റിയത്. 38 പന്തിൽ 74 റൺസ് ആണ് ശാനക അടിച്ചു കൂട്ടിയത്. 9 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു ശാനുകയുടെ ഇന്നിങ്സ്. 25 റൺസ് എടുത്ത ചാന്ദിമാലും 12 റൺസ് എടുത്ത കരുണരത്നെയും ശാനകയ്ക്ക് പിന്തുണ നൽകി.
20220227 204233

ഇന്ത്യക്കായി ഇന്ന് തുടക്കത്തി ആവേശ് ഖാനും സിറാജും മികച്ച രീതിയിൽ ആയിരുന്നു പന്ത് എറിഞ്ഞിരുന്നത്. പവർ പ്ലേ കഴിയുമ്പോൾ ശ്രീലങ്ക 18-3 എന്ന നിലയിൽ ആയിരുന്നു. ആവേശ് ഖാൻ ഇന്ന് 2 വിക്കറ്റും സിറാജ്, ഹർഷാൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ശ്രീലങ്കൻ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിമുത് കരുണരത്‌നെ നയിക്കുന്ന ടീമിലേക്ക് സീനിയർ താരങ്ങളെ വിളിച്ചിട്ടുണ്ട്. സുരംഗ ലക്മൽ ശ്രീലങ്കയെ പ്രതിനിധീകരിക്കുന്ന അവസാന ടെസ്റ്റ് പരമ്പര ആകുമിത്.

അതിനിടെ, പരിക്കേറ്റ കുസൽ മെൻഡിസിനും മഹീഷ് തീക്ഷണയ്ക്കും പകരം നിരോഷൻ ഡിക്ക്വെല്ലയെയും ധനഞ്ജയ ഡി സിൽവയെയും ടി20 ഐ ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്തിട്ടുണ്ട്.

ടെസ്റ്റ് സ്ക്വാഡ്;
Karunaratne (C), Nissanka, Thirimanne, Dhananjaya De Silva, Kusal Mendis, Mathews, Chandimal, Niroshan, Chamika, Kumara, Lakmal, Chameera, Vandersay, Jayawickrema and Embuldeniya.

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കക്ക് കൂറ്റൻ ജയം

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം. 187 റൺസിനാണ് ഗാലെയിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്ക ജയം സ്വന്തമാക്കിയത്. സ്പിൻ ബൗളർമാരായ രമേശ് മെൻഡിസും ലസിത് എംബുൾഡെനിയയും ചേർന്നാണ് ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്സിൽ 156 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 348 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെസ്റ്റിൻഡീസിന് മുൻപിൽ വെച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് വെറും 160 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

പുറത്താകാതെ 68 റൺസ് എടുത്ത എൻക്രൂമ ഡോണറും 54 റൺസ് എടുത്ത ജോഷുവ ഡാ സിൽവയുമാണ് വെസ്റ്റിൻഡീസിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 6 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസിനെ ഇരുവരും ചേർന്ന് 100 കടത്തുകയായിരുന്നു. തുടർന്ന് ജോഷുവ ഡാ സിൽവ പുറത്തായതോടെ വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 160ൽ അവസാനിച്ചു. ശ്രീലങ്കക്ക് വേണ്ടി ലസിത് എംബുൾഡെനിയ 5 വിക്കറ്റും രമേശ് മെന്റിസ് 4 വിക്കറ്റും വീഴ്ത്തി.

താരങ്ങൾ മനഃപൂർവം മത്സരം തോറ്റുകൊടുത്തെന്ന വാദം തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ശ്രീലങ്കൻ താരങ്ങൾ മനഃപൂർവം മത്സരങ്ങൾ തോറ്റുകൊടുത്തെന്ന വാദങ്ങൾ തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ടീം മാനേജ്മെന്റിൽ നിന്ന് ഇതുവരെ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഇതേ ടീം തന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ കാര്യവും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ച ടി20 പരമ്പരയിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയോട് 3-0ന് തോറ്റിരുന്നു. തുടർന്നാണ് താരങ്ങൾക്കെതിരെ ചില മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നത്. ആദ്യ ടി20യിൽ 28 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ 9 വിക്കറ്റിനു മൂന്നാം മത്സരത്തിൽ 10 വിക്കറ്റിനും ജയിച്ചിരുന്നു.

ക്വറന്റൈനിൽ ഇളവില്ല, പരമ്പര മാറ്റിക്കിവെക്കാൻ ശ്രീലങ്കയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശ് താരങ്ങൾക്ക് ക്വറന്റൈനിൽ ഇളവ് അനുവദിക്കാത്തതിനെ തുടർന്ന് ബംഗ്ലാദേശിന്റെ ശ്രീലങ്കൻ പര്യടനം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നസ്മുൽ ഹസൻ ആണ് പരമ്പര മാറ്റിവെക്കാൻ ശ്രീലങ്കയോട് ആവശ്യപ്പെട്ടാൽ കാര്യം അറിയിച്ചത്. 14 ദിവസത്തെ ക്വറന്റൈൻ 7 ദിവസമാക്കി ചുരുക്കണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ശ്രീലങ്ക അംഗീകരിക്കാതിരുന്നതോടെയാണ് പരമ്പര ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്ത മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാൻ ബംഗ്ലാദേശ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടത്.

ബംഗ്ലാദേശ് താരങ്ങൾക്ക് 14 ദിവസം ക്വറന്റൈനിൽ ഇരിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് പരമ്പര മാറ്റിവെക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ടിട്ടുണ്ടെന്നും നസ്മുൽ ഹസൻ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു സമയത്ത് പരമ്പര നടത്താമെന്നും നസ്മുൽ ഹസൻ പറഞ്ഞു. അതെ സമയം ഈ വിഷയത്തിൽ ഒരു ചർച്ച ഉണ്ടാവില്ലെന്നും ക്വറന്റൈൻ ചുരുക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ അത് ഇപ്പോഴെക്കും ചെയ്യുമായിരുന്നെന്നും നജ്മുൽ ഹസൻ പറഞ്ഞു.

14 ദിവസം ക്വറന്റൈനിൽ ഇരുന്നുകൊണ്ട് ഒരു ടെസ്റ്റ് ചാംപ്യൻഷിപ് നടത്തുകെ പ്രയാസമാണെന്നും റൂമിൽ നിന്ന് പോലും പുറത്തുപോവാതെയുള്ള ക്വറന്റൈൻ നടക്കില്ലെന്നും നസ്മുൽ ഹസൻ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പരക്ക് ആതിഥേയത്വം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക

അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് മത്സരങ്ങൾ നടത്താൻ കഴിയില്ലെങ്കിൽ ശ്രീലങ്കയിൽ വെച്ച് നടത്താൻ അവസരം ഒരുക്കാമെന്ന നിലപാടിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര കളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ പരമ്പരയുടെ ഭാവിയെ പറ്റി അനിശ്ചിതത്വം തുടരുകയാണ്. കൂടാതെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന് തൊട്ട് മുൻപ് ശ്രീലങ്കയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഈ ഒരു ഘട്ടത്തിൽ ശ്രീലങ്കയുമായുള്ള പരമ്പര കഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ട് ശ്രീലങ്കയിൽ തന്നെ തുടർന്നാൽ ഇന്ത്യയുമായുള്ള പരമ്പരയിൽ കളിക്കാമെന്ന നിലപാടാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റേത്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒരു തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.

ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ടതില്ലെന്ന് ഐ.സി.സി

2011 ലെ ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ടതില്ലെന്ന് ഐ.സി.സി അഴിമതി വിരുദ്ധ സമിതി ജനറൽ മാനേജർ അലക്സ് മാർഷൽ. 2011ലെ ലോകകപ്പ് ഫൈനലിലെ ഇന്ത്യ – ശ്രീലങ്ക മത്സരത്തിൽ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് വാതുവെപ്പ് നടന്നിട്ടില്ലെന്ന മറുപടിയുമായി ഐ.സി.സി അഴിമതി വിരുദ്ധ സമിതി രംഗത്തെത്തിയത്.

2011ലെ ലോകകപ്പ് ഫൈനലിൽ വാതുവെപ്പ് നടന്നെന്ന് സംശയിക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് അലക്സ് മാർഷൽ പറഞ്ഞു. ഈ ഒരു അവസരത്തിൽ ഇത്തരമൊരു ഒരു വാതുവെപ്പ് നടന്നതിനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അലക്സ് മാർഷൽ പറഞ്ഞു.

ഈ വിഷയത്തിൽ മുൻ ശ്രീലങ്കൻ കായിക മന്ത്രി ഐ.സി.സിക്ക് കത്തെഴുതിയിട്ടില്ലെന്നും ഫൈനലിൽ വാതുവെപ്പ് നടന്നതായി ആർകെങ്കിലും തെളിവ് ലഭിച്ചാൽ അത് ഐ.സി.സിയെ അറിയിക്കാമെന്നും അലക്സ് മാർഷൽ പറഞ്ഞു. അതെ സമയം ഇന്ത്യ – ശ്രീലങ്ക ഫൈനലിൽ അഴിമതി നടന്നതായി തെളിവില്ലെന്ന് ശ്രീലങ്കൻ സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

തെളിവുകളില്ല, ലോകകപ്പ് വാതുവെപ്പ് അന്വേഷണം ശ്രീലങ്ക നിർത്തി

2011ലെ ലോകകപ്പിൽ ഇന്ത്യയോട് ഫൈനലിൽ ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുക്കുകായായിരുന്നെന്ന ആരോപണത്തിന് പിന്നാലെ ആരംഭിച്ച അന്വേഷണം നിർത്തിവെച്ചു. ശ്രീലങ്കൻ സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണം കമ്മീഷൻ ആണ് 2011 ലോകകപ്പ് ഫൈനലിലെ തോൽവി അന്വേഷിച്ചിരുന്നത്.

എന്നാൽ മതിയായ തെളിവുകൾ ലഭിക്കാത്തതിന്റെ പേരിൽ അന്വേഷണം നിർത്തിവെക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വാതുവെപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റന്മാരായ കുമാര സംഗക്കാര, അരവിന്ദ ഡി സിൽവ, മഹേള ജയവർദ്ധന എന്നിവരെ അന്വേഷണം കമ്മീഷൻ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.

2011ൽ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്ന മാഹിൻഡാനന്ദ അല്തഗമാഗേയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. തുടർന്നാണ് ഇതിനെ പറ്റി അന്വേഷിക്കാൻ ശ്രീലങ്കൻ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചത്.

ഇന്ത്യയോടുള്ള ലോകകപ്പ് ഫൈനൽ തോൽവിയെ പറ്റി അന്വേഷണം ആരംഭിച്ച് ശ്രീലങ്ക

2011ലെ ഏകദിന ലോകകപ്പ് ഫൈനൽ ഇന്ത്യയോട് ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. കഴിഞ്ഞ ദിവസം മുൻ ശ്രീലങ്കൻ കായികമന്ത്രി ശ്രീലങ്ക ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് മനഃപൂർവം തോറ്റ്‌കൊടുത്തെന്ന ആരോപണം ഉന്നയിച്ചിരുന്നു.

തുടർന്നാണ് ഈ വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ശ്രീലങ്കൻ കായിക മന്ത്രി ഡള്ളാസ് അലഹപെരുമായാണ് ഈ വിഷയത്തിൽ അന്വേഷണം നടത്താനും ഓരോ രണ്ട് ആഴ്ച കൂടുമ്പോഴും പുരോഗതി അറിയിക്കാനും അന്വേഷണം ഉദ്യോഗസ്ഥരെ അറിയിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം കായിക മന്ത്രി ഉയർത്തിയ ആരോപണങ്ങൾക്കെതിരെ മുൻ താരങ്ങളായ സംഗക്കാരയും മഹേള ജയവർധനയും രംഗത്ത് വന്നിരുന്നു. നേരത്തെ 2017ൽ ഇതേ ആരോപണവുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും രംഗത്ത് വന്നിരുന്നു.

ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി

2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയോട് മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നെന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി മാഹിൻദാനന്ദ അലുതഗമഗേ. 2010 മുതൽ 2015 വരെ മാഹിൻദാനന്ദ അലുതഗമഗേയായിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി.

ആ സമയത്ത് മത്സരത്തിൽ നടന്ന വാതുവെപ്പ് പുറത്തുപറയാൻ താൻ തയ്യാറായിരുന്നില്ലെന്നും മുൻ ശ്രീലങ്കൻ കായിക മന്ത്രി പറഞ്ഞു. ഇതിൽ താരങ്ങൾ ഉൾപെട്ടിട്ടില്ലെന്നും എന്നാൽ ടീമിലെ ചില വിഭാഗങ്ങൾ ഇതിന് പിന്തുണ നൽകിയിരുന്നെനും മുൻ കായിക മന്ത്രി പറഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചാണ് ലോക കിരീടം നേടിയത്.

അന്ന് മത്സരത്തിന്റെ കമന്റേറ്ററായി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മുൻ ക്യാപ്റ്റൻ അർജുന രണതുംഗെ 2017ൽ തന്നെ ഈ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പറ്റി കൂടുതൽ അന്വേഷണം വേണമെന്നാണ് അന്ന് രണതുംഗെ ആവശ്യപ്പെട്ടത്.

ഓഗസ്റ്റിൽ ലങ്ക പ്രീമിയർ ലീഗ് നടത്താൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം

കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെപ്റ്റംബറിൽ ലങ്ക പ്രീമിയർ ലീഗ് നടത്താൻ ശ്രമം നടത്തുന്നതായി വാർത്തകൾ. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 4 വരെയുള്ള തിയ്യതികളിൽ മത്സരം തുടങ്ങാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.

ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ എഡിഷൻ കൂടിയാവും ഈ ടൂർണമെന്റ്. നിലവിൽ അഞ്ച് ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റ്  നടത്താനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്. ഓരോ ടീമിലും 16 താരങ്ങളെയും 10 സപ്പോർട്ടിങ് സ്റ്റാഫിനെയും ഉൾപ്പെടുത്താം. ഓരോ ടീമിലും 6 വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാകും ലങ്ക പ്രീമിയർ ലീഗ് നടത്തുക.

ശ്രീലങ്കയുടെ ദേശീയ ടി20 ടൂർണമെന്റായി ലങ്ക പ്രീമിയർ ലീഗിനെ മാറ്റാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെച്ച ഐ.പി.എൽ ശ്രീലങ്കയിൽ വെച്ച് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയിച്ചിരുന്നു.

ഓഗസ്റ്റിൽ ശ്രീലങ്കൻയിൽ പര്യടനം നടത്താനൊരുങ്ങി ഇന്ത്യ

ഓഗസ്റ്റ് മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിന്റെ ആദ്യ പടിയെന്നോണം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് ഇന്ത്യ ഓഗസ്റ്റിൽ കളിക്കാൻ തയ്യാറാണെന്ന വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ അനുമതി നൽകിയാൽ മാത്രമാവും പരമ്പര നടക്കുക. നേരത്തെ ജൂൺ മാസത്തിൽ ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും കളിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.

എന്നാൽ കൊറോണ വൈറസ് പടർന്നതോടെ ഈ പരമ്പര  നടക്കാതെ പോവുകയായിരുന്നു. തുടർന്നാണ് ഈ പരമ്പര ഓഗസ്റ്റിൽ കളിക്കാൻ ഇന്ത്യ തയ്യാറാവുന്നത്. ഈ പരമ്പരക്ക് ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയാൽ മത്സരത്തിൽ വിവരങ്ങൾ ശ്രീലങ്ക പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഈ വർഷം പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യ കപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനുള്ള ശ്രമങ്ങളും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തുടങ്ങിയിട്ടുണ്ട്.

Exit mobile version