അപ്രസക്തമായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം, 17 വര്‍ഷത്തെ കരിയര്‍ കളിയിലെ താരമായി അവസാനിപ്പിച്ച് ശശികല

വനിത ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അപ്രസക്തമായ മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ബംഗ്ലാദേശിനെതിരെയാണ് 9 വിക്കറ്റിന്റെ വിജയം ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 91/8 എന്ന നിലയില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ ലങ്ക മറികടക്കുകയായിരുന്നു.

ശശികല സിരിവര്‍ദ്ധനേ നാല് വിക്കറ്റുമായി കളം നിറഞ്ഞാടിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിര തകരുകയായിരുന്നു. 39 റണ്‍സ് നേടിയ നിഗാര്‍ സുല്‍ത്താനയാണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി അചിനി കുലസൂര്യ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഹസിനി പെരേര പുറത്താകാതെ 39 റണ്‍സും ചാമരി അട്ടപ്പട്ടു 30 റണ്‍സും നേടിയപ്പോള്‍ അനുഷ്ക സഞ്ജീവിനി പുറത്താകാതെ 16 റണ്‍സ് നേടി ശ്രീലങ്കന്‍ വിജയം ഉറപ്പാക്കി. തന്റെ 17 വര്‍ഷത്തെ കരിയറിന് ശ്രീലങ്കന്‍ താരം ശശികല സിരിവര്‍ദ്ധനേ ഇന്നത്തെ മത്സരത്തില്‍ അവസാനിപ്പിച്ചു. കളിയിലെ താരമായി ശശികലയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് സിരിവര്‍ദ്ധനേ ഇന്ന് 16 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നേടിയത്.

ചാമരി അട്ടപ്പട്ടുവിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം, ഇംഗ്ലണ്ടിനതിരെ പത്ത് വിക്കറ്റ് വിജയവുമായി ശ്രീലങ്ക

ലോക വനിത ടി20 സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 122/9 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം ശ്രീലങ്ക 12.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയം ഉറപ്പിക്കുകയായിരുന്നു.

ചാമരി അട്ടപ്പട്ടു 50 പന്തില്‍ നിന്ന് 78 റണ്‍സും ഹസിനി പെരേര 29 റണ്‍സും നേടിയാണ് ശ്രീലങ്കന്‍ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്. ചാമരി 8 ഫോറും 5 സിക്സുമാണ് നേടിയത്.

നേരത്തെ ഇംഗ്ലണ്ടിനായി ആമി എല്ലെന്‍ ജോണ്‍സ്(23), താമി ബ്യുമോണ്ട്(23), ഹീത്തര്‍ നൈറ്റ്(19), ഫ്രാന്‍ വില്‍സണ്‍(18), സോഫി എക്സല്‍സ്റ്റോണ്‍(16*) എന്നിവരാണ് ചെറുത്ത്നില്പിന് ശ്രമിച്ചത്. ശ്രീലങ്കയ്ക്കായി ശശികല സിരിവര്‍ദ്ധനേ നാലും ചാമരി അട്ടപ്പട്ടു മൂന്നും വിക്കറ്റാണ് നേടിയത്.

ഏഷ്യന്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്ന് ശ്രീലങ്ക

ഏഷ്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിനു മേല്‍ വിജയം. 25 റണ്‍സിന്റെ വിജയമാണ് ഇന്ന് പുലര്‍ച്ചെ നടന്ന ആദ്യ മത്സരത്തില്‍ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 97/7 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുവാന്‍ ബംഗ്ലാദേശ് ബൗളിംഗ് നിരയ്ക്ക് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 72 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

31 റണ്‍സ് നേടിയ ശശികല സിരിവര്‍ദ്ധനേയുടെ ബാറ്റിംഗ് ആണ് ശ്രീലങ്കയെ 97 റണ്‍സിലേക്ക് എത്തിക്കുന്നത്. അവസാന ഓവറിലാണ് താരം പുറത്തായത്. ദിലാനി മനോദര(16), ചാമരി അട്ടപ്പട്ടു(12), നീലാക്ഷി ഡി സില്‍വ(12) എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനായി ജഹനാര ആലം മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

നിഗാര്‍ സുല്‍ത്താന നേടിയ 20 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റു ബംഗ്ലാദേശ് താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര സംഭാവന ടീമിനായി നടത്തുവാന്‍ സാധിച്ചില്ല. അയഷ റഹ്മാനും റിതു മോനിയും 11 റണ്‍സ് വീതം നേടി പുറത്തായി. അവസാന പന്തില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 72 റണ്‍സാണ് ടീമിനു നേടാനായത്.

ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടി. ശശികല സിരിവര്‍ദ്ധനേ ബൗളിംഗിലും തിളങ്ങി. 4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റാണ് താരം നേടിയത്. ഉദ്ദേശിക പ്രബോധിനിയും രണ്ട് വിക്കറ്റ് നേടി. 2.5 ഓവറില്‍ 6 റണ്‍സ് മാത്രമാണ് പ്രബോധിനി വഴങ്ങിയത്.

നാലാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര 3-0നു സ്വന്തം

മഴ മൂലം 17 ഓവറാക്കി ചുരുക്കിയ നാാലം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ഇന്ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ജെമീമ റോഡ്രിഗസിന്റെയും അനൂജ പാട്ടിലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 96 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 15.4 ഓവറിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയ ജയം ഉറപ്പാക്കിയത്.

135 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയെയും(5) മിത്താലി രാജിനെയും(11) രണ്ടാം ഓവറില്‍ നഷ്ടമായി. ഒഷാഡി രണസിംഗേയ്ക്കാണ് ഇരുവരുടെയും വിക്കറ്റ്. താനിയ ഭാട്ടിയ(5) പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 43 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് അപരാജിത കൂട്ടുകെട്ടുമായി ജെമീമ റോഡ്രിഗസും(52*) അനൂജ പാട്ടിലും(54*) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താനിയയുടെ വിക്കറ്റും രണസിംഗേയ്ക്കായിരുന്നു.

നേരത്തെ ശശികല സിരിവര്‍ദ്ധേനെ(40), ചാമരി അട്ടപ്പട്ടു(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്ക 17 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്നും രാധ യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version