നാലാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര 3-0നു സ്വന്തം

മഴ മൂലം 17 ഓവറാക്കി ചുരുക്കിയ നാാലം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ഇന്ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ജെമീമ റോഡ്രിഗസിന്റെയും അനൂജ പാട്ടിലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 96 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 15.4 ഓവറിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയ ജയം ഉറപ്പാക്കിയത്.

135 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയെയും(5) മിത്താലി രാജിനെയും(11) രണ്ടാം ഓവറില്‍ നഷ്ടമായി. ഒഷാഡി രണസിംഗേയ്ക്കാണ് ഇരുവരുടെയും വിക്കറ്റ്. താനിയ ഭാട്ടിയ(5) പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 43 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് അപരാജിത കൂട്ടുകെട്ടുമായി ജെമീമ റോഡ്രിഗസും(52*) അനൂജ പാട്ടിലും(54*) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താനിയയുടെ വിക്കറ്റും രണസിംഗേയ്ക്കായിരുന്നു.

നേരത്തെ ശശികല സിരിവര്‍ദ്ധേനെ(40), ചാമരി അട്ടപ്പട്ടു(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്ക 17 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്നും രാധ യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version