പ്യാനിച്ച് ബാഴ്‌സ വിട്ടു, ഇനി യു എ ഇയിൽ

മധ്യനിര താരം മിറാലം പ്യാനിച്ച് ബാഴ്‌സലോണ വിട്ടു. യുഎഇയിലെ ഷാർജ എഫ്സി സമർപ്പിച്ച ഓഫർ താരം അംഗീകരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആണ് കൂടുമാറ്റത്തിന് സമ്മതം മൂളിയത്. കരാർ പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. താരത്തിന് രണ്ടു വർഷം കൂടി ബാഴ്‌സലോണയിൽ കരാർ ബാക്കിയുണ്ട്. ഈ കാലയളവിലെ കരാർ തുക താരം വേണ്ടെന്ന് വെച്ചിട്ടുണ്ട്. കൈമാറ്റം എളുപ്പമാക്കാൻ ആയിരുന്നു ഈ നീക്കം.

അവസരങ്ങൾ കുറവാകും എന്നതിനാൽ താരത്തിന് ഈ കൂടുമാറ്റം നല്ലൊരു നീക്കമാണ്. ഗവി അടക്കമുള്ളവരുടെ കരാർ പുതുക്കാൻ ഇത് ബാഴ്‌സയെ സഹായിക്കുകയും ചെയ്യും. അതേ സമയം ഡിഫൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് അനുഭവസമ്പത്തുള്ള താരങ്ങളുടെ എണ്ണം ബാഴ്‌സയിൽ സെർജിയോ ബസ്ക്വറ്റ്‌സിൽ ഒതുങ്ങും.

പ്യാനിച്ച് പ്രീ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ടീമിൽ തുടരുന്നതും കൂടി കണക്കിൽ എടുത്താണ് മറ്റൊരു താരമായ നിക്കോ ലോണിൽ പോകാൻ തയ്യാറായത്. ബസ്ക്വറ്റ്‌സ് ഇല്ലെങ്കിൽ ഫ്രാങ്കി ഡിയോങ് തന്നെ ആവും സാവിയുടെ അടുത്ത ലിസ്റ്റിൽ ഈ സ്ഥാനത്തെക്കുള്ള അടുത്ത താരം. അതേ സമയം ടീമിൽ എത്തിയ ശേഷം അവസരം കിട്ടാതെ ഉഴറിയ താരത്തിന് ഈ കൈമാറ്റം ആശ്വാസമേകും.

യുഎഇയിൽ നിന്നും ഓഫർ, പ്യാനിച്ചിന്റെ തീരുമാനത്തിന് കാതോർത്ത് ബാഴ്സലോണ

ബാഴ്സലോണയുടെ മധ്യനിര താരം മിറാലം പ്യാനിച്ചിന് യുഎഇയിൽ നിന്നും ഓഫർ. യുഎഇ പ്രോ ലീഗ് ടീമായ ഷാർജ എഫ്സിയാണ് താരത്തിന് വേണ്ടി സമീപിച്ചിരിക്കുന്നതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തെ കരാർ ആണ് താരത്തിന് വേണ്ടി ടീം മുന്നോട്ട് വെച്ചിരിക്കുന്നത്. താരം ഇത് അംഗീകരിക്കുമോ എന്ന കാര്യം ഉറപ്പില്ല.

പ്രീ സീസണിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചതോടെ സാവി പ്യാനിച്ചിന് ടീമിൽ അവസരം നൽകിയേക്കും എന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിറകെ മറ്റൊരു ഡിഫെൻസിവ് മിഡ്ഫീൽഡർ ആയ നിക്കോ ടീം വിടുകയും ചെയ്തതോടെ ടീമിൽ ബസ്ക്വറ്റ്‌സ് അല്ലാതെ ഡിഫെൻസിവ് മിഡിൽ കളിക്കാൻ പ്രാപ്തിയുള്ള മറ്റൊരു താരമാണ് പ്യാനിച്ച്. എന്നാൽ ലീഗിൽ ഇതുവരെ താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഓഫർ വന്നെങ്കിലും താരത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ബാഴ്‌സലോണ. ടീമിൽ തുടരുകയാണെങ്കിൽ ചുരുങ്ങിയ അവസരം മാത്രമേ താരത്തിന് ലഭിക്കൂ എന്നുള്ളത് ഉറപ്പാണ്.

പ്യാനിചിന് ബാഴ്സലോണയിൽ എട്ടാം നമ്പർ!!

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ പ്യാനിചിനെ ഇന്ന് ബാഴ്സലോണ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. താരം ബാഴ്സലോണയിൽ എട്ടാം നമ്പർ ജേഴ്സി അണിയും എന്ന് ക്ലബ് അറിയിച്ചു. ക്ലബ് ഇതിഹാസം ഇനിയേസ്റ്റയിലൂടെ പ്രസിദ്ധി നേടിയ ജേഴ്സി നമ്പർ ആണ് 8. ആ ജേഴ്സി ആകും ഇനി പ്യാനിച് അണിയുന്നത്. ഇതിനകം തന്നെ ബാഴ്സലോണക്ക് ഒപ്പം പരിശീലനം നടത്തുന്ന പ്യാനിച് നാളെ നടക്കുന്ന ജിറോണയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ ഇറങ്ങും.

യുവന്റസിൽ നിന്ന് എത്തിയ പ്യാനിചിന് ബാഴ്സലോണ ആരാധകരുടെ സ്വീകാര്യത് ഇപ്പോഴും പൂർണ്ണമായി ലഭിച്ചിട്ടില്ല. മികച്ച പ്രകടനങ്ങളിലൂടെ ആരാധരുടെ സ്നേഹം നേടാം എന്നാണ് പ്യാനിച് കരുതുന്നത്. ആരാധകരുടെ ഇഷ്ട താരമായിരുന്ന ആർതുറിന് പകരക്കാരനായാണ് പ്യാനിച് ബാഴ്സലോണയിൽ എത്തിയത്.

പ്യാനിചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികം

ആർതുറിനെ യുവന്റസിന് കൈമാറിയത് സ്ഥിരീകരിച്ചതിന് പിന്നാലെ യുവന്റസ് താരം പ്യാനിച്ചിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവ് ഔദ്യോഗികമായി. ഏകദേശം 65 മില്യൺ യൂറോ നൽകിയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയത്.  നേരത്തെ യുവന്റസിലേക്ക് പോയ ആർതുറിന് പകരക്കാരനായാണ് പ്യാനിച്ച് ബാഴ്‌സലോണയിൽ എത്തുന്നത്.

നാല് വർഷത്തെ കരാറിലാണ് പ്യാനിച്ച് ബാഴ്‌സലോണയിൽ എത്തുന്നത്. അതെ സമയം ബാഴ്‌സലോണയുമായി കരാറിൽ ഏർപ്പെട്ടെങ്കിലും സെരി എ സീസൺ കഴിയുന്നത് വരെ പ്യാനിച്ച് യുവന്റസിൽ തുടരും. 2016 റോമയിൽ നിന്ന് യുവന്റസിൽ എത്തിയ പ്യാനിച്ച് നാല് സീസണിൽ അവർക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് ബാഴ്‌സലോണയിൽ എത്തുന്നത്. റോമയെ കൂടാതെ ലിയോൺ, മെറ്റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. യുവന്റസിന് വേണ്ടി 171 മത്സരങ്ങൾ കളിച്ച പ്യാനിച്ച് 22 ഗോളുകളും അവർക്ക് വേണ്ടി നേടിയിട്ടുണ്ട്.

Exit mobile version