ഐസിസിയുടെ പുതിയ ചെയര്‍മാന്‍ ആയി ഗ്രെഗ് ബാര്‍ക്ലേ

ഐസിസിയുടെ പുതിയ ചെയര്‍മാന്‍ ആയി ന്യൂസിലാണ്ടിലെ ഗ്രെഗ് ബാര്‍ക്ലേ തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതല്‍ ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആയി ചുമതല വഹിക്കുന്ന ഇദ്ദേഹം ഒരു കമേഴ്സ്യല്‍ വക്കീല്‍ കൂടിയാണ്. ഇന്ത്യയുടെ ശശാങ്ക് മനോഹറിന് ശേഷം ഐസിസിയുടെ രണ്ടാമത്തെ സ്വതന്ത്ര ചെയര്‍മാന്‍ കൂടിയാണ് ബാര്‍ക്ലേ.

ഐസിസി ബോര്‍ഡില്‍ ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പ്രതിനിധി ആയ താരം തന്റെ പദവിയില്‍ നിന്ന് ഉടന്‍ രാജി വയ്ക്കും. ശശാങ്ക് മനോഹറിന്റെ കാലാവധി ജൂലൈയില്‍ അവസാനിച്ച ശേഷം താത്കാലിക ചെയര്‍മാന്‍ ആയി ഇമ്രാന്‍ ഖവാജ ആയിരുന്നു ചുമതല വഹിച്ചുകൊണ്ടിരുന്നത്.

2015ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു ഗ്രെഗ് ബാര്‍ക്ലേ.

 

ബയോ ബബിള്‍ നിയമങ്ങളുടെ ലംഘനം, വിന്‍ഡീസിന് ഇനി പരിശീലനത്തിന് അവസരമില്ല

ന്യൂസിലാണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ നിയമങ്ങളുട ലംഘനം കാരണം ഇനി ക്വാറന്റീന്‍ സമയം കഴിയുന്ന വരെ വിന്‍ഡീസ് താരങ്ങള്‍ക്ക് പരിശീലനത്തിന് അനുമതിയില്ലെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. ക്രെസ്റ്റചര്‍ച്ചില്‍ രണ്ട് ബയോ ബബിളില്‍ കഴിയുന്ന താരങ്ങള്‍ തമ്മില്‍ തമ്മില്‍ സോഷ്യലൈസ് ചെയ്യുകയും ഭക്ഷണം പങ്കു വയ്ക്കുകയും ചെയ്യുക വഴി ബയോ ബബിള്‍ നിയമങ്ങളുടെ ലംഘനം താരങ്ങള്‍ നടത്തിയെന്നാണ് ന്യൂസിലാണ്ട് ബോര്‍ഡ് കണ്ടെത്തിയത്.

പലവട്ടം ടീം അംഗങ്ങള്‍ ഈ നിയമങ്ങള് ലംഘിയ്ക്കുകയായിരുന്നുവെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. ഇതോടെ വെള്ളിയാഴ്ച ക്വാറന്റൈന്‍ കാലം കഴിയുന്ന വരെ ടീമിന് പരിശീലനത്തിന് അനുമതിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ ലംഘനങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഹോട്ടല്‍ സ്റ്റാഫുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി.

ന്യൂസിലാണ്ടില്‍ ക്രിക്കറ്റ് പുനരാരംഭിക്കുവാനാകുമെന്ന് പ്രതീക്ഷ

ന്യൂസിലാണ്ടില്‍ ക്രിക്കറ്റ് ഉടനെ പുനരാരംഭിക്കുവാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ക്രിക്കറ്റ് ന്യൂസിലാണ്ട്. കൊറോണ തടയുന്നതില്‍ ഏറ്റവും അധികം വിജയം കണ്ട രാജ്യമാണ് ന്യൂസിലാണ്ട്. വരുന്ന സമ്മറില്‍ വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളെ ആതിഥേയത്വം വഹിക്കേണ്ടവരാണ് ന്യൂസിലാണ്ട്.

ഇംഗ്ലണ്ട് ബോര്‍ഡ് ചെയ്തത് പോലെ ബയോ ബബിളുകള്‍ സൃഷ്ടിക്കുവാന്‍ തങ്ങള്‍ക്കും ആകുമെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ് പറയുന്നത്. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളുടെ ബോര്‍ഡുകളുമായി സംസാരിച്ച് കഴിഞ്ഞുവെന്നും അവര്‍ എല്ലാം ടൂറിനായി സമ്മതിച്ച് കഴിഞ്ഞിട്ടുണ്ടെന്നും വൈറ്റ് പറഞ്ഞു.

37 ദിവസത്തെ അന്താരാഷ്ട്ര ക്രിക്കറ്റാണ് ഈ കാലയളവില്‍ ഉണ്ടാകുകയെന്നും വൈറ്റ് പറഞ്ഞു. അടുത്തിടെയാണ് ന്യൂസിലാണ്ട് കൊറോണയില്ലാതെ നൂറ് ദിവസം എന്ന നേട്ടം കൈവരിച്ചത്.

ഐപിഎല്‍ ആതിഥേയത്വം വഹിക്കാമെന്ന് പറഞ്ഞിട്ടില്ല – ന്യൂസിലാണ്ട്

ഐപിഎല്‍ നടത്തുവാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നത് നിഷേധിച്ച് ന്യൂസിലാണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹം മാത്രമാണെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. തങ്ങള്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഇതിനായി ഐപിഎല്‍ അധികാരികളാരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് റിച്ചാര്‍ ബൂക്ക് വ്യക്തമാക്കി.

കൊറോണ വ്യാപനം തടയുന്നതില്‍ വളരെ അധികം മികച്ച നില്‍ക്കുന്ന രാജ്യമാണ് ന്യൂസിലാണ്ട്. യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലും ഐപിഎല്‍ നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും ബിസിസിഐ എല്ലാം നിഷേധിക്കുകയായിരുന്നു.

Exit mobile version