ഇംഗ്ലണ്ട് ഈ അവസരം മുതലാക്കി വിരാടിനെയും രോഹിതിനെയും ദി ഹണ്ട്രെഡിൽ പങ്കെടുപ്പിക്കണമായിരുന്നു – മാർക്ക് ബുച്ചർ

ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂൾ നേരത്തെ ആക്കുവാൻ പറഞ്ഞ ബിസിസിഐയുടെ ആവശ്യം ഇംഗ്ലണ്ട് അംഗീകരിക്കണമായിരുന്നുവെന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബുച്ചർ. ഈ അവസരം ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ പ്രമുഖ താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരെ ദി ഹണ്ട്രെഡിൽ കളിപ്പിക്കുവാൻ ഇംഗ്ലണ്ട് ബോർഡിന് ആവശ്യപ്പെടാമായിരുന്നുവെന്നും ഒരു സുവർണ്ണാവസരമാണ് ഇംഗ്ലണ്ട് കളഞ്ഞതെന്നും ബുച്ചർ പറഞ്ഞു.

കഴിഞ്ഞ വർഷം ആരംഭിക്കുവാനിരുന്ന ദി ഹണ്ട്രെഡ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. വലിയൊരു അവസരമാണ് ഇംഗ്ലണ്ട് ബോർഡ് നഷ്ടപ്പെടുത്തിയതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇന്ത്യയുടെ മാർക്കീ താരങ്ങളുടെ സാന്നിദ്ധ്യം ദി ഹണ്ട്രെഡിന് ജനപിന്തുണ വർദ്ധിപ്പിക്കുമായിരുന്നുവെന്നും ബുച്ചർ പറഞ്ഞു.

ഐപിഎല്‍ ഇനി നടക്കുക അസാധ്യം, എന്നാല്‍ പണം ഏറെ മുഖ്യമെന്നതിനാല്‍ ബിസിസിഐ ഏതറ്റം വരെയും പോകും

ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുക അസാധ്യമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഇപ്പോള്‍ നിലവിലുള്ള ഫിക്സ്ച്ചറുകള്‍ കഴിഞ്ഞാലും ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷമായതിനാല്‍ തന്നെ ടീമുകളെല്ലാം സന്നാഹ മത്സരങ്ങളുമായി തിരക്കിലായിരിക്കുമെന്നും അതിനാല്‍ തന്നെ ഈ വര്‍ഷം ഐപിഎല്‍ സാധ്യമാകുമോ എന്നത് ഏറെ പ്രയാസമാണെന്ന് വെറ്ററന്‍ താരം പറഞ്ഞു.

എന്നാല്‍ ഇതിനെല്ലാം മേലെയാണ് പണമെന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ വ്യക്തമാക്കി. വലിയ നഷ്ടമാണ് ബിസിസിഐയ്ക്ക് ഐപിഎല്‍ നടന്നില്ലെങ്കില്‍ വരാന്‍ പോകുന്നത്, അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും അത് സാധ്യമാക്കുവാന്‍ അവര്‍ ശ്രമിക്കുമെന്നും ബുച്ചര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 71 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് ബുച്ചര്‍.

Exit mobile version