ഗോകുലം കേരള യുവതാരം റിസ്‌വാനെ സ്വന്തമാക്കി മലപ്പുറം എഫ്സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരുന്ന രണ്ടാം സീസണിൽ മുഹമ്മദ് റിസ്‌വാൻ മലപ്പുറത്തിന് വേണ്ടി ബൂട്ട് കെട്ടും. ഗോകുലം കേരളയിൽ നിന്നാണ് ഈ യുവ മുന്നേറ്റ താരത്തെ മലപ്പുറം എഫ്സി റാഞ്ചിയത്. 20 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. കോഴിക്കോട് മുക്കം സ്വദേശിയാണ്. ഇരു വിംഗുകളിലും ഒരുപോലെ കളിക്കാൻ കഴിയുന്ന താരമാണ് റിസ്‌വാൻ. ഗോൾ അടിക്കുന്നതിലും മികച്ച പാസ്സുകൾ നൽകുന്നതിലും താരം മുന്നിട്ട് നിൽക്കുന്നു.

എഫ്സി അരീക്കോടിന്റെ യൂത്ത് ടീമിലൂടെയാണ് റിസ്‌വാൻ കരിയർ തുടങ്ങുന്നത്. പിന്നീട് അരിക്കോടിന് വേണ്ടി 2022-23 സീസൺ റിലയൻസ് ഡെവലപ്മെൻറ് ലീഗിലും 2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗിലും താരം പന്ത് തട്ടി. 5 ഗോളുകളും നേടിയിട്ടുണ്ട്. ഇരു ലീഗുകളിലും നടത്തിയ മികച്ച പ്രകടനം കണ്ട് റിസ്‌വാനെയന്ന് ഗോകുലം കേരള സ്വന്തമാക്കുകയായിരുന്നു. ഗോകുലത്തിന് വേണ്ടി 2024-25 സീസണിലെ ഡെവലപ്മെൻറ് ലീഗിലും കേരളാ പ്രീമിയർ ലീഗിലും താരം കളിച്ചു.4 ഗോളുകളും നേടി.

കൂടാതെ ഗോവൻ ഫസ്റ്റ് ഡിവിഷൻ ടീമായ സ്പോർട്ടിംഗ് ക്ലബ് ക്യാൻഡോലിമിനും ബൂട്ടണിഞിട്ടുണ്ട്. 2023ൽ നടന്ന അണ്ടർ-20 യൂത്ത് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമംഗം കുടിയായിരുന്നു. സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്. സ്കൗട്ടിംഗ് ഡയറക്ട്ടർ അനസ് എടത്തൊടികയുടെ നേതൃത്വത്തിൽ ഇത്തവണ മികച്ച സ്ക്വാഡിനെ തന്നെയാണ് മലപ്പുറം ഒരുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം റിഷാദ് ഗഫൂർ മലപ്പുറം എഫ്സിയിൽ

മലപ്പുറം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ മുന്നേറ്റതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. വെറും 18 വയസ്റ്റ് പ്രായം മാത്രമാണ് താരത്തിനുള്ളത്. ടീമിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് ഈ മലപ്പുറം പൊന്നാനി സ്വദേശി. കഴിഞ്ഞ വർഷം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാറിയേർസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം താരം നടത്തിയിരുന്നു. കണ്ണൂരിന് വേണ്ടി 8 കളികളിൽ നിന്നും 1 ഗോളും 2അസിസ്റ്റും നേടിയിട്ടുണ്ട്.

തിരൂരിലെ മൗലാന കൂട്ടായി ഫുട്ബോൾ അക്കാദമിയിലൂടെയാണ് താരം വളർന്നു വന്നത്. പിന്നീട് അവിടന്ന് മുത്തൂറ്റ് എഫ്എ റിഷാദിനെ പൊക്കുകയായിരുന്നു. മുത്തൂറ്റിന് വേണ്ടി 2023-24 സീസൺ ഡെവലപ്പമെൻറ് ലീഗിൽ 6 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടി മിന്നും പ്രകടനം കാഴച വെച്ചിരുന്നു. യുകെയിൽ വെച്ച് നടന്ന നെക്സ്റ്റ് ജെൻ കപ്പിന് അന്ന് ടീം യോഗ്യതയും നേടി.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ താരം 2024-25 സീസണിലെ ഡെവലപ്മെൻറ് ലീഗിലും കേരളാ പ്രീമിയർ ലീഗിലും മഞ്ഞ കുപ്പായമണിഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി റണ്ണർഅപ്പായ കേരളാ ടീമിലെ അംഗം കൂടിയായിരുന്നു ഈ കൗമാരക്കാരൻ. സൂപ്പർ ലീഗിൽ ഇത്തവണ മലപ്പുറത്തിന്റെ മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് റിഷാദ്.

റോയ് കൃഷ്ണയ്ക്ക് വമ്പൻ സ്വീകരണം നൽകി അൾട്രാസ്

മലപ്പുറം: മലപ്പുറം ഫുട്ബോൾ ക്ലബിന്റെ ഏറ്റവും പുതിയ വിദേശ സൈനിംഗായ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണക്ക് ഗംഭീര സ്വീകരണം നൽകി എംഎഫ്സിയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ അൾട്രാസ്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി ഒരു മണിയോടെ പുറത്തിറങ്ങിയ താരത്തെ കാത്ത് 100ഓളം ആരാധകരാണ് മലപ്പുറത്ത് നിന്നും ബസ്സ് കയറിയെത്തിയത്.

സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നിൽ എല്ലാവരും അണിനിരന്ന് കൊണ്ട് കൈയ്യടികളോടെയും ഉച്ചത്തിലുള്ള ചാന്റുകളോടെയുമാണ്
റോയ് കൃഷ്ണയെ ആരാധകർ വരവേറ്റത്. താരത്തിന് അൾട്രാസ് അംഗങ്ങൾ സ്കാർഫും മൊമെന്റോയും സമ്മാനമായി നൽകി. വൈകിയ വേളയിലും എംഎഫ്സി ഫാൻസിന് റോയ് കൃഷ്ണയോടുള്ള അളവറ്റ ആരാധനയും സ്നേഹവുമാണ് എയർപോർട്ടിൽ കാണാൻ കഴിഞ്ഞത്.

അടുത്ത ദിവസം തന്നെ റോയ് കൃഷ്ണ ടീമിന്റെ കൂടെ പരിശീലനത്തിനിറങ്ങുമെന്ന് ടീം പ്രധിനിധികൾ പറഞ്ഞു. ഇതോടെ എല്ലാ വിദേശതാരങ്ങളും ടീമിൽ ജോയിൻ ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മലപ്പുറം എഫ്സി പരിശീലനം നടത്തുന്നത്.

ഇത്തവണ ഒരുങ്ങി തന്നെ! ഗോൾമെഷീൻ റോയ്കൃഷ്ണയെ സ്വന്തമാക്കി മലപ്പുറം

മലപ്പുറം: ഐ.എസ്.എൽ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയെ തട്ടകത്തിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻബഗാൻ, ബെംഗളൂരു എഫ്‌.സി, ഒഡീഷ എഫ്‌.സി തുടങ്ങി കളിച്ച ടീമുകൾക്കെല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ വിദേശ കളിക്കാരിലൊരാളാണ് ഈ താരം. മികച്ച പരിചയസമ്പത്തുള്ള കളിക്കാരൻ കൂടിയാണ് റോയ് കൃഷ്ണ. വേഗത,കൃത്യമായ ഫിനിഷിംഗ്, ലീഡർഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയൻ സ്ട്രൈക്കറെ വ്യത്യസ്തനാക്കുന്നത്. റോയ് കൃഷ്ണ കൂടി വരുന്നതോടെ മലപ്പുറത്തിന്റെ മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കും.

ഓസ്ട്രേലിയൻ എ– ലീഗിൽ നിന്ന് കൊൽക്കത്തൻ ക്ലബായ എടികെ മോഹൻബഗാനിൽ എത്തിയ കൃഷ്ണ 2019–20 (15 ഗോൾ, 6 അസിസ്റ്റ്), 2020–21 (14 ഗോൾ,8 അസിസ്റ്റ്) സീസണുകളിൽ ഐഎസ്എൽ ടോപ് സ്കോറർ ആയിരുന്നു. 2021–22 സീസണിൽ 7 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്. 2019–20 സീസണിൽ ഐഎസ്എൽ കിരിടം നേടുകയും 2020–21 സീസണിൽ റണ്ണർഅപ്പാവുകയും ചെയ്തു.മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

മോഹൻ ബഗാനിൽ നിന്നും നേരെപോയത് ബെംഗളൂരു എഫ്.സിയിലേക്കായിരുന്നു. 2022-23 ഐഎസ്എൽ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും 5 അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022ൽ ഡ്യൂറൻഡ് കപ്പ് നേടുകയും 2023ൽ സൂപ്പർ കപ്പിൽ റണ്ണർഅപ്പാവുകയും ചെയ്തു. പിന്നീട് ഒഡീഷ എഫ്സിയിലേക്ക് ചേക്കേറിയ താരം 2023–24 സീസണിൽ മാത്രം 13 ഗോളുകൾ നേടി ഒരു സീസണിൽ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കി. രണ്ട് സീസണുൾപ്പെടെ ഒഡീഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 6 അസിസ്റ്റും നേടിയിട്ടുണ്ട്.

ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണു കളിക്കുന്നത്.
ഫിജി ദേശീയ ടീമിന്റെ നായകൻ കൂടിയാണ് ഈ 38കാരൻ.രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും റോയ് കൃഷ്ണയുടെ പേരിലാണ്. 61 കളികളിൽ നിന്നും 44 ഗോളുകളാണ് റോയിയുടെ സമ്പാദ്യം. മാത്രമല്ല ഫിജി ദേശീയ ടീമിനായി 50 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ കളിക്കാരൻ കൂടിയാണ് താരം.

ഓക്ക്‌ലാൻഡ് സിറ്റി എഫ്‌സി, വെയ്റ്റക്കരെ യുണൈറ്റഡ് തുടങ്ങിയ ന്യൂസിലാന്റ് ക്ലബുകൾക്കും ഓസ്‌ട്രേലിയൻ എ-ലീഗ് ടീമായ വെല്ലിംഗ്ടൺ ഫീനിക്സ് എഫ്സിയിലും റോയ് പന്ത് തട്ടിയിട്ടുണ്ട്.മലപ്പുറം എഫ്സി ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ.നേരത്തെ ഐറ്റർ അൽദലൂർ, ജോൺ കെന്നഡി,സെർജിയോ ഗോൺസാലസ്, ഫാകുണ്ടോ ബല്ലാർഡോ, കമ്രോൺ തുർസനോവ് എന്നീ താരങ്ങളെ ടീമിലെത്തിച്ചിരുന്നു.

മലപ്പുറം എഫ്സിയിൽ ചേർന്നതിനെ കുറിച്ച് റോയ് കൃഷ്ണയുടെ വാക്കുകൾ-
“സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിൽ മലപ്പുറം എഫ്‌സിക്കായി സൈൻ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാർ എനിക്ക് നൽകിയതിൽ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊർജ്ജവും നേരിട്ട് അനുഭവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു” എന്ന് റോയ് കൃഷ്ണ പറഞ്ഞു.

മലപ്പുറം എഫ് സി ഒരുങ്ങിതന്നെ!! താജിക്കിസ്ഥാൻ മുന്നേറ്റ താരം കമ്രോൺ തുർസനോവിനെ സ്വന്തമാക്കി

മലപ്പുറം: താജിക്കിസ്ഥാൻ മുന്നേറ്റതാരം കമ്രോൺ തുർസനോവിനെ സൈൻ ചെയ്ത് മലപ്പുറം എഫ്‌.സി. ഐ-ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഈ താരത്തിന്റെ വരവ് ക്ലബിന്റെ ആക്രമണ നിരയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം പരിചയ സമ്പത്തുള്ള കളിക്കാരൻ കൂടിയാണ് തുർസനോവ്. താരത്തിന്റെ വേഗതയും ഫിനീഷിംഗും സെറ്റ്പീസുകൾ എടുക്കുന്നതിലെ മികവും ടീമിന് ഗുണകരമാവും.

2019-ൽ ഇന്ത്യയിൽ കളിക്കാൻ എത്തിയ തുർസനോവ് ആദ്യ സീസണിൽ തന്നെ മോഹൻ ബഗാൻറെ കൂടെ ഐ-ലീഗ് കിരീടം നേടുകയും ആരാധകരുടെ പ്രിയതാരമായി മാറുകയും ചെയ്തു. തുടർന്ന് ട്രാവു എഫ്.സി, രാജസ്ഥാൻ യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്,ഗോകുലം കേരള എന്നീ ടീമുകൾക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2023-24 സീസണിൽ ഗോകുലം കേരളക്കായി 6 ഗോളുകളും 2 അസിസ്റ്റും താരം നേടി. ഐ-ലീഗിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ കളിക്കാരൻ കൂടിയാണ് തുർസനോവ്. 2021ൽ ട്രാവു എഫ്സിക്കു വേണ്ടി റിയൽ കശ്മീരിനെതിരെ വെറും 9 സെക്കൻഡിലാണ് അദ്ദേഹം സ്കോർ ചെയ്തത്.

എഫ്‌സി റീഗർ ടഡാസ്, എഫ്സി ഇസ്തിക്‌ലോൽ, എഫ്.കെ ഖുജാന്ദ്,റവ്ഷാൻ കുലോബ് തുടങ്ങിയ താജികിസ്ഥാൻ ടീമുകൾക്കും വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. ഇന്തോനേഷ്യൻ ക്ലബായ ഡെജൻ എഫ്‌സിയിലും താരം കളിച്ചിട്ടുണ്ട്.സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി തയ്യാറെടുക്കുന്ന മലപ്പുറം എഫ്‌.സി മികച്ച സ്ക്വാഡിനെ തന്നെയാണ് ഒരുക്കുന്നത്.

മധ്യനിരയിലേക്ക് പുതിയ സൈനിംഗ്-അർജന്റീന താരം ഫാകുണ്ടോ ബല്ലാർഡോ മലപ്പുറത്തിനായി കളിക്കും

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ മലപ്പുറം ഫുട്ബോൾ ക്ലബിനായി പന്ത് തട്ടാൻ അർജന്റീന വംശജനായ ഫാകുണ്ടോ ബല്ലാർഡോയും.മധ്യനിര കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് അർജന്റീനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡറെ ടീമിലെത്തിച്ചിരിക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിംഗിലും ഒരുപോലെ കളിക്കാൻ കഴിയുന്ന താരമാണ് ഫാകുണ്ടോ. വെറും 29 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.

അർജന്റീനിയൻ ആണെങ്കിലും താരം പ്രൊഫഷണൽ ഫുട്ബോളിൽ ഇതുവരെ കളിച്ചത് സ്പാനിഷ് ടീമുകൾക്കു വേണ്ടി മാത്രമാണ്. ഫാകുണ്ടോ സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. സ്പെയിനു പുറത്ത് ഇതാദ്യമായാണ് താരം കളിക്കാനെത്തുന്നത്. മികച്ച അനുഭവ സമ്പത്തും നല്ല ഉയരവും ഉള്ളത് കൊണ്ട് തന്നെ എംഎഫ്സി ടീമിന് ഈ സൈനിംഗ് ഒരുപാട് ഗുണം ചെയ്യും.

സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ സിഡി കലഹോറയിൽ നിന്നാണ് ഫാകുണ്ടോ മലപ്പുറം എഫ്.സിയിലേക്കെത്തുന്നത്. കലഹോറയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 4 ഗോളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. എസ്ഡി ഫോർമെന്റെറ, അത്‌ലറ്റിക്കോ സാൻലുക്വിനോ സിഎഫ്, ഹാരോ ഡിപോർട്ടീവോ,ഔറൻസ് സിഎഫ്, എസ്ഡി ടാറാസോന, ഡിപോർട്ടീവോ അലാവസ് ബി തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായി 134 -ഓളം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ സെമി കാണാതെ പോയ മലപ്പുറം ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.

പ്രതിരോധത്തിൽ സ്പാനിഷ് ടച്ച്, സെർജിയോ ഗോൺസാലസ് ഇനി മലപ്പുറം എഫ്.സിയുടെ ജേഴ്‌സിയിൽ

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർബാക്ക് സെർജിയോ ഗോൺസാലസിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്സി. വെറും 24 വയസ്സു മാത്രമുള്ള ഈ പ്രതിരോധ താരം നിരവധി സ്പാനിഷ് ക്ലബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. സെന്റർബാക്ക് പൊസിഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം ഡിഫൻസീവ് മിഡ്ഫീൽഡിലും കളിക്കാൻ കഴിയുന്ന താരമാണ്.

സ്പെയിന് പുറത്ത് വേറൊരു ലീഗിൽ ഇതാദ്യമായാണ് ഗോൺസാലസ് കളിക്കാൻ വരുന്നത്. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബായ സീഡി അത്‌ലറ്റികോ പാസോയിൽ നിന്നാണ് താരം മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. പത്തോളം മത്സരങ്ങളിൽ അത്‌ലറ്റികോ പാസോക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.

റിയൽ സോസീഡാഡിന്റെ യുത്ത് ടീമിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുന്നത്. തുടർന്ന് സറൗട്ട്സ് കെഇ,സിഡി നുമാൻസിയ, ടൊലൗസ സിഎഫ്, പസായിയ കെഇ, സിഡി സിഎസ, സിഡി ടോളിഡോ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കു വേണ്ടിയും കളിച്ചു. മലപ്പുറം എഫ്സിയുടേത് ഒരു സ്പാനിഷ് പരിശീലകനായത് കൊണ്ട് തന്നെ ഗോൺസാലസിന് ടീമിന്റെ തന്ത്രങ്ങളുമായി പെട്ടന്ന് പൊരുത്തപെടാൻ കഴിയും.

ഗോൾപോസ്റ്റിന് മുന്നിലിനി പുതിയ കാവൽക്കാരൻ – പോലീസ് താരം അസ്ഹറിനെ സ്വന്തമാക്കി മലപ്പുറം എഫ്‌.സി

മലപ്പുറം: സൂപ്പർ ലീഗ് രണ്ടാം സീസണിൽ ടീമിന്റെ ഗോൾവല കാക്കാൻ മുഹമ്മദ് അസ്ഹറിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി, നിലവിൽ കേരളാ പോലീസ് ടീമിൻറെ ഗോൾകീപ്പറാണ് അസ്ഹർ. സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലുമടക്കം നിരവധി ടൂർണ്ണമെൻറുകളിൽ കേരളത്തിന് വേണ്ടി ഗ്ലൗസണിഞ്ഞിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് 28-കാരനായ ഈ താരം.ഗോൾപോസ്റ്റിന് മുന്നിലെ തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളും മികച്ച സേവുകളും തന്നെയാണ് അസ്ഹറിനെ വേറിട്ടു നിർത്തുന്നത്.

മലപ്പുറം ജില്ലക്ക് വേണ്ടി സീനിയർ ചാമ്പ്യൻഷിപ്പിൽ 5 തവണ കളിച്ചിട്ടുണ്ട് .കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.ഇക്കഴിഞ്ഞ 78മത് സന്തോഷ് ട്രോഫിയിൽ റണ്ണർഅപ്പായ കേരളാ ടീമിലെ അംഗം കൂടിയാണ് അസ്ഹർ, ഇതിന് മുൻപ് 2019ലും 2023ലും കേരള സന്തോഷ് ട്രോഫി ടീമിലിടം നേടിയിട്ടുണ്ട്.2023 നാഷണൽ ഗെയിംസിൽ വെങ്കലം നേടിയ കേരള ടീം അംഗം കൂടിയാണ്.

കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ട് സീസണിലും തുടർച്ചയായി മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയത് അസ്ഹറായിരുന്നു. 2017ൽ ഗോകുലം കേരളയിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുന്നത്. അവിടന്ന് കേരളാ പോലീസ് ടീമിലേക്ക് മാറുകയായിരുന്നു. ഇക്കഴിഞ്ഞ കെ.പി.എല്ലിൽ റണ്ണർഅപ്പായത് കേരളാ പോലീസാണ്. തന്റെ മികച്ച പ്രകടനങ്ങൾ ഇനി എം.എഫ്.സിക്കു വേണ്ടിയും തുടരാനാകുമെന്നാണ് താരത്തിൻറെ പ്രതീക്ഷ.

മലപ്പുറത്തിന്റെ പ്രതിരോധം കാക്കാൻ പോലീസ് താരം സഞ്ജുഗണേഷും.

മലപ്പുറം:എസ്.എൽ.കെ രണ്ടാം സീസണിൽ മലപ്പുറം എഫ്.സിക്കായി ബൂട്ടണിയാൻ കേരള പോലീസിൻറെ സൂപ്പർതാരം സഞ്ജു ഗണേഷും. പ്രതിരോധ നിരയിൽ മികച്ച അനുഭവ സമ്പത്തുള്ള കളിക്കാരനാണ് സഞ്ജു. എംഎഫ്സിയുടെ പ്രതിരോധ നിരയിലേക്ക് വലിയ കരുത്ത് പകരുന്നത് തന്നെയാണ് ഈ സൈനിംഗ്. എറണാകുളം ആലുവ സ്വദേശിയാണ് 30കാരനായ ഈ താരം.

കഴിഞ്ഞ 78മത് സന്തോഷ് ട്രോഫിയിൽ റണ്ണർ-അപ്പായ കേരളാ ടീമിൻറെ നായകനായിരുന്നു സഞ്ജു ഗണേഷ്, കൂടാതെ 2022ൽ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും താരമുണ്ടായിരുന്നു. കേരള ടീമിൻറെ കൂടെ 2023 നാഷണൽ ഗെയിംസിൽ വെള്ളിയും 2024 നാഷണൽ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. കേരളാ ഫുട്ബോൾ അസോസിയേഷൻറെ 2024-25 വർഷത്തെ മികച്ച കളിക്കാരനുള്ള അവാർഡിന് അർഹനായത് സഞ്ജുവായിരുന്നു.

2018 -ൽ ഗോകുലം കേരളയിലൂടെയാണ് സഞ്ജു ഫ്രൊഫഷണൽ ഫുട്ബോളിൽ കരിയർ ആരംഭിക്കുന്നത്. 2019ൽ ഗോകുലത്തിൻറെ കൂടെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യനാവുകയും ചെയ്തിരുന്നു. അതിന് ശേഷം ഡിപാർട്ട്മെൻറ് ടീമായ കേരളാ പോലീസിലേക്ക് ചേക്കേറുകയായിരുന്നു. ഇക്കഴിഞ്ഞ കേരള പ്രീമിയർ ലീഗ് റണ്ണർ-അപ്പായത് സഞ്ജുവിൻറെ നേതൃത്വത്തിലുള്ള പോലീസ് ഫുട്ബോൾ ടീമായിരുന്നു. വരാൻ പോകുന്ന സീസണിലേക്ക് ഇത് വരെ മികച്ച കളിക്കാരെ തന്നെയാണ് മലപ്പുറം എഫ്.സി സൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ഈ സീസണിനായി കാത്തിരിക്കുന്നത്.

മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ബ്രസീലിയൻ കരുത്ത് – ജോൺ കെന്നഡിയെ റാഞ്ചി എം.എഫ്.സി

മലപ്പുറം:കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസൺ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു.

സെമിയിലും ഫൈനലിലും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് കാലിക്കറ്റ് എഫ്.സിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമായിരുന്നു കെന്നഡി. കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ മുന്നേറ്റനിരയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത സാനിധ്യമായിരുന്നു യുവ ബ്രസീലിയൻ താരം, നാല് മത്സരങ്ങളിൽ നിന്നും 3 ഗോളുകളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. തന്റെ ശക്തമായ ഫിസിക്കൽ ഗെയിമും ക്ലിനിക്കൽ ഫിനിഷിങ്ങുമാണ് കെന്നഡിയെ വ്യത്യസ്താനാക്കുന്നത്.

മലേഷ്യൻ രണ്ടാം ഡിവിഷൻ ക്ലബായ മചൻ എഫ്സിയിൽ നിന്നുമാണ് കെന്നഡി ഇപ്പോൾ മലപ്പുറം എഫ്.സിയിലേക്ക് വരുന്നത്. ക്യമേറ്റ എസ്.സി, അത്ലറ്റികോ ക്ലബ് ഇസബെലെൻസ്, സവോ ഫ്രാൻസിസ്കോ എഫ്സി, എസ്.സി ഹുമൈറ്റ തുടങ്ങിയ ബ്രസീലിയൻ ക്ലബുകൾക്ക് വേണ്ടിയും താരം പന്ത് തട്ടിയിട്ടുണ്ട്.

മലപ്പുറത്തെ കളി പഠിപിക്കാൻ പുതിയ ആശാനെത്തി, മിഗ്വേലിന് ഗംഭീര വരവേൽപ്പ് നൽകി ആരാധകരും മാനേജ്‌മെന്റും

മലപ്പുറം എഫ്‌.സി.യുടെ പുതിയ മുഖ്യ പരിശീലകൻ സ്പെയിനിൽ നിന്നുള്ള മിഗ്വേൽ ടൊറൈറക്ക് ഹൃദ്യമായ വരവേൽപ് നൽകി ക്ലബ്ബിൻറെ ആരാധക കൂട്ടായ്മയായ അൾട്രാസും ടീം മാനേജ്‌മെന്റും. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 3 മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.

കോച്ചിനോടുള്ള താൽപര്യവും സ്നേഹവും പ്രകടമാക്കിയ ആരാധകർ പൂക്കളും പ്ലക്കാർഡുകളും ക്ലബ് സ്കാർഫുകളുമായി പരിശീലകനെ കൈയ്യടികളോടെയും ചാന്റുകളോടെയുമാണ് സ്വീകരിച്ചത്. ക്ലബ്ബിന്റെ ഭാഗത്ത് നിന്നും സ്കൗട്ടിംഗ് ഡയറക്ടർ അനസ് എടത്തൊടിക, ടീം മാനേജർ മുഹമ്മദ് റാഫി, ഡാനിഷ് ഹൈദ്രോസ്, നിധീഷ് മോഹൻ എന്നിവരും പരിശീലകനെ സ്വീകരികാനുണ്ടായിരുന്നു.

“ഈ ക്ലബ്ബിന്റെ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു, അൾട്രാസാണ് ഏറ്റവും മികച്ച ആരാധകരെന്നും ഇത്രയും വൈകിയ സമയത്തും തന്നെ സ്വീകരിക്കാൻ വേണ്ടി കാത്ത് നിന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും മിഗ്വേൽ ടൊറൈറ ആദ്യ പ്രതികരണത്തിൽ പറഞ്ഞു. അടുത്ത ദിവസം മുതൽ തന്നെ ടീം പരിശീലനം ആരംഭിക്കും എന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു.

ഹൈദരാബാദ് എഫ്സി താരം അഭിജിത്ത് പി.എ ഇനി മലപ്പുറം എഫ്.സിയിൽ

ഹൈദരാബാദ് എഫ്സിയുടെ മലയാളി യുവതാരം അഭിജിത്ത് പി.എ ഇനി മലപ്പുറം എഫ്‌.സിയുടെ ജേഴ്സിയണിയും. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് 22കാരനായ ഈ മധ്യനിര താരം. കേരളത്തിന് വേണ്ടി ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ തിളങ്ങിയത് വഴിയാണ് 2023ൽ ഹൈദരാബാദ് എഫ്‌.സിയുടെ റിസർവ് ടീമിലേക്ക് അഭിജിത്തിനെ സൈൻ ചെയ്തത്. തുടർന്ന് താരം ക്ലബിന്റെ ഏറ്റവും പ്രതീക്ഷയുള്ള യുവ മിഡ്ഫീൽഡറായി മാറുകയും ചെയ്തു.

ഡെവലപ്മെന്റ് ലീഗിൽ ടീമിൻറെ ടോപ് സ്‌കോററായ അഭിജിത്ത് ഐ-ലീഗ് സെക്കൻഡ് ഡിവിഷനിലും റിസർവ് ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തെ തുടർന്ന് താരത്തെ ഹൈദരാബാദ് എഫ്സിയുടെ സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്യുകയായിരുന്നു.സൂപ്പർ കപ്പിലൂടെയാണ് അഭിജിത്ത് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്, പിന്നീട് 2024ൽ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടർന്നുള്ള മത്സരങ്ങളിൽ മധ്യനിരയിൽ തുടർച്ചയായി അവസരം ലഭിച്ചു. ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി 24ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

മധ്യനിരയിൽ നിന്ന് മുന്നേറ്റത്തിനും പ്രതിരോധത്തിനും ഒരു പോലെ പിന്തുണ നൽകാൻ കെൽപ്പുള്ള താരമാണ് അഭിജിത്ത്. കെ.പി.എല്ലിൽ ഗോൾഡൻ ത്രെഡ്സ്, എഫ്സി കേരള തുടങ്ങിയ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.തന്റെ മികച്ച പ്രകടനങ്ങൾ ഇനി മലപ്പുറത്തിന്റെ കുപ്പായത്തിലും തുടരാനാകുമെന്നാണ് താരത്തിൻറെ പ്രതീക്ഷ.

Exit mobile version