മൊഹമ്മദൻസ് താരം ഇർഷാദിനെ തട്ടകത്തിലെത്തിച്ച് മലപ്പുറം എഫ്.സി

ഐ.എസ്.എല്ലിൽ അടക്കം പ്രമുഖ ഇന്ത്യൻ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ മധ്യനിര താരം മുഹമ്മദ് ഇർഷാദിനെ സ്വന്തമാക്കി മലപ്പുറം എഫ്.സി. തിരൂർ സ്വദേശിയായ ഇർഷാദ് സാറ്റ് തിരൂരിലൂടെയാണ് കളിച്ചു വളർന്നത് .

ഗോകുലം കേരള, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബെംഗാൾ, ഡി.എസ്.കെ ശിവാജിയൻസ് തുടങ്ങിയ ക്ലബുകൾക്കായും താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ബോക്‌സ് ടു ബോക്‌സ് മിഡ്ഫീൽഡറായി അറിയപ്പെടുന്ന ഇർഷാദിന്റെ വരവ് എം.എഫ്.സിയുടെ മധ്യനിരയ്ക്ക് വലിയ കരുത്തേകും.

2018/19 സീസണിൽ ഗോകുലത്തിനൊപ്പം ഡ്യൂറൻഡ് കപ്പും 2024ൽ മൊഹമ്മദൻസിനൊപ്പം ഐ-ലീഗ് കിരീടവും ഇർഷാദ് നേടിയിട്ടുണ്ട്.മധ്യനിരയും പ്രതിരോധവും ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്ന കളിക്കാരനാണ് ഇർഷാദ്. ഇത്തവണ ചാമ്പ്യൻഷിപ്പ് മാത്രം ലക്ഷ്യമിടുന്ന മലപ്പുറം എഫ്.സി മികച്ച സ്ക്വാഡിനെ തന്നെയാണ് ഒരുക്കുന്നത്.

മലപ്പുറം എഫ്.സി പരിശീലകൻ മിഗ്വേൽ ടൊറൈറ ഞായറാഴ്ച എത്തും

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ മലപ്പുറത്തിൻ്റെ സ്വന്തം ടീമായ മലപ്പുറം എഫ്.സിയുടെ 34-കാരനായ യുവ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറയെ ഞായറാഴ്ച മലപ്പുറത്ത് എത്തും.


പുലർച്ചെ 2.35 ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ടീമിൻ്റെ
മുഖ്യ പരിശീലകനെ സ്വീകരികരിക്കാൻ ഒഫിഷ്യൽസും ആരാധകരും വിമാനത്താവളത്തിൽ എത്തും.
മികച്ച കളിക്കാരെ ഉൾപ്പെടുത്തി സുപ്പർ ലീഗ് കേരളയുടെ സീസൺ രണ്ടിൽ കീരിടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്
മലപ്പുറം എഫ്സി.


മുഖ്യ പരിശിലകൻ ടീമിനൊപ്പം എത്തുന്നതോടെ അടുത്ത ദിവസം
തന്നെ ടീം പരിശിലനത്തിനിറങ്ങും
യുവേഫ പ്രോ കോച്ചിങ് ലൈസൻസ് ഉടമയായ മിഗ്വേൽ ടൊറൈറ ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീമിന്റെ പരിശീലക ദൗത്യം ഏറ്റെടുക്കുന്നത്.
പനാമ ഒന്നാം ഡിവിഷൻ ക്ലബായ യുമെസിറ്റ് എഫ്.സിയിൽ ടെക്നിക്കൽ ഡയറക്ടറായും മുഖ്യ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പനാമയിലെ മറ്റൊരു പ്രധാന ഒന്നാം ഡിവിഷൻ ക്ലബായ ഹെരേര എഫ്സിയുടെ യൂത്ത് ടീമിന്റെയും സീനിയർ ടീമിന്റെയും മുഖ്യ പരിശീലകനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്

യുറെൽ സി.എഫ്, മോണ്ടനെറോസ് തുടങ്ങിയ സ്പാനിഷ് ക്ലബുകളുടെ യൂത്ത് ടീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്,
4 -3 – 3 ഫോർമേഷനിൽ പ്രതിരോധത്തിന് പ്രാധാന്യം നൽകിയിട്ടുള്ള കളി ശൈലിയാണ് ടൊറൈറയുടേത്.

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ചാമ്പ്യന്മാരാകുകയെന്ന ലക്ഷ്യത്തോടെ
മുഖ്യ പരിശിലകനൊപ്പം മികച്ച കളിക്കാരെയും ഉൾപ്പെടുത്തിയുള്ള ടീമിനെയാണ് മലപ്പുറം എഫ്.സി ഇത്തവണ കളത്തിൽ ഇറക്കുന്നത്.

പ്രതിരോധ താരം അഖിൽ പ്രവീണിനെ സൈൻ ചെയ്ത് മലപ്പുറം എഫ്.സി

മലപ്പുറം :പ്രമുഖ ഡിഫൻഡർ അഖിൽ പ്രവീൺ ഇനി മലപ്പുറം എഫ്‌.സി.യുടെ ജേഴ്സി അണിയും. ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നീ ടൂർണമെൻറുകളിൽ തന്റെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ അഖിലിന്റെ വരവ് മലപ്പുറം എഫ്‌.സി.യുടെ പ്രതിരോധത്തിന് കരുത്ത് പകരും.

ഗോകുലം കേരളയിൽ നിന്നാണ് അഖിലിനെ എം.എഫ്.സി റാഞ്ചിയത്. ഗോകുലത്തിന് വേണ്ടി ഐ-ലീഗിലും സൂപ്പർ കപ്പിലും നിർണ്ണായക പ്രകടനങ്ങൾ താരം കാഴ്ചവെച്ചിരുന്നു. 2022-ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ പ്രധാന താരമായിരുന്നു അഖിൽ പ്രവീൺ.

എഫ്.സി കേരള, മിനർവ്വ പഞ്ചാബ്, ബെംഗളൂരു യുണൈറ്റഡ്,എഫ്.സി ഡെക്കാൻ, കേരള യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

മുന്നേറ്റ നിരയിൽ പുതിയ കരുത്ത്, അക്ബർ സിദ്ധീഖ് ഇനി മലപ്പുറം എഫ്.സിയിൽ

കഴിഞ്ഞ സീസൺ എസ്.എൽ.കെയിൽ കണ്ണൂർ വാരിയേർസിന് വേണ്ടി കളത്തിലിറങ്ങിയ യുവ മുന്നേറ്റ താരം അക്ബർ സിദ്ധീഖിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഈ 25 കാരൻ. 5 കളികളിൽ കണ്ണൂരിനായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

2023-24 വർഷത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി 2 ഗോളും 4 അസിസ്റ്റും അക്ബർ നേടിയിരുന്നു.53മത് നാഷണൽ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലും അക്ബർ അംഗമായിരുന്നു, 3 അസിസ്റ്റുകൾ നേടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്

2016- 17 സീസണിൽ പ്രോഡിഗി ഫുട്ബോൾ അക്കാദമിയുടെ അണ്ടർ 15 താരമായാണ് കളി തുടങ്ങിയത്. ആ സീസണിലെ ഹീറോ അണ്ടർ 16 ലീഗിലെ പ്രകടനത്തിലൂടെ അണ്ടർ 17 ദേശീയ ടീം ക്യാംപിലെത്തി. 2017 മുതൽ 2020 വരെ ഗോകുലം കേരള എഫ്സിയുടെ യൂത്ത് ടീമിന്റെ ഭാഗമായി. 2017 മുതൽ 2019 വരെ ഹീറോ എലൈറ്റ് ലീഗിൽ അണ്ടർ 18 വിഭാഗത്തിൽ കളിക്കാനിറങ്ങി. തുടർന്ന് ഗോകുലം റിസർവ് ടീമിലെത്തി. 2020-21 സീസണിൽ ബെംഗളൂരു എംഇജിക്കുവേണ്ടി ബിഡിഎഫ്എ സൂപ്പർ ഡിവിഷനിൽ കളിക്കാനിറങ്ങിയ സിദ്ദിഖ് 9 കളികളിൽനിന്നായി 6 ഗോളുകൾ നേടിയിരുന്നു. കേരള പ്രീമിയർ ലീഗിൽ 2021-22 സീസണിൽ വയനാട് യൂണൈറ്റഡ് എഫ്സിക്കുവേണ്ടി കളിക്കാനിറങ്ങി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ കളിച്ച അക്ബർ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023-ൽ ഇംഗ്ലീഷ് ക്ലബ് മൊർക്കാംബെ എഫ്.സി കേരളത്തിൽ നടത്തിയ ട്രയലിൽ വിജയിച്ച് ഇംഗ്ലണ്ടിൽ 3 മാസത്തോളം പരിശീലനത്തിന് യോഗ്യത നേടിയ ഏക മലയാളി താരം കൂടിയായിരുന്നു അക്ബർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്‌കൗട്ടിംഗ് ഡയറക്ടറായ ഡേവിഡ് ഹോപ്സൺൻറെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.

മലപ്പുറം എഫ്സി യുവ റൈറ്റ് ബാക്ക് നിതിൻ മധുവിനെ സ്വന്തമാക്കി


എസ്എൽകെ സൂപ്പർ ലീഗ് കേരള സീസൺ 2-നായി മലപ്പുറം എഫ്സി, പരിചയസമ്പന്നനായ റൈറ്റ് ബാക്ക് നിതിൻ മധുവിനെ ടീമിലെത്തിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സൈനിംഗ് ഇന്ന് പുറത്തുവിട്ടതോടെ ക്ലബ്ബിന്റെ ആരാധകർ ആവേശത്തിലായി. തളരാത്ത കഠിനാധ്വാനത്തിനും പ്രതിരോധത്തിലെ മികവിനും പേരുകേട്ട നിതിൻ മധു, കഴിഞ്ഞ എസ്എൽകെ സീസണിൽ ഫോർസ കൊച്ചിയുടെ താരമായിരുന്നു. കൂടാതെ കേരള സന്തോഷ് ട്രോഫി ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

മുൻപ് കെപിഎൽ ചാമ്പ്യനാവുകയും ദേശീയ ഗെയിംസിൽ വെങ്കല മെഡൽ നേടുകയും ചെയ്ത താരം കൂടിയാണ് നിതിൻ. ഇത് കേരളത്തിലും ദേശീയ തലത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണൽ മികവ് തെളിയിക്കുന്നു. മുത്തൂറ്റ് എഫ് എ, കേരള യുണൈറ്റഡ് എഫ്സി, കെഎഫ്എ സതേൺ സമിതി, ഗോൾഡൻ ഡ്സ് ഫുട്ബോൾ ക്ലബ്, മാർ അത്തനാസിയസ് ഫുട്ബോൾ അക്കാദമി, ഡോൺ ബോസ്കോ തുടങ്ങിയ ക്ലബ്ബുകളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് മലപ്പുറം എഫ്സിക്ക് മുതൽക്കൂട്ടാകും.

കരാറിൽ ഒപ്പിട്ട ശേഷം നിതിൻ പുതിയ ക്ലബ്ബിനോടുള്ള തന്റെ ആവേശം പങ്കുവെച്ചു. “ഈ എസ്എൽകെ സീസണിൽ മലപ്പുറം എഫ്‌സിയുടെ ജേഴ്സി അണിയാനും കളിക്കളത്തിലിറങ്ങാനും കഴിയുന്നതിൽ അഭിമാനമുണ്ട്. ടീമിനൊപ്പം വളരാനും ഓരോ ഗോളിനുമായി പോരാടാനും ഞങ്ങളുടെ അത്ഭുതകരമായ അൾട്രാസുമായി മറക്കാനാവാത്ത നിമിഷങ്ങൾ പങ്കിടാനും ഞാൻ ആവേശത്തിലാണ്. ഓരോ മത്സരത്തിലും ഓരോ മിനിറ്റിലും ഈ ബാഡ്ജിന് വേണ്ടി എന്റെ ഹൃദയവും ആത്മാവും നൽകും” അദ്ദേഹം പറഞ്ഞു.

ഗനി നിഗം ഇനി മലപ്പുറം എഫ്‌സിയിൽ


സൂപ്പർ ലീഗ് കേരള (SLK) സീസൺ 1 ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയുടെ താരവും ഐ-ലീഗ് 2 ജേതാക്കളായ ഡയമണ്ട് ഹാർബർ എഫ്‌സിയുടെ ടീം അംഗവുമായിരുന്ന ഗനി നിഗമിനെ മലപ്പുറം എഫ്‌സി സ്വന്തമാക്കി. വരാൻ പോകുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരള ഫുട്ബോളിൽ മുൻനിരയിലേക്ക് എത്താനും ലക്ഷ്യമിടുന്ന മലപ്പുറം എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിർണായക നീക്കമാണ്.


മികച്ച ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച കഴിവുറ്റ താരമാണ് ഗനി നിഗം. ഗോകുലം കേരള, ഹൈദരാബാദ് എഫ്‌സി, മുഹമ്മദൻ സ്‌പോർട്ടിങ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലെ അനുഭവസമ്പത്ത് അദ്ദേഹത്തിന് മുതൽക്കൂട്ടാണ്.

മലപ്പുറം എഫ്സി സ്പാനിഷ് പരിശീലകൻ മിഗുവൽ കോറലിനെ മുഖ്യ പരിശീലകനായി നിയമിച്ചു


സൂപ്പർ ലീഗ് കേരള സീസണിന് മുന്നോടിയായി മലപ്പുറം എഫ്സി സ്പാനിഷ് പരിശീലകൻ മിഗുവൽ കോറലിനെ മുഖ്യ പരിശീലകനായി നിയമിച്ചു. 34-കാരനായ കോറൽ, UMECIT FC, Herrera FC തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ അനുഭവസമ്പത്ത് നേടിയിട്ടുണ്ട്. ഡൈനാമിക്, മോഡേൺ ഫുട്ബോളിന്റെ വക്താവായാണ് കോറൽ അറിയപ്പെടുന്നത്.

കഴിഞ്ഞ സീസണിലെ നിരാശ മാറ്റുകയാണ് മലപ്പുറം എഫ് സിയുടെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ആയിരുന്നു മലപ്പുറം എഫ് സി ഫിനിഷ് ചെയ്തത്. ജോൺ ഗ്രിഗറിയെ പോലൊരു വലിയ പരിശീലകനും മികച്ച സ്ക്വാഡും ഉണ്ടായിട്ടു. അവർ പ്രതീക്ഷാക്ക് ഒത്ത് ഉയർന്നിരുന്നില്ല.

ഫസലു റഹ്മാൻ പുതിയ സീസണിലു മലപ്പുറം എഫ് സിക്ക് ആയി കളിക്കും

ഫസലു റഹ്മാൻ പുതിയ സൂപ്പർ ലീഗ് കേരള സീസണിലും മലപ്പുറം എഫ് സിക്ക് ആയി കളിക്കും. താരം മലപ്പുറം എഫ് സിയിൽ തുടരും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളക്ക് ശേഷം ഫസലു ഐ ലീഗ് ക്ലബായ സ്പോർടിംഗ് ബെംഗളൂരുവിൽ കളിച്ചിരുന്നു‌. അവിടെ മികച്ച പ്രകടനം നടത്താൻ ഫസലുവിനായിരുന്നു.

താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. 29കാരനായ ഫസലു സാറ്റ് തിരൂരിനായും കളിച്ചിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരുന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.

സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക് ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു. മുമ്പ് മൊഹമ്മദൻസിനായും ഡെൽഹിക്ക് ആയും അദ്ദേഹം കളിച്ചിട്ടുണ്ട്.

സെമി പ്രതീക്ഷ കാത്ത് മലപ്പുറം എഫ് സിയുടെ വിജയം

മൂന്നടിച്ച് മലപ്പുറം മുന്നോട്ട്

സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. നിർണായകമായ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 3-0 നാണ് മലപ്പുറം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
വിജയികൾക്കായി പെഡ്രോ മാൻസി രണ്ടും അലക്സിസ് സാഞ്ചസ് ഒന്നും ഗോൾ നേടി. എട്ട് കളികളിൽ ഒൻപത് പോയൻ്റ് നേടിയ മലപ്പുറം സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇത്രയും കളികളിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി.

സ്പാനിഷ് താരം ഐറ്റർ ആൽഡലർ മലപ്പുറത്തെയും ബ്രസീലുകാരൻ മൈൽസൺ ആൽവസ് തൃശൂരിനെയും നയിച്ച മത്സരത്തിൽ ഇരുടീമുകളും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. നിരന്തര ഫൗളുകളെ തുടർന്ന് റഫറിയുടെ ഇടപെടലുകളും തുടക്കം മുതൽ കാണാനായി.
ഇരുപത്തിരണ്ടാം മിനിറ്റിൽ പെഡ്രോ മാൻസി തൊടുത്ത കർവിങ് ഷോട്ട് തൃശൂർ ഗോൾകീപ്പർ പ്രതീഷ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബാർബോസയുടെ ക്ലോസ് റെയിഞ്ച് ഷോട്ട് തൃശൂർ നായകൻ മൈൽസൺ വീണുകിടന്ന് തടഞ്ഞു.

മുപ്പത്തിനാലാം മിനിറ്റിൽ മലപ്പുറത്തിൻ്റെ ജോസബ ബെയ്റ്റിയക്ക് റഫറി മഞ്ഞക്കാർഡ് ഉയർത്തി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൾ തൃശൂർ രണ്ട് അവസരങ്ങൾ തുറന്നെടുത്തെങ്കിലും മലപ്പുറത്തിൻ്റെ യുവ ഗോൾ കീപ്പർ മുഹമ്മദ് സിനാൻ സാഹസികമായി രക്ഷപ്പെടുത്തി. നാൽപ്പത്തി അഞ്ചാം മിനിറ്റിൽ മലപ്പുറം സ്കോർ ചെയ്തു. ബാർബോസ നൽകിയ ക്രോസിൽ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ കരുത്തുറ്റ ഹെഡ്ഡർ തൃശൂർ വലയിൽ കയറി (1-0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഗിഫ്റ്റി, ഡാനി എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ മലപ്പുറം ലീഡ് ഉയർത്തി. പന്തുമായി മുന്നേറിയ പെഡ്രോ മാൻസിയെ ഡാനി വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത മാൻസിക്ക് പിഴച്ചില്ല (2-0). അറുപത്തിയാറാം മിനിറ്റിൽ അലക്സ് എടുത്ത ഫ്രീകിക്ക് മലപ്പുറത്തിൻ്റെ ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. കളി എഴുപത് മിനിറ്റ് പിന്നിട്ട ശേഷം മലപ്പുറം അലക്സിസ് സാഞ്ചസ്, മുഹമ്മദ് നിഷാം, അനസ് എടത്തൊടിക, ഹെൻറി കിസേക്ക എന്നിവരെ കളത്തിലിറക്കി. എൺപത്തിയഞ്ചാം മിനിറ്റിൽ അനസ് നീട്ടിനൽകിയ പന്ത് ഒറ്റക്ക് മുന്നേറി അലക്സിസ് സാഞ്ചസ് തൃശൂർ വലയിൽ നിക്ഷേപിച്ചു (3-0). ഇന്നലെ (ഒക്ടോബർ 18) 7500 ഓളം കാണികൾ മത്സരം കാണാൻ മഞ്ചേരി സ്റ്റേഡിയത്തിലെത്തി. ആദ്യ ലഗ്ഗിൽ മലപ്പുറവും തൃശൂരും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.

ഇന്ന് (19 ഒക്ടോബർ) കണ്ണൂർ വാരിയേഴ്സ് എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലപ്പുറം vs തൃശൂർ

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (ഒക്ടോബർ 18) ജീവൻ മരണ പോരാട്ടം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ഡു ഓർ ഡൈ മാച്ച്. കിക്കോഫ് വൈകീട്ട് 7.30 ന്. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യം. ഏഴ് റൗണ്ട് മത്സരം അവസാനിച്ചപ്പോൾ മലപ്പുറം ആറ് പോയൻ്റുമായി അഞ്ചാമതാണ്. രണ്ട് പോയൻ്റ് മാത്രമായി തൃശൂർ അവസാന (ആറാം) സ്ഥാനത്തും നിൽക്കുന്നു. ഇന്ന് തോൽവി നേരിട്ടാൽ സെമി ഫൈനൽ കാണാതെ പുറത്താകുന്ന ആദ്യ ടീമായി തൃശൂർ മാറും.

L

നായകൻ അനസ് എടത്തൊടികയടക്കം പ്രമുഖരായ ഏഴ് താരങ്ങൾ പരിക്കിൻ്റെ പിടിയിലകപ്പെട്ട മലപ്പുറത്തെ കോച്ച് ജോൺ ഗ്രിഗറി എങ്ങനെ വിന്യസിക്കും എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. പരിക്ക് മാറി ആരൊക്കെ മത്സരത്തിന് ലഭ്യമാവും എന്ന് ഇന്ന് രാവിലെയെ തീരുമാനമാവൂ. പകരക്കാരൻ നായകൻ ആൽഡലിർ, സ്പാനിഷ് താരം അലക്സിസ് സാഞ്ചസ്, ഫസലുറഹ്മാൻ തുടങ്ങിയവർ മികച്ചു കളിക്കുന്നത് ടീമിന് ആശ്വാസമാണ്. ബ്രസീലുകാരൻ ബാർബോസ ഉറൂഗ്വെക്കാരൻ പെഡ്രോ മാൻസി എന്നിവരെ കീ പൊസിഷനുകളുടെ ചുമതല നൽകിയാവും മലപ്പുറത്തിൻ്റെ തന്ത്രങ്ങൾ. സ്വന്തം ഗ്രൗണ്ടിൽ ആദ്യ വിജയം എന്ന വലിയ സ്വപ്നവും മലപ്പുറത്തിന് ബാക്കി കിടക്കുന്നുണ്ട്.

ലീഗിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത തൃശൂരിന് ലീഗിൽ ജീവൻ നിലനിർത്താൻ വിജയമല്ലാതെ മറ്റൊരു മാർഗവും ഇല്ല. നായകൻ സി കെ വിനീത് ഉൾപ്പടെ തൃശൂരിൻ്റെ ഏതാനും കളിക്കാരും പരിക്ക് റൂമിലാണ്. മലയാളി യുവതാരങ്ങളായ അർജുൻ, സഫ്നാദ്, സഫ്നീദ് ഉൾപ്പടെയുള്ളവർ മികവ് പുലർത്തുന്നത് തൃശൂരിൻ്റെ ഇറ്റാലിയൻ കോച്ച് ജിയോവനി സാനുവിന് പ്രതീക്ഷ നൽകുന്നു.

മലപ്പുറം, തൃശൂർ ടീമുകളുടെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയം ലീഗിൽ കാണികൾ ഇടിച്ചുകയറിയ വേദിയാണ്. അതിനിർണായക മത്സരത്തിന് ഇന്ന് ഇവിടെ ഇരു സംഘങ്ങളും ബൂട്ട് മുറുക്കുമ്പോൾ ഗ്യാലറിയിൽ ആവേശപ്പൂരം ഉയരുമെന്ന് ഉറപ്പ്.

ലൈവ്

മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും(ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.

സൂപ്പർ ലീഗ് കേരള; മലപ്പുറം എഫ് സിക്ക് വീണ്ടും വിജയമില്ല

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പൻസ് – മലപ്പുറം എഫ്സി അവേശക്കളി സമനിലയിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ പങ്കുവെച്ച് പിരിഞ്ഞു. മലപ്പുറത്തിനായി അലക്സിസ് സാഞ്ചസും കൊമ്പൻസിനായി പകരക്കാരൻ വൈഷ്ണവും സ്കോർ ചെയ്തു.

ബ്രസീലിയൻ താരങ്ങളെ നായകസ്ഥാനം ഏൽപ്പിച്ചാണ് ഇന്നലെ ഇരു ടീമുകളും കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയുടെ അഭാവത്തിൽ ആൾഡലിർ മലപ്പുറത്തെയും പാട്രിക് മോട്ട തിരുവനന്തപുരത്തെയും നയിച്ചു. പരിക്കിനെ തുടർന്ന് സീസൺ നഷ്ടമായ ബുജൈറിൻ്റെ ജഴ്സിയുമായാണ് മലപ്പുറം ടീം മത്സരത്തിന് മുൻപ് ഫോട്ടോക്ക് പോസ് ചെയ്തത്.

കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മലപ്പുറം താരം അജയ് കൃഷ്ണൻ പരിക്കേറ്റ് പുറത്ത് പോയി. പകരമെത്തിയത് ജാസിം. ആദ്യ പതിനഞ്ച് മിനിറ്റിനിടെ അഞ്ച് കോർണറുകൾ നേടാൻ മലപ്പുറത്തിന് സാധിച്ചു. നിരന്തരം എതിർ കോട്ട ആക്രമിച്ച ബാർബോസ, ഫസലു, അലക്സിസ് സാഞ്ചസ് എന്നിവർക്കൊന്നും പക്ഷേ സന്ദർശകർക്കായി അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഇരുപത്തിയേഴാം മിനിറ്റിൽ മലപ്പുറത്തിന് വീണ്ടും ഒരു കളിക്കാരനെ നഷ്ടമായി. പരിക്കേറ്റ് നന്ദു കൃഷ്ണ മടങ്ങിയപ്പോൾ പകരമെത്തിയത് നവീൻ കൃഷ്ണ.

മുപ്പത്തിയൊന്നാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. പത്താം നമ്പർ താരം ജോസബ മധ്യനിരയിൽ നിന്ന് ഉയർത്തി നൽകിയ പന്ത് അലക്സിസ് സാഞ്ചസ് ഓടിയെത്തിയ കൊമ്പൻസ് ഗോളി പവൻ കുമാറിൻ്റെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് കോരിയിട്ടു (1-0). ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഡവി കൂൻ, സീസൺ എന്നിവരുടെ നേതൃത്വത്തിൽ കൊമ്പൻസ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും നിരന്തരം വന്ന മിസ് പാസുകൾ അവർക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സീസണിന് പകരം ഗണേശൻ, കൂനിന് പകരം മാർക്കോസ് എന്നിവരെ ഇറക്കി കൊമ്പൻസ് ആക്രമണം കനപ്പിച്ചു. തുടർച്ചയായി മലപ്പുറത്തിൻ്റെ ഹാഫിൽ അപകടം മണത്തു. ഇടയ്ക്ക് കളിക്കാർ തമ്മിലുള്ള കൈയ്യാങ്കളിക്കും സ്റ്റേഡിയം സാക്ഷിയായി. എഴുപതാം മിനിറ്റിൽ മലപ്പുറം ഗുർജീന്ദർ, മാൻസി എന്നിവരെ കളത്തിലിറക്കി. കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ കൊമ്പൻസ് സമനില നേടി. കോർണറിൽ നിന്ന് വന്ന പന്ത് മലപ്പുറം പോസ്റ്റിലേക്ക് അടിച്ചുകയറ്റി പകരക്കാരൻ വൈഷ്ണവ് ആണ് ആതിഥേയർക്ക് സമനില നൽകിയത് (1-1).

ലീഗ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാമത്. അഞ്ച് പോയൻ്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്ത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കളിയില്ല. ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും.

സൂപ്പർ ക്ലാസിക്കോയിൽ മലപ്പുറത്തിന് കണ്ണീർ നൽകി കണ്ണൂർ

സൂപ്പർ ക്ലാസിക്കോയിൽ
മലപ്പുറം എഫ്സിയെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 2-1 ന് തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പോയൻ്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. എസിയർ, അഡ്രിയാൻ എന്നിവർ കണ്ണൂരിനായും
ഫസലു റഹ്മാൻ മലപ്പുറത്തിനായും സ്കോർ ചെയ്തു.

ആൾഡലിർ – ജോസബ – സാഞ്ചസ് എന്നീ സ്പാനിഷ് താരങ്ങളെ മധ്യ – മുന്നേറ്റനിരകളിൽ വിന്യസിച്ചാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറത്തെ അണിനിരത്തിയത്. മറുഭാഗത്ത് അൽവാരോ – എസിയർ – അഡ്രിയാൻ സ്പാനിഷ് ത്രയത്തെ മാനുവൽ സാഞ്ചസും കണ്ണൂരിനായി ആദ്യ ഇലവനിൽ കളത്തിലിറക്കി.

നായകൻ അനസ് എടത്തൊടികയെ വാം അപ്പനിടെയേറ്റ പരിക്കിനെ തുടർന്ന് ഇന്നലെ മലപ്പുറത്തിന് കളത്തിലിറക്കാൻ സാധിച്ചില്ല. പകരം
ആൾഡലിർ ആണ് ടീമിനെ നയിച്ചത്.

മൂന്നാം മിനിറ്റിൽ ഫസലു റഹ്മാനിലൂടെ മലപ്പുറമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത് എങ്കിലും പതിനാലാം മിനിറ്റിൽ കണ്ണൂർ ഗോൾ നേടി. എസിയർ നീക്കി നൽകിയ പന്തിൽ കണ്ണൂർ നായകൻ അഡ്രിയാൻ എതിർ ഗോളിക്ക് അവസരം നൽകാതെ അനായാസം സ്കോർ ചെയ്തു 1-0. മത്സരം കൃത്യം അരമണിക്കൂർ പിന്നിടുമ്പോൾ കണ്ണൂർ ലീഡ് ഇരട്ടിയാക്കി. യുവതാരം മുഹമ്മദ് റിഷാദ് നൽകിയ പന്ത് രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് എസിയർ വലയിലേക്ക് അടിച്ചു കയറ്റി 2-0.

ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. പെനാൽറ്റി ബോക്സിൻ്റെ ഇടത് പാർശ്വത്തിൽ നിന്ന് ലോങ് റെയ്ഞ്ചർ പറത്തി
ഫസലു റഹ്മാനാണ് സ്കോർ ചെയ്തത് 2-1. ലീഗിൽ ഫസലുവിൻ്റെ രണ്ടാം ഗോൾ. ആദ്യ പകുതി 2-1 ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ മലപ്പുറം കൂടുതൽ കരുത്തോടെ ആക്രമണത്തിനിറങ്ങി. അൻപത്തിരണ്ടാം മിനിറ്റിൽ സാഞ്ചസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹെഡ്ഡർ പുറത്തേക്ക് പോയി. അറുപത്തിയഞ്ചാം മിനിറ്റിൽ ബ്രസീൽ താരം ബാർബോസ മലപ്പുറത്തിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി സുരേഷ് ദേവരാജ് ഓഫ്സൈഡ് വിധിച്ചു. കളിക്കാരെ നിരന്തരം മാറ്റി പരീക്ഷിച്ച് ഇരു ടീമുകളും രണ്ടാം പകുതിയിൽ ഗോളിനായി ശ്രമിച്ചെങ്കിലും വലയനങ്ങിയില്ല. തുടർച്ചയായി മൂന്ന് മത്സരം ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ കളിച്ചെങ്കിലും ഇവിടെ ഒരു വിജയം നേടാൻ മലപ്പുറത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നാല് കളികളിൽ എട്ട് പോയൻ്റുമായി കണ്ണൂർ പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ ഇത്രയും കളികളിൽ നാല് പോയൻ്റുള്ള മലപ്പുറം നാലാമതാണ്.

Exit mobile version