ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡ് വിട്ട് എസി മിലാനിൽ; ഒരു വർഷത്തെ കരാർ ഒപ്പിട്ടു


ക്രൊയേഷ്യൻ ഫുട്ബോൾ ഇതിഹാസം ലൂക്കാ മോഡ്രിച്ച് എസി മിലാനിൽ ഒരു വർഷത്തെ കരാർ ഒപ്പിട്ടു. 2027 ജൂൺ വരെ കരാർ നീട്ടാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സീരി എ ക്ലബ്ബ് തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു. റയൽ മാഡ്രിഡിൽ 13 വർഷം നീണ്ട മഹത്തായ കരിയറിനു ശേഷമാണ് 39 വയസ്സുകാരനായ ഈ മധ്യനിര മാന്ത്രികൻ പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.




ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിനോടുള്ള ആദരസൂചകമായി 14-ാം നമ്പർ ജേഴ്സിയായിരിക്കും അദ്ദേഹം ധരിക്കുക. റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ടോട്ടൻഹാം ഹോട്ട്‌സ്പർസിലും അദ്ദേഹം ഇതേ നമ്പർ ജേഴ്സി ധരിച്ചിരുന്നു.


റിയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരിലൊരാളായിട്ടാണ് മോഡ്രിച്ച് ക്ലബ്ബ് വിടുന്നത്. 597 മത്സരങ്ങൾ കളിച്ച അദ്ദേഹം, ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ 28 പ്രധാന കിരീടങ്ങൾ നേടി.

597ആം മത്സരം കളിച്ച് ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിനോട് വിട പറഞ്ഞു!


റയൽ മാഡ്രിഡിനായി 13 വർഷം നീണ്ട മിന്നുന്ന അധ്യായത്തിന് വിരാമമിട്ട് ലൂക്കാ മോഡ്രിച്ച് ബുധനാഴ്ച രാത്രി തന്റെ അവസാന മത്സരം കളിച്ചു. ക്ലബ് ലോകകപ്പ് സെമിഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നെതിരെ റയൽ മാഡ്രിഡിന്റെ വെള്ള ജേഴ്സിയിൽ 597-ാമത്തെ മത്സരത്തിനാണ് ഈ ക്രൊയേഷ്യൻ മാന്ത്രികൻ ഇറങ്ങിയത്. ജൂഡ് ബെല്ലിംഗ്ഹാമിന് പകരക്കാരനായി 65-ാം മിനിറ്റിൽ കളത്തിലെത്തിയപ്പോൾ സ്കോർ 0-4 എന്ന നിലയിലായിരുന്നതിനാൽ, മോഡ്രിച്ചിന് കളിയിൽ സ്വാധീനം ചെലുത്താനോ റയൽ മാഡ്രിഡിന്റെ ടൂർണമെന്റിൽ നിന്നുള്ള പുറത്താകൽ തടയാനോ സാധിച്ചില്ല.


ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 2018-ലെ അഭിമാനകരമായ ബാലൺ ഡി ഓർ പുരസ്കാരവും ഉൾപ്പെടെ റെക്കോർഡ് 28 ട്രോഫികൾ മോഡ്രിച് റയലിനൊപ്പം നേടി. 39-കാരനായ മോഡ്രിച്ച് ക്ലബിൽ ശ്രദ്ധേയമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് മടങ്ങുന്നത്.


റയൽ മാഡ്രിഡുമായുള്ള യാത്ര അവസാനിച്ചെങ്കിലും, മോഡ്രിച്ച് പ്രൊഫഷണലായി കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താരം എസി മിലാനുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്. മിലാൻ പരിശീലകൻ തന്നെ ക്ലബ് ലോകകപ്പിന് ശേഷം മോഡ്രിച് ക്ലബിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു.

ലൂക്കാ മോഡ്രിച് ഇനി എസി മിലാൻ താരം!!


ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം, ഫ്രീ ഏജൻ്റായ വെറ്ററൻ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് ഇനി എസി മിലാൽ ജേഴ്സി അണിയും. താരം മിലാനുമായി കരാർ ധാരണയിൽ എത്തി. വരും ആഴ്ചയിൽ കരാറിന്റെ അടുത്ത നടപടിയിലേക്ക് കടക്കും.


39 കാരനായ ക്രൊയേഷ്യൻ ഇതിഹാസത്തിൻ്റെ റയൽ മാഡ്രിഡിലെ 13 വർഷത്തെ തിളക്കമാർന്ന കരിയറിന് അവസാനമായതിന് പിന്നാലെ, മിലാൻ്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ഇഗ്ലി ടാരെ താരത്തെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പരിശീലകൻ മാക്സ് അല്ലെഗ്രിയുടെ കീഴിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന മിലാന് മോഡ്രിച്ചിന്റെ വരവ് കരുത്തേകും. ഇൻ്റർ മിയാമി, അൽ-നാസർ ക്ലബ്ബുകളും താരത്തിൽ താൽപ്പര്യം കാണിച്ചിരുന്നു. മിലാനിൽ ഒരു വർഷത്തെ കരാർ ആകും മോഡ്രിച് ഒപ്പുവെക്കുക.

ഫ്രീ ഏജൻ്റായ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കാൻ എ സി മിലാൻ ശ്രമം


ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം, ഈ സമ്മറിൽ ഫ്രീ ഏജൻ്റായ വെറ്ററൻ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക് മാറുന്നത് ഗൗരവമായി പരിഗണിക്കുന്നു.


39 കാരനായ ക്രൊയേഷ്യൻ ഇതിഹാസത്തിൻ്റെ റയൽ മാഡ്രിഡിലെ 13 വർഷത്തെ തിളക്കമാർന്ന കരിയറിന് അവസാനമായതിന് പിന്നാലെ, മിലാൻ്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ഇഗ്ലി ടാരെ താരത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.

പരിശീലകൻ മാക്സ് അല്ലെഗ്രിയുടെ കീഴിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന മിലാൻ മോഡ്രിച്ചുമായി ചർച്ചകൾ സജീവമാക്കി. ഇൻ്റർ മിയാമി, അൽ-നാസർ ക്ലബ്ബുകളും താരത്തിൽ താൽപ്പര്യം കാണിച്ചിട്ടുണ്ട്.

ക്ലബ്ബ് ലോകകപ്പിന് ശേഷം ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡ് വിടും


മാഡ്രിഡ്: റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് ഈ വർഷം വേനൽക്കാലത്ത് നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന് ശേഷം ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു.


39 വയസ്സുകാരനായ മധ്യനിര താരം വ്യാഴാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് ഈ തീരുമാനം സ്ഥിരീകരിച്ചത്:

“ജീവിതത്തിലെ എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്… ശനിയാഴ്ച എൻ്റെ അവസാന മത്സരം സാന്റിയാഗോ ബെർണബ്യൂവിൽ കളിക്കും.” മാഡ്രിഡ് ആരാധകരോടുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. ഐക്കണിക് വെളുത്ത ജേഴ്‌സി അഴിച്ചുവെച്ചതിന് ശേഷവും താൻ ജീവിതകാലം മുഴുവൻ ഒരു ആരാധകനായി തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.


2012-ൽ ടോട്ടൻഹാം ഹോട്ട്‌സ്പറിൽ നിന്ന് 35 ദശലക്ഷം യൂറോയ്ക്ക് റയൽ മാഡ്രിഡിൽ ചേർന്നതിന് ശേഷം മോഡ്രിച്ച് 590 മത്സരങ്ങൾ റയലിനായി കളിച്ചു. ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നാല് ലാ ലിഗ ചാമ്പ്യൻഷിപ്പുകൾ, 2018-ൽ ബാലൺ ഡി ഓർ എന്നിവയുൾപ്പെടെ അവിശ്വസനീയമായ 28 ട്രോഫികൾ അദ്ദേഹം നേടി.


“ഞങ്ങളുടെ ക്ലബ്ബിലെയും ലോക ഫുട്ബോളിലെയും ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാൾ” എന്നാണ് റയൽ മാഡ്രിഡ് ക്ലബ്ബ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ജൂൺ 18 മുതൽ ജൂലൈ 13 വരെ യുഎസ്എയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിൽ മോഡ്രിച്ച് ടീമിനൊപ്പം തുടരും. അവിടെ ഒരു അവസാന കിരീടത്തോടെ തൻ്റെ മാഡ്രിഡ് കരിയർ അവസാനിപ്പിക്കാനാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ലൂക്കാ മോഡ്രിച്ച് സ്വാൻസി സിറ്റിയുടെ സഹ ഉടമയായി



റയൽ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബായ സ്വാൻസി സിറ്റിയുടെ നിക്ഷേപകനും സഹ ഉടമയുമായി. തിങ്കളാഴ്ച ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചു. റയൽ മാഡ്രിഡിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ 39 കാരനായ മിഡ്ഫീൽഡർ ഫുട്ബോൾ ഉടമസ്ഥതയിലേക്കുള്ള തന്റെ പുതിയ സംരംഭത്തിൽ ആവേശം പ്രകടിപ്പിച്ചു.


മോഡ്രിച്ച് എത്ര തുക നിക്ഷേപിച്ചുവെന്ന് സ്വാൻസി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2018 ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് വെൽഷ് ക്ലബ്ബിനൊപ്പം യാത്ര ആരംഭിച്ചതായി വ്യക്തമാക്കി.

“സ്വാൻസിക്ക് ശക്തമായ, അവിശ്വസനീയമായ ആരാധകവൃന്ദവും, ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള അഭിലാഷവുമുണ്ട്. ക്ലബ്ബിന്റെ വളർച്ചയെ നല്ല രീതിയിൽ പിന്തുണയ്ക്കുകയും ആവേശകരമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുകയുമാണ് എന്റെ ലക്ഷ്യം,” ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മോഡ്രിച്ച് പറഞ്ഞു.



“മോഡ്രിച്ച് ആഗ്രഹിക്കുന്ന കാലത്തോളം തുടരണം” – ആഞ്ചലോട്ടി

വെറ്ററൻ മിഡ്ഫീൽഡറായ ലൂക്ക മോഡ്രിച്ചിന്റെ കരാർ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി ലൂക്ക മോഡ്രിച്ചിനെ പ്രശംസിച്ചു. “ലൂക്ക ആഗ്രഹിക്കുന്നിടത്തോളം കാലം ഇവിടെ തുടരണം” എന്ന് ആഞ്ചലോട്ടി പറഞ്ഞു.

മോഡ്രിച്ച് ടീമിലേക്ക് കൊണ്ടുവരുന്നത് വിലമതിക്കാനാവാത്ത സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. “മോഡ്രിച്ച് ഫുട്ബോളിനുള്ള ഒരു സമ്മാനമാണ്. അദ്ദേഹം ചെയ്യുന്നതെല്ലാം അദ്ദേഹം വളരെ നന്നായി ചെയ്യുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു ഇതിഹാസത്തെ ലഭിച്ചത് റയൽ മാഡ്രിഡിന്റെ ഭാഗ്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

39 വയസ്സുള്ള മോഡ്രിച്ചിനെ ക്ലബ്ബിൽ നിർത്താനായി റയൽ മാഡ്രിഡ് ഒരു പുതിയ കരാർ ഓഫർ ചെയ്തതായി റിപ്പോർട്ടുണ്ട്,ൽ. 2026 ലോകകപ്പ് വരെ അദ്ദേഹം കളിക്കുന്നത് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

29 യാർഡ് അകലെ നിന്ന് മോഡ്രിചിന്റെ സ്ക്രീമർ!! റയൽ മാഡ്രിഡിന് ജയം

ലാലിഗ കിരീട പോരാട്ടത്തിൽ വിട്ടു കൊടുക്കാതെ റയൽ മാഡ്രിഡ്. ഇന്ന് അവർ ജിറോണക്ക് എതിരെ 2-0ന്റെ വിജയം സ്വന്തമാക്കി. ലൂക്ക മോഡ്രിചിന്റെ ഒരു ലോംഗ് റേഞ്ചറും വിനീഷ്യസിന്റെ ഗോളും ആണ് റയൽ മാഡ്രിഡിന് ഇന്ന് വിജയം നൽകിയത്.

ആദ്യ പകുതിയിൽ 41ആം മിനുറ്റിൽ ആയിരുന്നു മോഡ്രിചിന്റെ ഗോൾ. 39കാരൻ 29 യാർഡ് അകലെ നിന്ന് തൊടുത്ത ഷോട്ടാണ് ഗോളായി മാറിയത്. രണ്ടാം പകുതിയിൽ 83ആം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ ലീഡ് ഇരട്ടിയാക്കിയതോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 54 പോയിന്റുമായി ബാഴ്സലോണക്ക് ഒപ്പം നിൽക്കുകയാണ്. 53 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് തൊട്ടു പിറകിലും ഉണ്ട്.

ലൂക്ക മോഡ്രിച്ചിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ്

ലൂക മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരാൻ സാധ്യത. ഈ വർഷം 40 വയസ്സ് തികഞ്ഞെങ്കിലും ക്രൊയേഷ്യൻ മിഡ്ഫീൽഡറെ ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്ന തരത്തിൽ 2026 വരെ അദ്ദേഹത്തിന്റെ കരാർ നീട്ടാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. 2012 ൽ മാഡ്രിഡിൽ ചേർന്നതു മുതൽ മോഡ്രിച്ച് ടീമിന്റെ ഒരു പ്രധാന ഭാഗമായി തുടരുകയാണ്, അദ്ദേഹത്തിന്റെ അനുഭവവും നേതൃത്വവും ക്ലബിന് കരുത്താകും എന്ന് ആഞ്ചലോട്ടി വിശ്വസിക്കുന്നു.

2026 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ പ്രതിനിധീകരിക്കാൻ സ്വപ്നം കാണുന്നതിനാൽ, മോഡ്രിചും കളി തുടരാൻ താൽപ്പര്യപ്പെടുന്നുണ്ട്. ഈ സീസണിൽ തന്റെ മിനുറ്റുകൾ കുറച്ചിട്ടുണ്ടെങ്കിലും, നിർണായക പ്രകടനങ്ങൾ ഇപ്പോഴും റയലിനായി നടത്താൻ മോഡ്രിചിന് ആകുന്നുണ്ട്‌.

അസുഖം മൂലം മോഡ്രിച്ചിന് സ്പാനിഷ് സൂപ്പർ കപ്പ് സെമി നഷ്ടമാകും

ഇന്ന് ജിദ്ദയിൽ നടക്കുന്ന റയൽ മാഡ്രിഡിൻ്റെ സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ ലൂക്കാ മോഡ്രിച്ച് കളിക്കില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകളുമായി മികച്ച ഫോമിലുള്ള മോഡ്രിച്ചിൻ്റെ അഭാവം ടീമിന് തിരിച്ചടിയാകും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ മയ്യോർകയെ ആകും റയൽ നേരിടുക.

ഇന്നലെ ബിൽബാവോയെ പരാജയപ്പെടുത്തി ബാഴ്‌സലോണ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചാൽ, ഫൈനൽ മത്സരത്തിൽ എൽ ക്ലാസിക്കോ പോരാട്ടത്തിനായി ആരാധകർക്ക് കാത്തിരിക്കാം. മോഡ്രിച്ചിൻ്റെ അഭാവം മറികടന്ന് കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് റയൽ മാഡ്രിഡിൻ്റെ ഇന്നത്തെ ലക്ഷ്യം.

പ്രഖ്യാപനം വന്നു, മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ

റയൽ മാഡ്രിഡിന് പുതിയ സീസണ് മുമ്പ് സന്തോഷ വാർത്ത‌. അവരുടെ മധ്യനിര താരം മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരുമെന്ന് ഉറപ്പായി. ക്രൂസ് വിരമിച്ച നിരാശയിൽ നിൽക്കുന്ന റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ ആശ്വാസമാകും ഈ പ്രഖ്യാപനം. റയലും താരവും തമ്മിൽ ധാരണയിൽ എത്തിയതായും കരാർ ഒപ്പുവെച്ചതായും ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മറിൽ അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അന്ന് അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

38കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച് ആഗ്രഹിക്കുന്നത്.

സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് മോഡ്രിച്

ഇന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന സുനിൽ ഛേത്രിക്ക് ആശംസകൾ അറിയിച്ച് റയൽ മാഡ്രിഡ് സ്റ്റാർ-മിഡ്ഫീൽഡറും ക്രൊയേഷ്യയുടെ ക്യാപ്റ്റനുമായ ലൂക്കാ മോഡ്രിച്ച്. വിരമിക്കുന്നതിന് മുമ്പുള്ള അവസാന അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായി ഒരു വീഡിയോയിലൂടെ ആണ് മോഡ്രിച് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പ്രത്യേക സന്ദേശം അയച്ചത്.

ജൂൺ 6 ന് കുവൈത്തിനെതിരായ ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി, കോച്ച് ഇഗോർ സ്റ്റിമാച് ആണ് മോഡ്രിച്ചിൻ്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്‌.

‘സുനിൽ! ദേശീയ ടീമിനൊപ്പമുള്ള നിങ്ങളുടെ അവസാന മത്സരത്തിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങൾ. നിങ്ങൾ ഫുട്ബോളിൽ ഒരു ഇതിഹാസമാണ്.” മോഡ്രിച് പറഞ്ഞു.

“സുനിലും ഇന്ത്യൻ ടീമും അദ്ദേഹത്തിന്റെ അവസാന മത്സരം സവിശേഷവും അവിസ്മരണീയവുമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ക്യാപ്റ്റന് വിജയാശംസകൾ. ക്രൊയേഷ്യയിൽ നിന്ന് എല്ലാ ആശംസകളും സ്നേഹവും,” മോഡ്രിച്ച് തൻ്റെ വീഡിയോയിൽ പറഞ്ഞു.

Exit mobile version