റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദിന്റെ സ്മാഷില്‍ കൊച്ചി സ്‌പൈക്കേഴ്‌സ് പുറത്ത്

Newsroom

Img 20220222 Wa0041
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 22 ഫെബ്രുവരി 2022: കോര്‍ട്ടിലും പുറത്തും അത്യാവേശം നിറഞ്ഞ മത്സരത്തില്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-14, 11-15, 14-15, 15-10 എന്ന സ്‌കോറിനാണ് ഗുജറാത്ത് ടീമിന്റെ ജയം. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഷോണ്‍ ടി ജോണ്‍ കളിയിലെ താരമായി. തോല്‍വിയോടെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. ബുധനാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊച്ചി ടീം, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. 6 മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്‌സ് പത്തുപോയിന്റുകള്‍ നേടി ലീഗില്‍ ഒന്നാമന്‍മാരായി. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നീ ടീമുകളും സെമിഫൈനലിന് യോഗ്യത നേടി.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ ടീം ആദ്യ സെറ്റില്‍ 6-4ന് മുന്നിലെത്തി. പക്ഷേ, ബ്ലൂ സ്‌പൈക്കേഴ്‌സ് കോഡി കാള്‍ഡ്്‌വെലിലൂടെ ശക്തമായി പൊരുതി സ്‌കോര്‍ 10-10ന് സമനിലയിലാക്കി. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി പോയിന്റ് നിലനിര്‍ത്തി. സ്‌കോര്‍ 14-14ല്‍ നില്‍ക്കെ ബ്ലൂ സ്‌പൈക്കേഴ്‌സിന് സെര്‍വ് നഷ്ടമായി, അഹമ്മദാബാദ് 15-14ന്
ആദ്യ സെറ്റ് നേടി.
Img 20220222 Wa0039
രണ്ടാം സെറ്റില്‍ 8-7ന് ഡിഫന്‍ഡേഴ്‌സ് ലീഡെടുത്തു. ഷോണ്‍ ടി ജോണും, അംഗമുത്തുവും തകര്‍പ്പന്‍ പ്രകടനം നടത്തി. കാള്‍ഡ്‌വെല്‍ ഉജ്ജ്വല സ്മാഷ് സൃഷ്ടിച്ച് സ്‌കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. എന്നാല്‍ പോരാട്ടം തുടര്‍ന്ന അഹമ്മദാബാദ് 15-14ന് രണ്ടാം സെറ്റും സ്വന്തം പേരിലെഴുതി. എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്മാഷും ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ ഒരു സൂപ്പര്‍ സര്‍വും മൂന്നാം സെറ്റില്‍ 7-2ന് ബ്ലൂ സ്‌പൈക്കേഴ്‌സ് വന്‍ ലീഡ് സമ്മാനിച്ചു. ദീപേഷ് കുമാര്‍ സിന്‍ഹയുടെ സ്‌പൈക്കിലൂടെ കുതിച്ച കൊച്ചി, ഒടുവില്‍ 15-11ന് സെറ്റ് സ്വന്തമാക്കി.

എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് നാലാം സെറ്റിലും 8-5ന് മുന്നിലെത്തി. 11-8ന് ടീം മുന്നില്‍ നില്‍ക്കെ അഹമ്മദാബാദ് രണ്ട് ഉജ്ജ്വല സ്മാഷുകള്‍ പുറത്തെടുത്തു, എന്നാല്‍ എറിന്റെ കരുത്തുറ്റ സ്‌പൈക്കുകള്‍ക്ക് ഡിഫന്‍ഡേഴ്‌സിന് മറുപടിയുണ്ടായില്ല. നാലാം സെറ്റ് 15-14 ന് അവസാനിപ്പിച്ച ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരം സമനിലയിലാക്കി. ആധിപത്യം വീണ്ടെടുത്ത ഡിഫന്‍ഡേഴ്‌സ് അവസാന സെറ്റില്‍ 10-6ന് നാല് പോയിന്റ് ലീഡ് നേടി. അംഗമുത്തുവിന്റെ ഗംഭീരമായ ബ്ലോക്ക് ഒരു സൂപ്പര്‍ പോയിന്റ് നേടാനും 13-7 എന്ന സ്‌കോറിന് ആധിപത്യം സ്ഥാപിക്കാനും അവരെ സഹായിച്ചു. ആവേശപ്പോരിനൊടുവില്‍ 15-10ന് അഹമ്മദാബാദ് സെറ്റും മത്സരവും അവസാനിപ്പിച്ചു.