ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ചു. സ്‌കോർ: 15–-9, 6–-15, 15–-11, 15–-7. നന്ദഗോപാലാണ് കളിയിലെ താരം.
കൊച്ചിയുടെ പിഴവുകളിലൂടെയായിരുന്നു അഹമ്മദാബാദ് തുടക്കത്തിൽ പോയിന്റുകൾനേടിയത്. എന്നാൽ അതോസ് നയിച്ച മൂന്നംഗ പ്രതിരോധം നന്ദഗോപാലിനെ തടഞ്ഞതോടെ കൊച്ചിയിലെ കളിയിലേക്കെത്തി. മാക്‌സ് സെനികയുടെ ആക്രമണം അഹമ്മദാബാദിനെ സഹായിച്ചു. പക്ഷേ, എറിൻ വർഗീസിന്റെ സ്‌പൈക്കുകൾ കളി സന്തുലിതമാക്കി. ശിഖർ സിങ് കരുത്തുറ്റ ബ്ലോക്കുകളിലൂടെ സെലക്ഷൻ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തു. നന്ദയുടെ ആക്രണാത്മക സെർവുകൾ കളി അഹമ്മദാബാദിന് അനുകൂലമാക്കി.
അമിത് കുമാറും ജിബിൻ സെബാസ്‌റ്റ്യനും കൊച്ചിയുടെ ആക്രമണനിരയ്‌ക്ക് ഊർജം പകർന്നു. അതേസമയം അഹമ്മദാബാദ് ഒരുവശത്തുനിന്ന് ആക്രമണം തുടർന്നുകൊണ്ടിരുന്നു. അഹമ്മദാബാദിന്റെ പ്രതിരോധപ്പിഴവുകൾ മുതലെടുത്തു കൊച്ചി ഒപ്പമെത്താൻ ശ്രമിച്ചു. കളിക്കാർ തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പിഴവുകൾ അഹമ്മദാബാദിന്റെ സൂപ്പർ പോയിന്റ് നഷ്ടപ്പെടുത്തി. കൊച്ചി കളിഗതി പിടിച്ചു.
നന്ദയുടെയും മാക്‌സിന്റെയും ഷോട്ടുകൾ കൃത്യമായി അതോസ് തടഞ്ഞു. ജിബിന്റെ മിന്നുന്ന സ്‌പൈക്കുകൾ കൊച്ചിയെ സഹായിച്ചു. ഷോൺ ടി ജോൺ കാലുറപ്പിച്ചതോടെ അഹമ്മദാബാദ് കളംനിറഞ്ഞു. ജിബിന്റെ ആക്രമണം തടയാൻ കോച്ച് ഡ്രാഗൺ മിഹയ്‌ലോവിച്ച് തന്ത്രം ആവിഷ്‌കരിച്ചതോടെ കൊച്ചി മുന്നേറ്റക്കാർക്ക് അനായാസം ഷോട്ടുകൾ തൊടുക്കാൻ സാധിച്ചില്ല. ഷോണിന്റെ കൗശലപരമായ സ്‌പൈക്കുകൾ അഹമ്മദാബാദിനെ ഉയർത്തി. മിന്നുന്ന സെർവുകളുമായി സന്തോഷ് അഹമ്മദാബാദിന് നിർണായക ജയമൊരുക്കി.
കൊച്ചിയുടെ തുടർച്ചയായ ആറാം തോൽവിയാണിത്.
ഇന്ന്(തിങ്കൾ) രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് ബംഗളൂരു ടോർപിഡോസിനെയും രാത്രി 8.30ന് മുംബൈ മിറ്റിയോഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും. ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.