ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്

Newsroom

Picsart 24 03 18 01 24 03 043
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23ല്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലിനായുള്ള എലിമിനേറ്റര്‍ മത്സരം ഉറപ്പാക്കി. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫൈവിലെ അവസാന കളിയില്‍ രണ്ട് സെറ്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ തിരിച്ചുവരവ്. സ്‌കോര്‍: 16-18, 13-15, 15-11, 15-8, 15-13. അംഗമുത്തുവാണ് കളിയിലെ താരം. ആറ് പോയിന്റുമായി കാലിക്കറ്റ് ഹീറോസ് അവസാന മത്സരത്തിന് മുമ്പ് തന്നെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലില്‍ പ്രവേശിച്ചിരുന്നു. അവസാന പോയിന്റ് വരെ ആവേശം നിറഞ്ഞ മത്സരം ജയിച്ചതോടെ ബെംഗളൂര്‍ ടോര്‍പ്പിഡോസിനെ പിന്തള്ളി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സൂപ്പര്‍ ഫൈവില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൊവ്വാഴ്ച രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തൂഫാന്‍സിനെ എലിമിനേറ്ററില്‍ നേരിടും. ജയിക്കുന്ന ടീം മാര്‍ച്ച് 21ന് നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ നേരിടും.

കാലിക്കറ്റ് 24 03 18 01 23 42 215

മോഹന്‍ ഉക്രപാണ്ഡ്യന്റെ സൂപ്പര്‍ സെര്‍വിലൂടെ തുടങ്ങിയ കാലിക്കറ്റ് ഹീറോസ് തുടക്കത്തില്‍ തന്നെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ പിന്നിലാക്കി. പെറോറ്റൊയും ജെറോം വിനീതും മുന്നില്‍ നിന്ന് ആക്രമണം നടത്തിയപ്പോള്‍, മധ്യത്തില്‍ ഡാനിയല്‍ മൊയ്താസെദി അവര്‍ക്ക് വേണ്ട പന്തൊരുക്കി. ഇല്യ ബുറാവിന്റെ കിടിലന്‍ ബ്ലോക്കും അംഗമുത്തുവിന്റെ സൂപ്പര്‍ സെര്‍വുകളും അഹമ്മദാബാദിനെ സമനിലക്ക് സഹായിച്ചു. എന്നാല്‍ വികാസ് മാന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കാലിക്കറ്റ് കുതിച്ചു.

ഡാനിയലിന്റെ സൂപ്പര്‍ സെര്‍വ് അഹമ്മദാബാദിന്റെ പിന്‍നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ശിഖര്‍ സിങിന്റെ സാനിധ്യം അഹമ്മദാബാദിന്റെ പ്രതിരോധ മികവ് കൂട്ടി, അംഗമുത്തു ഫോമിലായതോടെ ഡിഫന്‍ഡേഴ്‌സ് കൂടുതല്‍ പോയിന്റ് കണ്ടെത്തി. അംഗമുത്തുവിന്റെ ശക്തമായ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ ചിതറിച്ചു. പക്ഷേ പെറോറ്റൊയും അശോകും ശക്തമായ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ പിടിച്ചുനിര്‍ത്തി. കളി നിയന്ത്രണത്തിലാക്കിയ ഹീറോസ് രണ്ടാം സെറ്റും നേടി.

പിന്നിലായെങ്കിലും അഹമ്മദാബാദ് പതറാതെ കളിച്ചു, അംഗമുത്തുവിലൂടെ അവര്‍ മൂന്നാം സെറ്റില്‍ മുന്നേറി. മത്സരത്തിന് മുമ്പ് തന്നെ ഫൈനല്‍ ഉറപ്പാക്കിയ ഹീറോസ് ബെഞ്ചിലുള്ളവരെ കൂടി കോര്‍ട്ടില്‍ പരീക്ഷിച്ചു. പക്ഷേ അത് അഹമ്മദാബാദിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കി. കാലിക്കറ്റിനായി അശോക് മികച്ച ആക്രമണം തുടര്‍ന്നുവെങ്കിലും സര്‍വീസ് പിഴവുകള്‍ ടീമിന് ബാധ്യതയായി. സൂപ്പര്‍ പോയിന്റില്‍ അശോകിന്റെ ഓവര്‍ഹിറ്റ് അഹമ്മദാബാദിനെ മുന്നിലെത്തിച്ചു, മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.

കാലിക്കറ്റ് പിഴവുകള്‍ ആവര്‍ത്തിച്ചു, താരങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം കൂടി വന്നതോടെ അഹമ്മദാബാദ് കുതിച്ചു. അംഗമുത്തുവിന്റെ ആക്രമണങ്ങളും ശിഖറിന്റെ ബ്ലോക്കുകളും ഡിഫന്‍ഡേഴ്‌സിനെ ലീഡ് നിലനിര്‍ത്താന്‍ സഹായിച്ചു. കാലിക്കറ്റില്‍ നിന്നുള്ള സര്‍വീസ് പിഴവുകള്‍ കൂടി വന്നതോടെ അഞ്ചാം സെറ്റും ആവേശകരമായ മത്സരവും അഹമ്മദാബാദ് സ്വന്തമാക്കി.