ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ലെ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് ജയം. ചൊവ്വാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു സെറ്റുകൾക്ക് പിന്നിട്ട നിന്ന ശേഷം നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോൽപ്പിക്കുകയായിരുന്നു.
സ്‌കോര്‍: 14–16, 7–15, 16–14, 15–9, 15–13. ജിഷ്ണു ആണ് കളിയിലെ താരം. സീസണിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. സൂപ്പര്‍ ഫൈവിലെ അദ്യ മത്സരത്തിൽ ടോര്‍പ്പിഡോസ് തോറ്റിരുന്നു.
സെർവീസ് ലൈനിൽനിന്നുള്ള നന്ദഗോപാലിന്റെ ആക്രണാത്മകക്കളി ബംഗളൂരു പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. അതേസമയം, തോമസ് ഹെപ്‌റ്റിൻസ്‌റ്റാൾ തകർപ്പൻ സ്‌പൈക്കുകൾ കൊണ്ട് ബംഗളൂരുവിനായി പൊരുതികൊണ്ടിരുന്നു. മാക്‌സ് സെനിക്കയുടെയും അംഗമുത്തുവിന്റെയും സ്‌മാഷുകൾ സ്‌കോർ ഒപ്പമെത്തിച്ചു. എന്നാൽ അവസാന ഘട്ടത്തിൽ ബംഗളൂരുവിന്റെ നീക്കങ്ങൾക്ക് ദിശാബോധം നഷ്ടമായതോടെ അഹമ്മദാബാദിന് തുടക്കത്തിൽതന്നെ ലീഡ് കിട്ടി.
ജിഷ്‌ണുവിന്റെ ബ്ലോക്കുകൾ ബംഗളൂരു പ്രതിരോധത്തിന് മുൻതൂക്കം നൽകി. പക്ഷേ, സേതുവിന്റെ മൂർച്ചയില്ലാത്ത സെർവുകൾ ബംഗളൂരുവിന്‌തിരിച്ചടിയായി. ഇല്യ ബുറാവുവും ശിഖർ സിങ്ങുചേർന്നുള്ള ആക്രമണം ബംഗളൂരു പ്രതിരോധത്തെ ചിതറിച്ചു. അതേസമയം, നന്ദയുടെ സൂപ്പർ സെർവ്, കളി അഹമ്മദാബാദിന്റെ വഴിക്കാക്കി. സ്വയം വരുത്തി പിഴവുകൾ ഒരിക്കൽക്കൂടി ബംഗളൂരുവിന് തിരിച്ചടിയായപ്പോൾ രണ്ടാം സെറ്റും അഹമ്മദാബാദിന്റെ കൈയിലായി.
മൂന്നാം സെറ്റിൽ പ്രതിരോധത്തിന് അത്യാവശ്യം വേണ്ട ശക്തി പകർന്നാണ് മുജീബ് എത്തിയത്. ഐബിന്റെ കിയടറ്റ സ്‌പൈക്ക് ബംഗളൂരുവിന് സൂപ്പർ പോയിന്റ് നേടിക്കൊടുത്തു. തിരിച്ചുവരവിനുള്ള വഴിയുമായി അത്. സേതുവും ആക്രമണത്തിൽ കളംപിടിച്ചു. അതിനിടെ ലിബെറൊ മിഥുനിന്റെ നിർണായക സേവ് ബംഗളൂരുവിന്റെ വീര്യം കൂട്ടി. മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.
പൗലോ ഒരുക്കിയ അവസരങ്ങളിൽ ജിഷ്‌ണു തുടർച്ചയായ ആക്രമണം നടത്തി. ഈ നീക്കം പങ്കജിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഇതിനിടയിലും ശിഖറിന്റെ ബ്ലൊക്കുകൾ അഹമ്മാബാദിനെ കളിയിൽ നിലനിർത്തി. പക്ഷേ, നന്ദയുടെ കടുത്ത ആക്രമണത്തിന് വമ്പൻ ബ്ലോക്കൊരുക്കി ജിഷ്‌ണു കളി ആവേശമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു ടീമുകളും. ഇതിനിടെ സേതുവിന്റെ തകർപ്പൻ ഷോട്ട് ബംഗളൂരുവിന് നിർണായക പോയിന്റ് നേടിക്കൊടുത്തു. അതേസമയം, അംഗമുത്തുവിന്റെ കളത്തിന് പുറത്തേക്കുള്ള അടിക്ക് വലിയ വില കൊടുക്കേണ്ടിവന്നു. ബംഗളൂരുവിന് ആവേശകരമായ ജയവും സ്വന്തമായി.
ഇന്ന് (ബുധന്‍) സൂപ്പര്‍ 5ലെ നാലാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. ഇരുടീമുകളും ആദ്യമത്സരങ്ങള്‍ ജയിച്ചിരുന്നു. നാലുപോയിന്റുമായി ഹീറോസാണ് സൂപ്പര്‍ 5 പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള ഡല്‍ഹിക്ക് മൂന്ന് പോയിന്റുണ്ട്. ലീഗ് ഘട്ടത്തില്‍ യഥാക്രമം ആദ്യ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിന് കാലിക്കറ്റിന് രണ്ട് പോയിന്റും, ഡല്‍ഹിക്ക് ഒരു പോയിന്റും ബോണസായി ലഭിച്ചിരുന്നു.