ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23 യുടെ മൂന്നാം സീസണിൽ അഹമ്മദാബാദിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ബംഗളൂരു ടോർപിഡോസ്. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 17–-15, 15–-13, 15–-13 സ്‌കോറിനാണ് ജയം. തോമസ് ഹെപ്‌റ്റിൻസ്‌റ്റാളാണ് കളിയിലെ താരം.
മുത്തുസാമിയുടെ തന്ത്രങ്ങളെ ബംഗളൂരു കൃത്യമായി മറികടന്നു. നന്ദയുടെ ആക്രമണങ്ങളെ മധ്യനിര ബ്ലോക്കർ മുജീബ് തടഞ്ഞു. സേതുവിന്റെ ആക്രമണാത്മക സെർവുകൾ അഹമ്മദാബാദിനെ പരീക്ഷിച്ചു. എന്നാൽ മാക്‌സ് സെനികയുടെ സ്‌പൈക്കുകൾ നിലവിലെ ചാമ്പ്യൻമാർക്ക് പിടിവള്ളിയായി. ശ്രജൻ ഷെട്ടിയും പൗലോ ലമൗനിയെറും ബംഗളൂരുവിന്റെ ആക്രമണങ്ങളിൽ പങ്കാളികളായി. അഹമ്മദാബാദ് പിഴവുകൾ വരുത്തി. സീസണിലെ ആദ്യ സെറ്റ് അവർക്ക് നഷ്ടമാകുകയും ചെയ്‌തു.
ബംഗളൂരുവിന്റെ നിരന്തരമായ ആക്രമണങ്ങൾ അഹമ്മദബാദിന് സമ്മർദമുണ്ടാക്കി. ഹെപ്‌റ്റിൻസ്‌റ്റാളും പങ്കജ് ശർമയ്‌ക്കും വരയ്‌ക്ക് പുറത്തുനിന്ന് ബംഗളൂരുവിനെ നിരായുധരാക്കി. നന്ദയുടെ ആക്രമണങ്ങളുടെയും മുനയൊടിച്ചു. എന്നാൽ അഹമ്മദാബാദിന്റെ ഈറ്റ അറ്റാക്കർ ഗംഭീരമായി തിരിച്ചുവന്നു. തകർപ്പൻ സെർവുകൾ കൊണ്ട് അഹമ്മദാബാദിനെ കളിയിൽ നിലനിർത്തി. എന്നാൽ ഹെപ്‌റ്റിൻസ്‌റ്റാളിന്റെ കിടയറ്റ സെർവുകൾ അഹമ്മദാബാദിനെ നിശബ്‌ദരാക്കി. ബംഗളൂരു കളിയിൽ നിയന്ത്രണം നേടുകയും ചെയ്‌തു.
അഹമ്മദാബാദ് കളി തന്ത്രം മാറ്റി. ഷോൺ ടി ജോണിനെ കൊണ്ടുവന്നു. എന്നാൽ ഹെപ്‌റ്റിൻസ്‌റ്റാളിനെ തടയാനായില്ല. കരുത്തുറ്റ സ്‌പൈക്കുകളുമായി ബംഗളൂരു താരം കളംവാണു. നന്ദയും മുത്തുവും ചേർന്ന് അഹമ്മദാബാദിന് തിരിച്ചുവരാനുള്ള അവസരമൊരുക്കിയതാണ്. എന്നാൽ കളിക്ക് ചൂടുപിടിച്ചതൊടെ വൈശാഖ് രഞ്‌ജിത് സൂപ്പർ സെർവിലൂടെ ബംഗളൂരുവിന് ത്രസിപ്പിക്കുന്ന ജയമൊരുക്കി.
ഇന്ന് ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. കളിച്ച നാല് മത്സരങ്ങളും തോറ്റ ഒരു ടീമുകൾക്കും സൂപ്പർ 5 സാധ്യത നില നിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്