ഗ്രേറ്റർ നോയിഡയിൽ നടന്ന ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ 51 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യൻ ബോക്സർ നിഖത് സരീൻ തകർപ്പൻ തിരിച്ചുവരവ് നടത്തി. ഈ വിജയത്തോടെ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അഞ്ചാം സ്വർണ്ണമാണിത്. ഫൈനൽ പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയുടെ സുവാൻ യി ഗുവോയെ വ്യക്തമായ 5–0 എന്ന വിധിയിലൂടെയാണ് നിഖാത് പരാജയപ്പെടുത്തിയത്.

സെമിഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ഗനീവ ഗുൽസെവാറിനെതിരെ നേടിയ മാസ്റ്റർക്ലാസ് വിജയം ഉൾപ്പെടെ നിഖാതിന്റെ സ്വർണ്ണത്തിലേക്കുള്ള യാത്ര വളരെ മികച്ചതായിരുന്നു.
പാരിസ് ഒളിമ്പിക്സിൽ റൗണ്ട് ഓഫ് 16-ൽ ചൈനയുടെ സ്വർണ്ണ മെഡൽ ജേതാവ് വു യുവിനോട് തോറ്റ് നിരാശയോടെ മടങ്ങിയ നിഖാതിന് ഈ വിജയം ഒരു പ്രധാന നാഴികക്കല്ലാണ്. നിഖതിനൊപ്പം മറ്റ് ഇന്ത്യൻ വനിതാ ബോക്സർമാരായ മീനാക്ഷി ഹൂഡ, പ്രീതി പവാർ, അരുന്ധതി, നുപുർ ഷിയോറാൻ എന്നിവരും സ്വർണം നേടി, ആഗോള വേദിയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.














