സൂപ്പർ ബോളിൽ 50 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കാൻസസ് സിറ്റി ചീഫ്‌സ് ജേതാക്കൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സാമ്പത്തികമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക ഇനം ആയി അറിയപ്പെടുന്ന എൻ.എഫ്.എൽ സൂപ്പർ ബോളിൽ കാൻസസ് സിറ്റി ചീഫ്‌സ് ജേതാക്കൾ. അമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും ഗംഭീരമായ കായിക ഇനം ആയ സൂപ്പർ ബോൾ സാമ്പത്തികമായി ലോകത്ത് ഫിഫ ലോകകപ്പ്, ഒളിമ്പിക്‌സ് തുടങ്ങിയവയെക്കാൾ മുകളിൽ ഒന്നാം സ്ഥാനത്ത് ആണ്. എപ്പോഴത്തെയും പോലെ പ്രമുഖരുടെ വലിയ നിര തന്നെയാണ് 54 മത്തെ സൂപ്പർ ബോൾ കാണാനും ഇത്തവണയും ഉണ്ടായിരുന്നത്. അടുത്തിടെ മരണപ്പെട്ട ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികൾ നേർന്നിട്ട് ആണ് നാഷണൽ ഫുട്‌ബോൾ ലീഗ് സൂപ്പർ ബോളിന് തുടക്കം കുറിച്ചത്. മത്സരത്തിൽ സൻഫ്രാൻസിസ്കോ 49 യേഴ്സിനെ 31 -20 എന്ന സ്കോറിന് ആണ് ചീഫ്‌സ് മറികടന്നത്. മത്സരത്തിൽ നാലാം ക്വാട്ടറിൽ വരെ 10 പോയിന്റുകൾ പിറകിൽ നിന്ന ശേഷം ആയിരുന്നു ചീഫ്‌സിന്റെ അവിസ്മരണീയമായ തിരിച്ചു വരവ്.

നാലാം ക്വാട്ടറിൽ 5 മിനിറ്റിനുള്ളിൽ നേടിയ 3 ടച്ച് ഡൗണുകൾ ആണ് ചീഫ്‌സിന് ജയം സമ്മാനിച്ചത്. ക്വാട്ടർ ബാക്ക് ആയ പാട്രിക്‌ മഹോംസിന്റെ സമാനതകളില്ലാത്ത പ്രകടനം ആണ് ചീഫ്‌സിന്റെ ജയത്തിൽ നിർണായകമായത്. കഴിഞ്ഞ വർഷം എൻ.എഫ്.എലിൽ ലീഗിലെ ഏറ്റവും മൂല്യമേറിയ താരം ആയി മാറിയ പാട്രിക്‌ ഇത്തവണ സൂപ്പർ ബോളിലെ ഏറ്റവും മൂല്യമേറിയ താരം ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി 24 കാരൻ ആയ പാട്രിക്‌. 50 വർഷങ്ങൾക്ക് ശേഷം സൂപ്പർ ബോളിന് ഇറങ്ങിയ കാൻസസ് ചീഫ്‌സ് തങ്ങളുടെ നീണ്ട കാത്തിരിപ്പ് ആണ് സൂപ്പർ ബോൾ കിരീടത്തിലൂടെ അവസാനിപ്പിച്ചത്‌. പാട്രിക്കിന്റെ സമാനതകളില്ലാത്ത പ്രകടനം തന്നെയാണ് ചീഫ്‌സ് ആരാധകരുടെ വർഷങ്ങൾ നീണ്ട വേദനാജനകമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചത്. 21 വർഷത്തെ പരിശീലന ജീവിതത്തിൽ 15 തവണ പ്ളേ ഓഫ് കളിച്ച പരിശീലകൻ ആന്റി റീഡിന്റെ ആദ്യ സൂപ്പർ ബോൾ കിരീടാനേട്ടം കൂടിയാണ് ഇത്. ചീഫ്‌സിന് ഒപ്പം റീഡിന്റെ വലിയ കാത്തിരിപ്പിനും ആണ് പാട്രിക്കിന്റെ നേതൃത്വതത്തിലുള്ള ടീം ഇന്ന് അന്ത്യം കുറിച്ചത്. പാട്രിക്കിനെ അമേരിക്കൻ ഫുട്‌ബോളിന്റെ ഭാവി എന്നാണ് റീഡ് മത്സരശേഷം വിശേഷിപ്പിച്ചത്. കാലങ്ങൾക്ക് ശേഷം കിട്ടിയ സൂപ്പർ ബോൾ കിരീടാനേട്ടത്തിന്റെ വലിയ ആഘോഷത്തിൽ ആണ് കാൻസസ് നഗരവും ആരാധകരും.