ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര മെയ് 16 ന് ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ നാലംഗ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകും. 2023 ൽ 88.67 മീറ്റർ ദൂരം എറിഞ്ഞ് ദോഹയിൽ കിരീടം നേടിയ ചോപ്ര, 2024 ൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രാനഡ), യാക്കൂബ് വാഡ്‌ലെജ്ക്ക് (ചെക്ക് റിപ്പബ്ലിക്), ജൂലിയൻ വെബർ, മാക്സ് ഡെഹ്നിംഗ് (ജർമ്മനി), ജൂലിയസ് യേഗോ (കെനിയ), റോഡറിക് ജെൻകി ഡീൻ (ജപ്പാൻ) എന്നിവരുൾപ്പെടെ ശക്തമായ എതിരാളികൾക്ക് എതിരെ ജാവലിൻ മത്സരത്തിൽ ചോപ്ര മത്സരിക്കും.

കഴിഞ്ഞ വർഷം 76.31 മീറ്റർ ദൂരത്തോടെ ഒമ്പതാം സ്ഥാനത്തെത്തിയ കിഷോർ ജെനയും ചോപ്രയ്‌ക്കൊപ്പം ചേരും.
ട്രാക്ക് ഇനങ്ങളിൽ, ദേശീയ റെക്കോർഡ് ഉടമയായ ഗുൽവീർ സിംഗ് പുരുഷന്മാരുടെ 5000 മീറ്ററിൽ ഡയമണ്ട് ലീഗിൽ അരങ്ങേറ്റം കുറിക്കും. അതേസമയം, വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ദേശീയ റെക്കോർഡ് ഉടമയായ പാറുൾ ചൗധരി മത്സരിക്കും.