അടുത്തിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കിഷോർ ജെന നീരജ് ചോപ്ര ക്ലാസിക് 2025 ജാവലിൻ ത്രോ മത്സരത്തിൽ നിന്ന് പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 2023 ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് പിന്നിൽ 87.54 മീറ്റർ ദൂരത്തോടെ വ്യക്തിഗത റെക്കോർഡ് കുറിച്ച് വെള്ളി നേടിയ 28 വയസ്സുകാരനായ ജെനയ്ക്ക്, ജൂലൈ 5-ന് ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല.

ജെനയ്ക്ക് പകരക്കാരനായി യാഷ് വീർ സിംഗിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക റാങ്കിംഗിൽ 41-ആം സ്ഥാനത്തുള്ള യാഷ് വീർ, കൊറിയയിലെ ഗുമിയിൽ നടന്ന 2025 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 82.57 മീറ്റർ ദൂരം എറിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നീരജ് ചോപ്ര, രോഹിത് യാദവ്, സച്ചിൻ യാദവ്, സാഹിൽ സിൽവാൽ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം യാഷ് വീർ ചേരും.
ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ മീറ്റായ നീരജ് ചോപ്ര ക്ലാസിക്, നീരജ് ചോപ്ര, ജെഎസ്ഡബ്ല്യു സ്പോർട്സ്, എഎഫ്ഐ, വേൾഡ് അത്ലറ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ഉയർന്ന നിലവാരമുള്ള അന്താരാഷ്ട്ര അത്ലറ്റിക്സ് ഇവന്റായിരിക്കും ഇത്.
ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയെ കൂടാതെ, ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രനേഡ), തോമസ് റോഹ്‌ലർ (ജർമ്മനി), ജൂലിയസ് യെഗോ (കെനിയ) തുടങ്ങിയ ലോക താരങ്ങളും മത്സരത്തിൽ പങ്കെടുക്കും.
സുരക്ഷാ കാരണങ്ങളാൽ മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ ഇവന്റ് ജൂലൈ 5-ലേക്ക് മാറ്റിവെക്കുകയായിരുന്നു.