ഇക്കാറസ് – കായികലോകത്തെ ഞെട്ടിച്ച മരുന്നടിയുടെ ഞെട്ടിക്കുന്ന തുറന്ന് കാണിക്കൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇക്കാറസ്‌ – അച്ഛനോടൊപ്പം അച്ഛൻ നിർമ്മിച്ച് നൽകിയ ചിറകുകളും ആയി പറക്കുമ്പോൾ അച്ഛന്റെ വാക്ക് വക വക്കാതെ സൂര്യന്റെ അടുത്തേക്ക് പറന്നു ചിറക് കരിഞ്ഞു താഴേക്ക്‌ പതിച്ച ഗ്രീക്ക് പുരണകഥയിലെ പ്രസിദ്ധമായ കഥാപാത്രം. ദുരാഗ്രഹത്തിനു, അഹങ്കാരത്തിന്, മുതിർന്നവരോടുള്ള അനുസരക്കേടിനു ഒക്കെ ഉപദേശമായി കാലങ്ങളോളം തലമുറകൾ കൈമാറിക്കൊണ്ടേയിരിക്കുന്ന കഥ. ആ കഥാപാത്രത്തിന്റെ പേര് ആണ് 2017 ൽ പുറത്ത് വന്ന തന്റെ ഡോകുമെന്ററിക്ക് പ്രസിദ്ധ അമേരിക്കൻ ഡോകുമെന്ററി സംവിധായകൻ ആയ ബ്രയാൻ ഫോഗൽ നൽകിയിരിക്കുന്നത്.

90 മത് ഓസ്കാർ വേദിയിൽ മികച്ച ഡോകുമെന്ററി ആയി അടക്കം അവാർഡുകൾ വാരിക്കൂട്ടിയ ഡോകുമെന്ററി ലോകകായിക രംഗത്തെ ഞെട്ടിച്ച റഷ്യയുടെ സർക്കാർ സഹായത്തോടെയുള്ള മരുന്നടി എങ്ങനെ പുറത്ത് വന്നു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണങ്ങൾ ആണ്. വഞ്ചന നിയമമായ ലോകത്ത് സത്യം പറയൽ എന്നത് വിപ്ലവമാണ് എന്ന ജോർജ് ഓർവല്ലിന്റെ വിഖ്യാതമായ വാചകങ്ങൾ കൊണ്ടാണ് ഡോകുമെന്ററി ചിത്രം തുടങ്ങുന്നത് തന്നെ. തുടർന്നു ചിത്രത്തിൽ ഉടനീളം സർക്കാർ എന്ന വലിയ മർദ്ദിത, എല്ലാം നിരീക്ഷിക്കുന്ന, യുദ്ധം സമാധാനം ആക്കുന്ന, അടിമത്വം സ്വാതന്ത്ര്യം ആക്കുന്ന, അറിവില്ലായ്മ ശക്തി ആവുന്ന ആ നിലനിന്ന വരാനിരിക്കുന്ന വിപത്തിനെ പറ്റി മുന്നറിയിപ്പ് തന്നെ ഓർവലിന്റെ വിഖ്യാതമായ ‘1984’ നോവൽ കടന്നു വരുന്നുണ്ട്.

ആരംഭത്തിൽ തികച്ചും വ്യക്തിപരമായ പരീക്ഷണത്തിലൂടെ ബ്രയാൻ ഫോഗൽ കായികലോകത്തെ നിലനിൽക്കുന്ന മരുന്നടിയെ പറ്റിയുള്ള ഒരു ഡോകുമെന്ററി ചിത്രം എടുക്കാൻ ഒരുങ്ങുകയും ഒടുവിൽ അത് ലോക കായിക ലോകത്തെ പിടിച്ചു കുലുക്കിയ ലോക രാഷ്ട്രീയത്തെ പറ്റി തന്നെയുള്ള വലിയ ത്രില്ലർ ആവുന്ന കാഴ്ച ആണ് ചിത്രത്തിൽ തുടർന്ന് കാണുക. റഷ്യയിൽ വാഡയുടെ (ലോക ഉദ്ദേജകമരുന്നു വിരുദ്ധ സമിതി) ലാബിലെ ഡയറക്ടർ ആയിരുന്ന ശാസ്ത്രജ്ഞൻ ഗ്രിഗറി റോഡ്ചെങ്കോവിന്റെ ജീവൻ പണയപ്പെടുത്തി നൽകിയ വിവരങ്ങൾ ആണ് ചിത്രത്തെ നയിക്കുന്നത്.

2014 മുതൽ 2016 വരെ സംഭവബഹുലം ആയ 2 വർഷങ്ങൾ ആണ് ചിത്രത്തിൽ കാണുക. സംവിധായകൻ കൂടിയായ ബ്രയാൻ ഫോഗൽ ചെറിയ നിലക്ക് സൈക്കിളിംഗ് രംഗത്ത് താല്പര്യം ഉള്ള വ്യക്തിയാണ്. അതോടൊപ്പം തന്നെ ലോക കായികലോകത്തെ ഞെട്ടിച്ച നിരവധി മരുന്നടി വിവാദങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. 7 തവണ വിഖ്യാതമായ ടൂർ ഡി ഫ്രാൻസ് ജയിച്ച ലാൻസ് ആംസ്ട്രോങ് അടക്കമുള്ള താരങ്ങൾ ഇത്രയും വർഷം 500 ലേറെ തവണ മൂത്ര/രക്തപരിശോധനക്ക് വിധേയമായിട്ടും പിടിക്കപ്പെടാതിരുന്നത് അദ്ദേഹത്തെ അത്ഭുതം കൊള്ളിക്കുന്നുണ്ട്.

അതിനാൽ തന്നെ ആംസ്ട്രോങിനെ പോലെ നിരവധി ആളുകൾ ലോക ഉത്തേജക മരുന്നടി വിരുദ്ധ സമിതിയുടെയും കായിക ഫെഡറേഷനുകളുടെയും കണ്ണിൽ പെടാതെ നടക്കുന്നത് എങ്ങനെ ആണെന്ന് സ്വയം പരീക്ഷിച്ചു നോക്കാൻ ബ്രയാൻ ഫോഗൽ തയ്യാറാവുക ആണു. ഫ്രാൻസിലെ പ്രസിദ്ധമായ ഒരു അമച്ചർ ടൂർണമെന്റിൽ മരുന്നുകളുടെ സഹായം ഇല്ലാതെ അദ്ദേഹം 14 സ്ഥാനത്ത് മത്സരം പൂർത്തിയാക്കുന്നു. തുടർന്ന് ഉത്തേജക മരുന്നു ഉപയോഗം തന്നെ എങ്ങനെ സഹായിക്കും എന്നറിയാൻ അദ്ദേഹം നിരോധിക്കപ്പെട്ട മരുന്നുകൾ ഉപയോഗിച്ച് തുടങ്ങുക ആണ്. ആദ്യം ആംസ്ട്രോങിനെ 50 തവണ പരിശോധനക്ക് വിധേയമാക്കിയ അമേരിക്കൻ ഒളിമ്പിക് ഉത്തേജക മരുന്ന് വിരുദ്ധസമിതിയിൽ ഉണ്ടായിരുന്ന ഡോൺ കാറ്റലിന്റെ സഹായത്തോടെ ബ്രയാൻ നിരോധന മരുന്നുകൾ സ്വീകരിക്കാൻ തീരുമാനിക്കുന്നു.

എന്നാൽ തന്റെ നല്ല പേരിനു കോട്ടം തട്ടും എന്ന ഭയം അദ്ദേഹത്തെ ബ്രയാനെ സഹായിക്കുന്നതിൽ നിന്ന് തടയുന്നു. വാഡ ലാബുകളിൽ തന്നെ തന്റെ പരിശോധന നടക്കേണ്ടതിനാൽ തന്നെ ബ്രയാനു വാഡ ലാബുകളിൽ ഉള്ള ആരെങ്കിലും സഹായത്തിനു വേണമായിരുന്നു. തുടർന്ന് ഡോൺ തന്നെയാണ് ബ്രയാനു റഷ്യൻ വാഡ ലാബിന്റെ തലവൻ ആയിരുന്ന ഗ്രിഗറി റോഡ്ചെങ്കോവിനെ പരിചയപ്പെടുത്തി നൽകുന്നത്.

തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ഗ്രിഗറി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് നിരോധിക്കപ്പെട്ട ഉദ്ദേജകമരുന്നുകൾ ബ്രയാൻ എടുക്കാൻ തുടങ്ങി. ഇടക്ക് അമേരിക്കയിൽ എത്തിയ ഗ്രിഗറി ബ്രയാന്റെ ദിവസേന സൂക്ഷിച്ചു വച്ച മൂത്ര/രക്ത/ശരീരര സ്രവങ്ങൾ റഷ്യയിലേക്ക് പരിശോധനക്ക് കൊണ്ട് പോവുന്നും ഉണ്ട്. എന്നാൽ ഉത്തേജക മരുന്നിന്റെ സഹായത്തോടെ മത്സരത്തിനു ഇറങ്ങിയ ബ്രയാൻ പക്ഷെ സൈക്കിളിന്റെ സാങ്കേതിക പിഴവ് കാരണം മത്സരത്തിൽ 27 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർന്ന് റഷ്യയിൽ പോയ ബ്രയാൻ റഷ്യയിലെ ലാബുകളിൽ ഒക്കെ ഗ്രിഗറിയുടെ സഹായത്തോടെ സന്ദർശനം നടത്തുന്നു. അവിടെവെച്ച് വാഡ ലാബ് തലവന്മാർ എങ്ങനെ പ്രവർത്തിക്കണം എന്നാണ് വാഡയുടെ നിർദേശങ്ങൾ എന്നു ഗ്രിഗറി ബ്രയാനു വ്യക്തമാക്കി നൽകുന്നു.

ജർമ്മൻ ടെലിവിഷൻ പുറത്ത് കൊണ്ടു വന്ന വലിയ സർക്കാർ സഹായത്തോടെ ഉള്ള മരുന്നടി ആരോപണം ശരിവച്ച വാഡ 2015 ൽ റഷ്യൻ അത്ലറ്റുകളെ വിലക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നതോടെ കായികലോകം വിവാദങ്ങൾ കൊണ്ട് നിറയുന്നു. തുടർന്ന് വലിയ മാധ്യമശ്രദ്ധ റഷ്യൻ വാഡ ലാബ് തലവൻ ആയ ഗ്രിഗറിക്ക് മേൽ ലഭിക്കുന്നു. തുടർന്ന് റഷ്യയിൽ തന്റെ ജീവൻ അപകടത്തിൽ ആവുമോ എന്ന വലിയ ഭയം ഗ്രിഗറിക്ക് മേൽ ഉണ്ടാവുന്നു. തുടർന്ന് അദ്ദേഹം അതിനകം മികച്ച വ്യക്തിബന്ധം താനുമായി ഉണ്ടാക്കിയ ബ്രയാന്റെ സഹായം തേടുന്നു. തുടർന്നു ഗ്രിഗറി തന്റെ ഭാര്യയെയും കുട്ടികളെയും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിലേക്ക് എത്തുന്നു.

ഗ്രിഗറിക്ക് സുരക്ഷിതമായ സ്ഥലത്ത് ബ്രയാൻ താമസമൊരുക്കുന്നു. തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് സർക്കാർ സഹായത്തോടെയുള്ള റഷ്യൻ ഉത്തേജകമരുന്നടിയെ കുറിച്ച് ഗ്രിഗറി ബ്രയാനു മുന്നിൽ നിരത്തുന്നത്. 1968 ഒളിമ്പിക്സ് സോവിയറ്റ് കാലം മുതൽ റഷ്യയിൽ മരുന്നടി നിലനിൽക്കുന്നത് ആയി വ്യക്തമാക്കിയ ഗ്രിഗറി 2008 ഒളിമ്പിക്സിൽ മെഡൽ നേടിയ 40 ശതമാനം റഷ്യൻ താരങ്ങളും മരുന്നടിച്ചത് ആയും 2012 ലണ്ടനിൽ ആ ശതമാനം 50 തിൽ ഏറെയാണെന്നും വ്യക്തമാക്കി.

2010 ലെ വാൻകൂവർ ശൈത്യകാല ഒളിമ്പിക്സിലെ മോശം പ്രകടനം റഷ്യൻ മരുന്നടിയെ പുതിയ തലത്തിലേക്ക് എത്തിച്ചതായി വ്യക്തമാക്കിയ ഗ്രിഗറി, 2014 റഷ്യയിൽ നടന്ന സോച്ചി ശൈത്യകാല ഒളിമ്പിക്സ് റഷ്യൻ രഹസ്യാന്വേഷണ സംഘടന ആയ കെ.ജി.ബി കൂടി ഉൾപ്പെട്ട വലിയ അട്ടിമറി ആണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി. കെ.ജി.ബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തങ്ങൾ കായികതാരങ്ങളുടെ മൂത്ര സാമ്പിളുകൾ തിരിമറി നടത്തിയത് ആയി തുറന്നു പറഞ്ഞ ഗ്രിഗറി ഇത്തരത്തിൽ ആണ് റഷ്യ ആ ഒളിമ്പിക്സിൽ ഒന്നാമത് എത്തിയത് ആണെന്ന് വ്യക്തമാക്കി. തനിക്കും റഷ്യൻ കായികമേഖലയിലെ പ്രമുഖർക്കും റഷ്യൻ കായിക മന്ത്രിമാർക്കും പുറമെ സാക്ഷാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഈ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്നു ഗ്രിഗറി തുറന്നടിച്ചു.

ജനപ്രീതി ഇടിഞ്ഞ പുടിൻ നേരിട്ട് നടത്തിയ ഓപ്പറേഷൻ ആയിരുന്നു സോച്ചിയിലേത് എന്നു വ്യക്തമാക്കിയ ഗ്രിഗറി ഒളിമ്പിക് നേട്ടം പുടിനു ജനപ്രീതി തിരിച്ചു പിടിക്കാനും തുടർന്ന് ഉക്രൈൻ ആക്രമിക്കാനും സഹായകമായി എന്നു കുമ്പസരിച്ചു. കമ്പ്യൂട്ടർ ഡോക്കുമെന്റുകൾ അടക്കം സകല തെളിവുകളും നിരത്തിയ ഗ്രിഗറി ഇതേകാര്യങ്ങൾ ന്യൂയോർക്ക് ടൈസിനോടും അമേരിക്കൻ നീതിന്യായ അധികൃതരോടും തുറന്നു പറഞ്ഞു. ഇതിനിടയിൽ റഷ്യൻ കായികലോകത്തെ ഉന്നതരിൽ ചിലർ സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ഗ്രിഗറിയെ പേടിപ്പിക്കുന്നുണ്ട്.

ന്യൂയോർക്ക് ടൈംസ് ലേഖനത്തെ തുടർന്ന് വാഡ, ഒളിമ്പിക് കമ്മിറ്റി അധികൃതർ ഗ്രിഗറിയുടെ ആരോപണങ്ങൾ അന്വേഷിക്കുന്നു. വാഡയുടെ സ്വതന്ത്ര അന്വേഷണ സംഘം ആയ മക്ലാരൻ കമ്മീഷൻ ഈ ആരോപണങ്ങൾ തുടർന്ന് ശരിയാണെന്ന് കണ്ടത്തുകയും റഷ്യൻ അത്ലറ്റുകളെ മാത്രം അല്ല എല്ലാ റഷ്യൻ കായികതാരങ്ങളെയും 2016 ലെ റിയോ ഒളിമ്പിക്സിൽ നിന്ന് വിലക്കണം എന്നും നിർദ്ദേശിക്കുന്നു. പവർ ലിഫിറ്റിംഗ്, ഫുട്‌ബോൾ, നീന്തൽ, റോവിങ് തുടങ്ങി സകല മേഖലകളിലും മരുന്നടി നടന്നു എന്ന ഗ്രിഗറിയുടെ ആരോപണം മക്ലാരൻ കമ്മീഷൻ ശരി വച്ചു.

എന്നാൽ ശക്തമായ പ്രത്യാരോപണങ്ങളും ആയി പുടിൻ അടക്കമുള്ള റഷ്യൻ അധികൃതർ രംഗത്ത് വന്നു. എല്ലാ ആരോപണവും നിഷേധിച്ച പുടിൻ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവും ആണെന്ന് ആരോപിച്ചു. റഷ്യൻ മാധമങ്ങൾ ഗ്രിഗറിയെ മാനസികവിഭ്രാന്തിയുള്ള ആളായും കള്ളം പറയുന്ന ചതിയൻ ആയും ചിത്രീകരിച്ചു. ലോകത്തിനു മുന്നിൽ പുടിനു സമീപം നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആവാത്തതിന്റെ സങ്കടം കണ്ണീരോടെ ലേഡി ബൂബ്ക സാക്ഷാൽ യേലേന ഇസിൻബയേവ വിവരിച്ചു.

എന്നാൽ ശക്തമായ തെളിവുകൾ എല്ലാം റഷ്യക്ക് എതിരായിരുന്നു. എന്നാൽ എല്ലാ റഷ്യൻ കായികതാരങ്ങളെയും വിലക്കണം എന്ന വാഡ നിർദ്ദേശം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോ പ്രസിഡന്റ് തോമസ് ബാക്കോ പരിഗണിച്ചില്ല. ട്രാക്ക് ആന്റ് ഫീൽഡിലെ അത്ലറ്റുകൾ ഒഴിച്ച് മറ്റുള്ളവർ റിയോയിൽ റഷ്യയെ പ്രതിനിധീകരിച്ചു, 2018 ലെ ഫിഫ ലോകകപ്പും റഷ്യ ആതിഥേയത്വം വഹിച്ചു.

ഇന്നും സകല ആരോപണങ്ങളും റഷ്യ നിഷേധിക്കുക ആണു. സത്യം പറഞ്ഞതിനാൽ ജീവന് ഭീഷണി ഉള്ളതിനാൽ തന്നെ റഷ്യയിൽ കഴിയുന്ന അമേരിക്കക്കാരൻ എഡ്വേഡ് സോഡനെപ്പോലെ റഷ്യക്കാരൻ ഗ്രിഗറി ഇന്ന് അമേരിക്കയിൽ സുരക്ഷിത കേന്ദ്രത്തിൽ കഴിയുക ആണ്. എന്നാൽ ഇന്നും മരുന്നടിക്കാത്ത കായികതാരങ്ങൾക്കോ ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന കോടിക്കണക്കിന് ആരാധകർക്കോ നീതി നൽകാൻ വാഡക്കോ, കായിക അധികാരികൾക്കോ ആയില്ല എന്ന പരാതിയോടെ ആണ് ചിത്രം അവസാനിക്കുന്നത്. ആരോപണവിധേയരായ പലർക്കും ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചപ്പോൾ സത്യം പുറത്ത് കൊണ്ട് വന്ന ഗ്രിഗറി ഇന്നും സ്വന്തം ജീവൻ വളർന്നു ജീവിക്കുക ആണു. ഈ ചിത്രം കണ്ട ശേഷം ഒരായിരം തവണ നാം കണ്ട പല വിജയാഘോഷങ്ങളും കള്ളം ആയിരുന്നോ എന്നു നാം അറിയാതെ ചോദിക്കും. കായികപ്രേമികൾ ആയ നാം ഇനിയും എത്രകാലം ആവും വഞ്ചിക്കപ്പെട്ടു കൊണ്ടേയിരിക്കുക?