2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 13-ാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറൻ, യുവ ഇന്ത്യൻ പ്രതിഭയായ ഡി. ഗുകേഷിനെ 69 നീക്കങ്ങൾക്ക് ശേഷം സമനിലയിൽ പിടിച്ചു. സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെൻ്റോസയിൽ നടക്കുന്ന സീരീസ് ഇപ്പോൾ ആവേശകരമായ അവസാനത്തിലെത്തി. രണ്ട് കളിക്കാരും 6.5 പോയിൻ്റ് വീതം പോയിന്റ് നേടി സമനിലയിൽ നിൽക്കുകയാണ്. ചാമ്പ്യൻഷിപ്പ് അവകാശപ്പെടാൻ ഒരു പോയിൻ്റ് മാത്രം അകലെയാണ് ഇരുവരും ഇപ്പോൾ.
ഓപ്പണിംഗ് ഗെയിം വിജയിച്ച 32 കാരനായ ചൈനീസ് ഗ്രാൻഡ്മാസ്റ്ററിന് പരമ്പരയിലുടനീളം കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 11-ാം ഗെയിമിൽ ഗുകേഷ് 6-5ന് ലീഡ് നേടിയ ശേഷം, 12-ാം ഗെയിമിലെ വിജയത്തോടെ ഡിംഗ് തിരിച്ചടിച്ചു.
14 ഗെയിമുകൾക്ക് ശേഷവും മത്സരം 7-7 എന്ന നിലയിൽ സമനിലയിൽ തുടരുകയാണെങ്കിൽ, വെള്ളിയാഴ്ച ചാമ്പ്യൻഷിപ്പ് ടൈബ്രേക്കുകളിലേക്ക് പോകും, വിജയിയെ നിർണ്ണയിക്കാൻ സമയ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന മത്സരങ്ങൾ ആകും ടൈ ബ്രേക്കറിൽ നടക്കുക.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ഗാരി കാസ്പറോവിൻ്റെ റെക്കോർഡ് തകർക്കാനാണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഗുകേഷ് ലക്ഷ്യമിടുന്നത്.