ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ടീമിനെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആതിഥേയരായ ഇന്ത്യക്ക് ഓപ്പണിലും വനിതാ വിഭാഗത്തിലും രണ്ട് ടീമുകളെ വീതം രംഗത്തിറക്കാൻ അർഹതയുണ്ട് അതിനാൽ തന്നെ വലിയ ടീമിനെ തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 20 താരങ്ങളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
2020-ലെ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ സ്വർണ്ണ മെഡലിലേക്ക് നയിച്ച വിദിത് ഗുജറാത്തി, ഇന്ത്യയെ പ്രതിനിധീകരിച്ച പെന്റല ഹരികൃഷ്ണ, ചെന്നൈ ആസ്ഥാനമായുള്ള കൃഷ്ണൻ ശശികിരൺ എന്നിവർ ഓപ്പൺ വിഭാഗത്തിലെ ഇന്ത്യയുടെ ടീമിന്റെ ഭാഗമാകും. 19 കാരനായ അർജുൻ എറിഗെയ്‌സി, എസ്‌എൽ നാരായണൻ എന്നിവരും ആദ്യ ടീമിന്റെ ഭാഗമാകും.
പ്രഗ്നാനന്ദ ആർ, നിഹാൽ സരിൻ, ഗുകേഷ് ഡി, റൗണക് സാധ്വാനി എന്നിവരുൾപ്പെട്ട യുവ പ്രതിഭകൾ ഉൾപ്പെടുന്നതാണ് രണ്ടാം ഓപ്പൺ കാറ്റഗറി ടീം.
നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള ഗ്രാൻഡ്മാസ്റ്റർമാരായ കൊനേരു ഹംപിയും ലോക പത്താം നമ്പർ താരം ഹരിക ദ്രോണവല്ലിയും ഇന്ത്യൻ വനിതാ ടീമിലുണ്ടാകും.