2018 നു ശേഷം സ്വന്തം മണ്ണിൽ ബോക്സിങ് മത്സരത്തിനു ഒരുങ്ങി ബ്രിട്ടീഷ് ബോക്സിങ് സൂപ്പർ താരം ആന്റണി ജോഷുവ. ഫുട്‌ബോൾ ക്ലബ് ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയം ആവും ആന്റണി ജോഷുവ കുബർട്ട് പുലേവ് ലോക ഹെവി വെയിറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിനു വേദിയാവുക. നിരവധി ലോക കിരീടങ്ങൾ സ്വന്തമായുള്ള ജോഷുവ രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരിച്ചു വരുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. അതേസമയം ടോട്ടൻഹാം മൈതാനത്തിലാണ് മത്സരം എന്നത് പരിഹാസങ്ങൾക്കും വിധേയമായി. സ്‌കെ സ്പോർട്സ് വാർത്ത ട്വിറ്ററിൽ പുറത്ത് വിട്ടത് അവസാനം ടോട്ടൻഹാമിൽ കിരീടങ്ങൾ കാണാം എന്ന ട്വീറ്റുമായി ആയിരുന്നു.
2008 ലീഗ് കപ്പിൽ നേടിയ ജയത്തിനു ശേഷം ഇത് വരെ കിരീടം നേടാത്ത ടോട്ടൻഹാമിനെ തുടർന്ന് പരിഹസിച്ച് നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. ഏതാണ്ട് അര നൂറ്റാണ്ടിൽ അധികമായി ലീഗ് കിരീടവും ടോട്ടൻഹാം നേടിയിട്ടില്ല. വരുന്ന പ്രീമിയർ ലീഗ് ഇടവേളയിൽ ജൂൺ 20 തിനു ആണ് മത്സരം നടക്കുക. ഇത് വരെ ടോട്ടൻഹാമിന്റെ നിരവധി ഫുട്‌ബോൾ മത്സരങ്ങൾക്ക് പുറമെ എൻ.എഫ്.എൽ മത്സരങ്ങൾക്കും ടോട്ടൻഹാം കഴിഞ്ഞ വർഷം ഉത്ഘാടനം ചെയ്ത ഹോട്സ്പർ സ്റ്റേഡിയം വേദി ആയിരുന്നു. ഈ മത്സരശേഷം ബ്രിട്ടീഷ് ലോകചാമ്പ്യന്മാർ ആയ ജോഷുവയും ടൈസൺ ഫൂറിയും തമ്മിലുള്ള ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവും ഈ വർഷം തന്നെ നടന്നേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.