ജപ്പാന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ വനിത-പുരുഷ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ വിജയം കൊയ്തപ്പോള്‍ എച്ച് എസ് പ്രണോയ്‍യ്ക്ക് മാത്രം കാലിടറി. ഇന്ന് നടന്ന മത്സരങ്ങളില്‍ പിവി സിന്ധുവും സായി പ്രണീതും തങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പ്രണോയ് ഡെന്മാര്‍ക്ക് താരത്തോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ടു. പുരുഷ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
21-13, 21-16 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിലാണ് സായി പ്രണീതിന്റെ വിജയം. ജപ്പാന്‍ താരത്തെ 45 മിനുട്ടിലാണ് പ്രണീത് പരാജയപ്പെടുത്തിയത്. അയ ഒഹോരിയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു 61 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 11-21, 21-10, 21-13 എന്ന സ്കോറിന് വിജയം കൈവരിച്ചു.
അതേ സമയം 9-21, 15-21 എന്ന സ്കോറിനാണ് റാസ്മസ് ഗെംകേയോട് പ്രണോയ് പരാജയപ്പെട്ടത്. പുരുഷ ഡബിള്‍സ് ടീം 53 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പൊരുതി വിജയം നേടിയത്. സ്കോര്‍ 15-21, 21-11, 21-19.