“ഞാന്‍ റിട്ടയര്‍ ചെയ്യുന്നു” – സിന്ധുവിന്റെ പോസ്റ്റ് ഏറ്റു പിടിച്ച് പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും

Sports Correspondent

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇന്ന് ഏവര്‍ക്കും ഒരു സന്ദേശം പിവി സിന്ധു പങ്കുവെച്ചപ്പോള്‍ അതിലെ രണ്ട് വാക്കുകളില്‍ തടഞ്ഞ് വീണ് സോഷ്യല്‍ മീഡിയയും പല മാധ്യമങ്ങളും. സിന്ധു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് “I RETIRE” എന്ന് പല പ്രമുഖ മാധ്യമങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ലോകത്തെ അറിയിച്ചുവെങ്കിലും പിന്നീടാണ് തങ്ങള്‍ക്ക് പറ്റിയ അമിളി അവര്‍ക്ക് ബോധ്യമായത്.

കൊറോണ കാലത്തെ അതിജീവിക്കുക എന്നത് ഏറെ പ്രയാസകരമായി തോന്നിയെന്നും അദൃശ്യനായ വൈറസിനെ നേരിടുവാന്‍ തനിക്ക് എങ്ങനെയെന്ന് നിശ്ചയമില്ലെന്നും പറഞ്ഞ ശേഷം ഈ അസ്ഥിരാവസ്ഥയില്‍ നിന്ന് താന്‍ റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിക്കുകയാണെന്നാണ് സിന്ധു പറഞ്ഞത്.

ഈ നെഗറ്റിവിറ്റി, ഈ പേടി, ഈ അനിശ്ചിതാവസ്ഥ ഇവയില്‍ നിന്നെല്ലാം താന്‍ റിട്ടയര്‍ ചെയ്യുകയാണെന്ന് പറഞ്ഞ സിന്ധു ആളുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊറോണയെന്ന വൈറസിനെ മറികടക്കുവാന്‍ കൂട്ടായ ശ്രമത്തിന് മുതിരാമെന്നും പറഞ്ഞു.