ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിൽ അവിശ്വസനീയമായ പോരാട്ടവീര്യവുമായി ഇന്ത്യൻ താരം പി.വി. സിന്ധു പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ജക്കാർത്തയിലെ ഇസ്തോറ സെനായൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ജപ്പാന്റെ മനമി സുയിസുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് (22-20, 21-18) പരാജയപ്പെടുത്തിയാണ് അഞ്ചാം സീഡായ സിന്ധു വിജയം കുറിച്ചത്.
53 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലെ ആദ്യ സെറ്റിൽ സിന്ധു നടത്തിയ തിരിച്ചുവരവ് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സിന്ധു ആദ്യ സെറ്റിൽ 2-11 എന്ന നിലയിൽ പിന്നിലായിരുന്നു. ഒരു ഘട്ടത്തിൽ 16-20 എന്ന സ്കോറിന് തോൽവിയുടെ വക്കിലെത്തിയ താരം, തുടർച്ചയായി ആറ് പോയിന്റുകൾ നേടിയാണ് 22-20 ന് സെറ്റ് പിടിച്ചെടുത്തത്. രണ്ടാം സെറ്റിൽ മികച്ച നിയന്ത്രണം പുലർത്തിയ സിന്ധു 21-18 ന് വിജയം ഉറപ്പിച്ചു.









