ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീം മെഡൽ കൊയ്ത് തുടരുന്നു. ട്രാപ്പ് ഇനത്തിൽ ഇന്ന് ഇന്ത്യൻ വനിതാ ടീം വെള്ളി മെഡൽ നേടി. മനീഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാർ എന്നിവർ അടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. 337 പോയിന്റ് നേടി അവർ രണ്ടാം സ്ഥാനത്തെത്തി. ക്വിംഗ്നിയൻ ലി, കുയിക്യു വു, സിൻക്വി ഷാങ് എന്നിവർ അടങ്ങിയ ചൈന 357 പോയിന്റുകൾ നേടി ലോക റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണം സ്വന്തമാക്കി. കസാക്കിസ്ഥാന് ആണ് വെങ്കലം.
വെള്ളിക്ക് ഒപ്പം ഇന്ത്യയുടെ മനീഷ വ്യക്തിഗത ഫൈനലിലേക്കും കആന്നു. പ്രീതിയും രാജേശ്വരിയും യഥാക്രമം 112, 111 പോയിന്റു നേടി എങ്കിലും വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ഹാങ്‌ഷൗ ഗെയിംസിൽ ഇന്ത്യക്ക് ഷൂട്ടിംഗിൽ ഇതോടെ 21 മെഡലുകൾ ആയി. 7 സ്വർണം, 9 വെള്ളി, 5 വെങ്കലം എന്നാണ് ഷൂട്ടിംഗിലെ ഇന്ത്യയുടെ മെഡലുകൾ. ഇന്ന് രാവിലെ പുരുഷ ട്രാപ് ഇനത്തിൽ ഇന്ത്യ സ്വർണ്ണവും നേടിയിരുന്നു.